മാമുക്കോയ, വി. ശിവൻകുട്ടി | ഫോട്ടോ: എൻ.എം. പ്രദീപ്, എം.പി. ഉണ്ണിക്കൃഷ്ണൻ | മാതൃഭൂമി
കോഴിക്കോട്: അന്തരിച്ച നടൻ മാമുക്കോയയ്ക്ക് ആദരാഞ്ജലികളർപ്പിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഗഫൂർ കാ ദോസ്ത്' എന്ന പ്രയോഗത്തെക്കുറിച്ച് അറിയാത്ത മലയാളി ഉണ്ടോയെന്നും വടക്കുനോക്കിയന്ത്രത്തിലെ സ്മൈൽ പ്ലീസ് എന്ന ഡയലോഗ് എങ്ങനെ മറക്കുമെന്നും അദ്ദേഹം ചോദിച്ചു. നിരവധി മികച്ച താരങ്ങൾക്കൊപ്പം സ്ക്രീൻ പങ്കിടുമ്പോഴും മാമുക്കോയയുടെ കൊടുക്കൽ വാങ്ങലുകൾ മനസ്സിൽ നിറഞ്ഞു നിൽക്കുമെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
വി.ശിവൻകുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
മാമുക്കോയ എന്ന അഭിനേതാവിനെ കുറിച്ച് മലയാളിക്ക് ഇനിയും വായിച്ചോ കണ്ടോ അറിയേണ്ടതില്ല, അദ്ദേഹത്തിലെ സാംസ്കാരിക നായകനെയും പുതുതായി പരിചയപ്പെടേണ്ടതില്ല. അത്രയ്ക്കും സുപരിചിതനാണ് അദ്ദേഹം മലയാളിക്ക്.
ഞാനിവിടെ പറയാൻ ആഗ്രഹിക്കുന്നത് മലയാള സിനിമയിലെ എക്കാലത്തെയും വലിയ 'തഗ്' ഡയലോഗുകൾ മലയാളിക്ക് കാഴ്ചവച്ച സുൽത്താനെ കുറിച്ചാണ്.
''ഗഫൂർ കാ ദോസ്ത്' എന്ന പ്രയോഗത്തെക്കുറിച്ച് അറിയാത്ത മലയാളി ഉണ്ടോ..! ദാസനും വിജയനും മാത്രമല്ല ''ഗഫൂർ കാ ദോസ്ത്'' പറഞ്ഞത്. നാടോടിക്കാറ്റിലെ ഗഫൂർക്കയെ കണ്ടറിഞ്ഞത് മുതൽ എല്ലാ മലയാളികളും 'ഗഫൂർ കാ ദോസ്ത്' ആണ്.
സീനിനു മുമ്പും ശേഷവും ഗൗരവക്കാരനായ വ്യക്തിയായിരുന്നു നമുക്ക് മാമുക്കോയ. എന്നാൽ സീനിൽ വന്നതിന് ശേഷം ആ സീനിലെ ഹാസ്യം മാത്രമല്ല അദ്ദേഹത്തിന്റെ തഗ് ഡയലോഗുകളും നമ്മോടൊപ്പം തിയേറ്ററിന് പുറത്തിറങ്ങും, നമ്മോടൊപ്പം സഞ്ചരിക്കും. പലപ്പോഴും ആ ഡയലോഗുകൾ സ്ക്രിപ്റ്റിൽ ഉണ്ടാകുമായിരുന്നില്ല എന്നതാണ് വാസ്തവം.
'വടക്കുനോക്കിയന്ത്രം' എന്ന സിനിമയിൽ ഏതാനും മിനിട്ടുകളെ അദ്ദേഹം സ്ക്രീനിൽ ഉള്ളൂ. എന്നാൽ ആ 'സ്മൈൽ പ്ലീസ്' നാം എങ്ങനെ മറക്കും?
നിരവധി മികച്ച താരങ്ങൾക്കൊപ്പം സ്ക്രീൻ പങ്കിടുമ്പോഴും മാമുക്കോയയുടെ കൊടുക്കൽ വാങ്ങലുകൾ മനസ്സിൽ നിറഞ്ഞു നിൽക്കും.
ആർക്കും അനുകരിക്കാൻ ആവാത്ത അഭിനയ ശൈലിയും ഡയലോഗ് ഡെലിവറിയും ആണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. 'റാംജിറാവു സ്പീക്കിംഗ്' എന്ന സിനിമയിൽ ' ബാലകൃഷ്ണാ..ഇറങ്ങി വാടാ തൊരപ്പാ' എന്നുപറയുമ്പോൾ പച്ചയായ മനുഷ്യന്റെ കോപവും സ്നേഹവും നിറഞ്ഞ സംബോധന ആണ് നമുക്ക് അനുഭവപ്പെടുന്നത്. ബാലകൃഷ്ണനെ തിരക്കി ഓഫീസിൽ കയറുമ്പോൾ ഇറങ്ങി വരുന്ന ശങ്കരാടിയോട് മാമുക്കോയ പറയുന്നുണ്ട്,' സോറി ഇങ്ങളല്ല വേറൊരു തൊരപ്പൻ ഉണ്ട്' എന്ന്.
എത്രയോ മികച്ച കഥാപാത്രങ്ങൾക്കുള്ള കരുത്ത് അദ്ദേഹത്തിന് ഉണ്ടായിരുന്നു, പെരുമഴക്കാലത്തിലേതുപോലെ.. എന്നാൽ ആ വലിയ നീതി അഭിനയ ജീവിതത്തിൽ ഈ കോഴിക്കോടൻ ശൈലിക്കാരന് ലഭിച്ചില്ല.
എങ്കിലും കുട്ടികളെയും കൗമാരക്കാരെയും യുവാക്കളെയും മധ്യവയസ്കരെയും വൃദ്ധരെയും ഒരുപോലെ രസിപ്പിച്ച ഇതിഹാസതാരം തന്നെയാണ് അദ്ദേഹം.
മാമുക്കോയ ഇനിയില്ല. എന്നാൽ അദ്ദേഹത്തിന്റെ എത്രയോ കഥാപാത്രങ്ങൾ നമുക്കൊപ്പം ഉണ്ട്.
ഞാനും 'ഗഫൂർ കാ ദോസ്ത്' ആണ്.
സങ്കടപ്പെടുന്ന ഒരു ദോസ്ത്..
ആദരാഞ്ജലികൾ...
Content Highlights: actor mamukkoya passed away, v sivankutty about mamukkoya
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..