പരിപാടിയിൽ നിന്നുള്ള ചിതം | PHOTO: SPECIAL ARRANGEMENTS
പ്രിയതാരത്തെ ഒരു നോക്ക് കാണാനും അൽപ സമയം അടുത്ത് ഇടപെഴകാനുമുള്ള ഗോത്ര വിഭാഗത്തിലെ അറുപത് കുട്ടികളുടെ ആഗ്രഹം സഫലീകരിച്ച് നടൻ മമ്മൂട്ടി. വയനാട്ടിലെ ഗോത്ര വിഭാഗത്തിലെ കുട്ടികൾക്കാണ് അവരുടെ പ്രിയപ്പെട്ട മമ്മൂക്കക്കൊപ്പം അടിച്ചു പൊളിക്കാനുള്ള അവസരം ലഭിച്ചത്.
ഇന്ത്യൻ കായിക രംഗത്തെ പ്രഗത്ഭ മലയാളി യുവതാരങ്ങൾ ചേർന്ന് ആരംഭിച്ച 13th ഫൗണ്ടേഷനും മമ്മൂട്ടിയുടെ കെയർ ആൻ്റ് ഷെയർ ഇൻ്റർനാഷണൽ ഫൗണ്ടേഷനും ചേർന്ന് F13 അക്കാദമിയുടെ സഹായത്താൽ ആവിഷ്കരിച്ച ആട്ടക്കള പരിപാടിക്കാണ് ചൊവ്വാഴ്ച ഏലൂർ ഗ്രൗണ്ടിൽ തുടക്കമായത്. കുട്ടികളിലെ ലഹരി ഉപയോഗം തടയാൻ അവരെ ഫുട്ബോൾ കളിയിലേക്ക് തിരിച്ചുവിടുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഗോത്ര വർഗ സമൂഹത്തിൽ നിന്നും കൂടുതൽ ഫുട്ബോൾ താരങ്ങളെ വാർത്തെടുക്കുന്നതും അതുവഴി ആ സമൂഹത്തിലെ കുട്ടികൾ ലഹരി ഉപയോഗത്തിലേക്ക് തിരിയുന്നത് തടയുവാനും പദ്ധതി ലക്ഷ്യമിടുന്നു.
ഇന്ത്യൻ ഫുട്ബോൾ താരങ്ങളായ സി.കെ.വിനീത്, റിനോ ആന്റോ, മുഹമ്മദ് റാഫി, അനസ് എടത്തൊടിക, എൻ. പി പ്രദീപ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിക്കുന്ന 13th ഫൗണ്ടേഷനിലൂടെ ആണ് ആദിവാസി കുട്ടികളിലെ ഫുട്ബോൾ പരിശീലനം സാധ്യമാക്കുന്നത്. ഫൗണ്ടേഷന്റെ ഉദ്ഘാടനവും കുട്ടികൾക്കായുള്ള ഫുട്ബോൾ പരിശീലനത്തിന്റെ ഔദ്യോഗിക തുടക്കവും മമ്മൂട്ടി നിർവഹിച്ചു.

വിനീഷ്, സതീഷ്, ചിഞ്ജിത് എന്നിവർ മമ്മൂട്ടിയിൽ നിന്ന് ഫുട്ബോൾ ഏറ്റുവാങ്ങി. കൊച്ചി സിറ്റി അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് പി. രാജ്കുമാർ പരിപാടിയിൽ പങ്കെടുത്തു. മമ്മൂട്ടിയുടെ തന്നെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ 13th ഫൗണ്ടേഷൻ ഡയറക്ടർ സി.കെ വിനീത്, F13 അക്കാദമി ഡയറക്ടർമാരായ റിനോ ആന്റോ, അനസ് എടത്തൊടിക, മുഹമ്മദ് റാഫി, എൻ. പി പ്രദീപ്, അരുൺ അരവിന്ദാക്ഷൻ എന്നിവരും കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, ഡയറക്ടർമാരായ ജോർജ് സെബാസ്റ്റ്യൻ, റോബർട്ട് കുര്യാക്കോസ്, രാജഗിരി ആശുപത്രി റിലേഷൻ ജനറൽ മാനേജർ ജോസ് പോൾ, ബാബു തൊട്ടുങ്ങൽ, മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ സംസ്ഥാന രക്ഷാധികാരി ഭാസ്‌ക്കർ എന്നിവരും പങ്കെടുത്തു.
കുട്ടികളോടൊപ്പം കുറച്ചധികം സമയം ചെലവഴിക്കാനും തമാശകളും പൊട്ടിച്ചിരികളുമായി കുട്ടികളെ ആനന്ദഭരിതമാക്കാനും മമ്മൂട്ടി മറന്നില്ല. തങ്ങൾ ആരാധിക്കുന്ന താരത്തെ അടുത്ത കിട്ടിയ സന്തോഷത്തിൽ കുട്ടികൾ മതി മറന്നു. ലഹരിക്കെതിരെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ 'പൂർവികം', 'വഴികാട്ടി' പദ്ധതികളിൽ നിന്നും വ്യത്യസ്തവും പുതുമയാർന്നതുമായ ഒരു സംരംഭമാണ് 'ആട്ടക്കള' എന്നും ഉദ്ഘാടനത്തോടൊപ്പം മമ്മൂട്ടി പറഞ്ഞു.
'ഏറെ കായിക ക്ഷമതയുള്ളവരാണ് ആദിവാസി വിഭാഗങ്ങളിലുള്ള കുട്ടികള്‍. എന്നാൽ മറ്റുള്ളവർക്കുള്ള സൗകര്യങ്ങളും അവസരങ്ങളും ഇന്നും അവർക്ക് അപ്രാപ്യമാണ്. 13th ഫൗണ്ടേഷനും കെയർ ആൻഡ് ഷെയറും ചേർന്ന് ആട്ടക്കള’ എന്ന പദ്ധതി അവർക്ക് മുന്നിൽ തുറന്നുവയ്ക്കുന്നത് അവസരങ്ങളുടെ വാതിലുകളാണ്. അന്താരാഷ്‌ട്ര നിലവാരമുള്ള അടിസ്ഥാന സൗകര്യ വികസനം, മികച്ച കോച്ചുമാർക്ക് കീഴിൽ അത്യാധുനിക രീതികളിലുള്ള പരീശിലനം, വ്യക്തിത്വ വികസനം, പോഷകാഹാരത്തിന്റെ ലഭ്യത തുടങ്ങി ഒരു കുട്ടിയുടെ സമഗ്ര വികസനത്തിന് വേണ്ടതായ ഒട്ടേറെ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്', മമ്മൂട്ടി കൂട്ടിച്ചേർത്തു.
Content Highlights: actor mammootty attakkala project started


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..