ലുക്മാൻ തന്റെ വാർഡിലെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ (ചിത്രത്തിൽ കറുത്ത ടി ഷർട്ടിട്ട ആൾ)
ചങ്ങരംകുളം (മലപ്പുറം) : ‘ ബ്ലോക്ക് ചെയ്യപ്പെട്ടവരെ ജീവിതത്തിൽ വിജയിച്ചിട്ടുള്ളൂ...’ അടുത്തിടെ കേരളക്കരയിലാകമാനം ചർച്ചാവിഷയമായ ‘ ഓപ്പറേഷൻ ജാവ’ എന്ന സിനിമയിലെ ഈ സംഭാഷണം ആരും മറന്നുകാണില്ല.
സൈബർ സെല്ലിൽ സ്വജീവൻപോലും പണയംവെച്ച് ജോലിചെയ്ത് ഒടുവിൽ കറിവേപ്പില പോലെ വലിച്ചെറിയപ്പെട്ടപ്പോൾ മുഖ്യകഥാപാത്രം പറയുന്ന ഈ വാക്കുകൾ കേരളത്തിലെ ഒട്ടേറെ തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ മനസ്സിലെ വികാരമായിരുന്നു. ഈ കഥാപാത്രത്തെ ജീവസ്സുറ്റതാക്കിയ നടൻ ലുക്മാൻ കോവിഡിന്റെ രണ്ടാംതരംഗത്തിൽ സിനിമാതാരത്തിന്റെ പകിട്ടെല്ലാം മാറ്റിവെച്ച് സ്വന്തം നാട്ടിലെ കോവിഡ് പോരാളിയാവുകയാണ്.
സപ്തമശ്രീതസ്കര, കെ.എൽ.10, സുഡാനി ഫ്രം നൈജീരിയ, ഗോദ, അജഗജാന്തരം, ഓപ്പറേഷൻ ജാവ തുടങ്ങി സിനിമകളിലൂടെ മലയാളികളുടെ മനസ്സിലിടംനേടിയ ഈ താരത്തിന് ഇപ്പോൾ അഭിനയത്തെക്കാൾ പ്രധാനം ജീവനുവേണ്ടി പോരാടുന്ന സഹജീവികളെ സേവിക്കലാണ്. സ്വന്തം വാർഡിലും തൊട്ടടുത്ത വാർഡിലും രോഗംമൂലം വലയുന്നവർക്ക് മരുന്നും ഭക്ഷണവും എത്തിക്കുക, വീടുകളിൽ അണുനശീകരണം നടത്തുക, പട്ടിണിയിലായവർക്ക് ഭക്ഷണകിറ്റ് എത്തിക്കുക എന്നിവയെല്ലാം ലുക്മാന്റെ നേതൃത്വത്തിൽ നടക്കുന്നു.
വാർഡിലെ ആർ.ആർ.ടി.യായി കോവിഡിന്റെ ദുരിതം പേറുന്നവർക്ക് സഹായമെത്തിക്കാനായി സ്വന്തം ക്ലബ്ബായ സൂര്യയിലെ കൂട്ടുകാർക്കൊപ്പമുള്ള ഓട്ടത്തിൽ ആരും തന്നെ സിനിമാതാരമായി കാണല്ലേ എന്നാണ് ഈ യുവാവിന്റെ അഭ്യർഥന. ആലങ്കോട് ഗ്രാമപ്പഞ്ചായത്തിലെ ഉദിനുപ്പറമ്പ് കൊളാടിക്കൽ അവറാന്റെയും ഹലീമയുടെയും മകനാണ് 30 കാരനായ ലുക്മാൻ. ക്ലബ്ബിന്റെ വാട്സാപ്പ് വഴി പ്രവാസി സുഹൃത്തുക്കളിൽ നിന്നടക്കം പണം ശേഖരിച്ചാണ് കഷ്ടപ്പെടുന്ന പലർക്കും ആരുംകാണാതെ ഇവർ കിറ്റുകൾ എത്തിക്കുന്നത്. എൻജിനിയറിങ് പഠനം പൂർത്തിയാക്കിയതിനുശേഷമാണ് സിനിമാ മേഖലയിലെത്തിയത്. പുറത്തിറങ്ങാനിരിക്കുന്ന ആനപ്പറമ്പിലെ ആറാട്ട്, വേൾഡ് കപ്പ്, നാരദൻ തുടങ്ങിയ സിനിമകളുടെ ജോലികൾ തീർത്താണ് ലുക്മാൻ ജനസേവനത്തിനിറങ്ങിയത്.
content highlights : actor lukman lukku as front line worker covid warrior
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..