കരാറുകാരെ കൂട്ടി എംഎല്‍എമാര്‍ തന്നെ കാണാന്‍ വരരുതെന്ന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിലപാടിനെ പിന്തുണച്ച് നടി മല്ലികാ സുകുമാരന്‍. ഇങ്ങനെയുള്ള ഭരണാധികാരികളോട് സ്‌നേഹവും ബഹുമാനവും തോന്നുന്നുവെന്നും അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും മല്ലിക സുകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മല്ലികാ സുകുമാരന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം 

ഞാന്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകയല്ല..നല്ലതെന്നു തോന്നുന്ന, ആലോചിച്ച് എടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുക.. ജനഹിതം അനുസരിച്ച് നിര്‍ഭയം അവ നടപ്പിലാക്കുക.... അങ്ങനെയുള്ള ഭരണാധികാരികളോടാണ് പഴയ തലമുറക്കാരിയായ എന്നെപ്പോലെയുള്ള മുതിര്‍ന്നവര്‍ക്ക് സ്നേഹവും ആദരവും ... ഈ യുവ മന്ത്രിയുടെ വാക്കുകളില്‍ ഇടതു മുന്നണിക്കും അഭിമാനിക്കാം.... അഭിനന്ദനങ്ങള്‍ ശ്രീ.മൊഹമ്മദ് റിയാസ്...

കരാറുകാരെ കൂട്ടി, അല്ലെങ്കില്‍ കരാറുകാര്‍ എംഎല്‍എമാരുടെ ശുപാര്‍ശയില്‍ മന്ത്രിയുടെ അടുത്ത് വരുന്ന ഒരു സ്ഥിതി ഉണ്ടാകാന്‍ പാടില്ല. അങ്ങനെ വന്നാല്‍ അത് ഭാവിയില്‍ പല രീതിയിലേക്കും ദോഷത്തിന് കാരണമാകും എന്നായിരുന്നു കഴിഞ്ഞ 7ാം തീയതി നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മന്ത്രി പറഞ്ഞത്. മന്ത്രിയുടെ പരാമര്‍ശം ജനപ്രതിനിധികളെപ്പറ്റി ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ചിലര്‍ രംഗത്ത് വന്നു.

അതേ സമയം എംഎല്‍എമാരെ കൂട്ടി കരാറുകാര്‍ കാണാന്‍ വരുന്നതുമായി ബന്ധപ്പെട്ട് തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ഒരടി പിന്നോട്ടില്ലെന്നും റിയാസ് വ്യക്തമാക്കി. നിയമസഭയില്‍ താന്‍ നടത്തിയ പ്രസംഗം ഇടതുമുന്നണിയുടെ നിലപാടാണെന്നും അത് പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 

കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നത് വസ്തുതയാണെന്നും മന്ത്രി പറഞ്ഞു. എംഎല്‍എമാര്‍ വരേണ്ടതില്ലെന്ന് പറഞ്ഞത് മറ്റ് മണ്ഡലങ്ങളിലെ കരാറുകാരേയും കൂട്ടി വരുന്നതിനെക്കുറിച്ചാണ്. സ്വന്തം മണ്ഡലത്തിലെ എംഎല്‍എമാരുമായി കരാറുകാര്‍ വരുന്നതില്‍ തെറ്റില്ല. ചില എം.എല്‍.എമാര്‍ മറ്റ് മണ്ഡലങ്ങളില്‍ ഇടപെടുന്നുവെന്നും മന്ത്രി പറഞ്ഞു.

Content Highlights: Actor Mallika Sukumaran appreciate mohammed riyas minister over recommendation remark