മാമുക്കോയ, മാമുക്കോയയുടെ മകനൊപ്പം സുരേഷ് ഗോപി | photo: mathrubhumi
അന്തരിച്ച നടൻ മാമുക്കോയയുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ സുരേഷ് ഗോപി കോഴിക്കോട്ടെ വീട്ടിലെത്തി. നടൻ ജോയ് മാത്യുവും സുരേഷ് ഗോപിക്കൊപ്പം ഉണ്ടായിരുന്നു. സുരേഷ് ഗോപി എത്തുന്നതിന് കുറച്ചുമുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ മാമുക്കോയയുടെ കുടുംബത്തെ സന്ദർശിച്ച് മടങ്ങിയിരുന്നു. മാമുക്കോയയുടെ കുടുംബത്തിനൊപ്പം ഏറെ നേരം ചിലവിട്ട ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.
'സഹപ്രവർത്തകൻ എന്നതിലുപരി പ്രായ വ്യത്യാസം ഒന്നും നോക്കാതെ വളരെ നല്ല സൗഹൃദം സൂക്ഷിച്ചിരുന്നു. ഏഴെട്ട് മാസങ്ങൾക്ക് മുൻപ് കോവിഡ് വന്ന് ആരോഗ്യപ്രശ്നങ്ങൾ നേരിട്ടപ്പോൾ എന്നെ വിളിച്ച് സംസാരിച്ചിരുന്നു. അന്നാണ് അവസാനമായിട്ട് സംസാരിച്ചത്. കലാകാരൻ എന്ന നിലയ്ക്ക് എല്ലാവർക്കും അവരുടേതായ പ്രത്യേകതകളുണ്ട്. മാമുക്ക ഒരു കാലഘട്ടത്തിൽ സത്യേട്ടൻ തന്ന വരദാനം പോലെ മലയാള സിനിമയിലേയ്ക്ക് വളരെ വ്യത്യസ്തതയാർന്ന രൂപവും ഭാവവും ഭാവചലനങ്ങളും വർത്താനവും ഒക്കെയായി നിന്നു. അതിന് മുൻപ് അത്തരത്തിലൊരാൾ ഉണ്ടായിരുന്നില്ല, ഇനിയുണ്ടാകുമോയെന്ന് കാത്തിരുന്ന് അറിയണം. മാമുക്കോയയുടെ വിയോഗം വലിയൊരു നഷ്ടമാണ്. കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നു', സുരേഷ് ഗോപി പറഞ്ഞു.
ഏപ്രിൽ 26 ബുധനാഴ്ച ഉച്ചയ്ക്ക് 1.05-ന് സ്വകാര്യ ആശുപത്രിയിലായിരുന്നു മാമുക്കോയയുടെ അന്ത്യം. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്നാണ് മരണം. ബുധനാഴ്ച വൈകീട്ട് കോഴിക്കോട്ടെ ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു.
കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ വ്യാഴാഴ്ച രാവിലെ പത്തിനായിരുന്നു കബറടക്കം. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങുകൾ നടന്നത്. ഒൻപത് മണിവരെ വീട്ടിൽ പൊതുദർശനമുണ്ടായിരുന്നു.
താര സംഘടനയായ അമ്മയ്ക്ക് വേണ്ടി ഇടവേള ബാബു മാമുക്കോയയുടെ വീട്ടിൽ എത്തി അന്തിമോപചാരം അർപ്പിച്ചു. നടൻ ജോജു ജോർജ്, ഇർഷാദ്, നിർമാതാവ് ആര്യാടൻ ഷൗക്കത്ത്, മന്ത്രി അഹമ്മദ് ദേവർകോവിൽ തുടങ്ങിയവരും വീട്ടിൽ എത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു.
Content Highlights: actor mamukkoya passed away suresh gopi visits mamukoya's home


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..