പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് നടൻ കൃഷ്ണകുമാർ. അദ്ദേഹം ഒരു വ്യക്തിയല്ല പ്രസ്ഥാനമാണെന്നും നടൻ പറയുന്നു. ബി ജെ പി നേതാവ് എ.എന്‍ രാധാകൃഷ്ണനുമൊത്ത് ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിനിടെയാണ് നടൻ ഇക്കാര്യം പറഞ്ഞത്.

'പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് ഒറ്റവാക്കിൽ പറയാൻ പറ്റില്ലല്ലോ. അദ്ദേഹം എന്നാൽ ഒരു വ്യക്തിയല്ലല്ലോ. പ്രസ്ഥാനമല്ലേ. അങ്ങനെ പറയാൻ പല കാരണങ്ങളുമുണ്ട്. എവിടെയോ ഇന്ത്യ കൈവിട്ടു പോകുന്നു എന്ന അവസ്ഥയിലാണ് 2014ൽ അദ്ദേഹത്തിന്റെ വരവ്. ചെറിയ കാര്യങ്ങളിൽ പോലും അതീവ ശ്രദ്ധാലുവാണ് അദ്ദേഹം.

സ്വാതന്ത്ര്യ ദിനത്തിൽ അദ്ദേഹം പ്രഖ്യാപിച്ച ഒരു കാര്യമുണ്ട്. സ്ത്രീകളുടെ ആർത്തവവുമായി ബന്ധപ്പെട്ട്‌. ഒരു പാഡിന് ഒരു രൂപ നിരക്കിൽ പത്തു പാഡ് പത്തുരൂപയ്ക്ക് ലഭ്യമാകുമെന്ന്. ഞാൻ ഒരു സ്ത്രീ സമൂഹത്തിൽ ജീവിക്കുന്നയാളാണ്. അഞ്ചു സ്ത്രീകൾക്കൊപ്പമാണ് ഞാൻ ജീവിക്കുന്നത്. അവർക്കിടയിൽ അതിന്റെ പ്രാധാന്യം എനിക്കറിയാം. ഇതേ ആർത്തവത്തെ മോശമാക്കി ചിത്രീകരിച്ചാണ് അടുത്ത കാലത്ത് കേരളത്തിൽ ഒരു സംഭവമുണ്ടായത്. ഉൾനാടുകളിൽ പോലും ഒരുപാട് സ്ത്രീകൾ ബുദ്ധിമുട്ടനുഭവിക്കുന്ന ഈ പ്രശ്നത്തിന് പരിഹാരം കാണാൻ അദ്ദേഹം ശ്രമിക്കുന്നുണ്ടെങ്കിൽ പ്രധാനമന്ത്രിയോടു എങ്ങനെ നന്ദി പറയണമെന്നറിയില്ല.

കശ്മീർ ഇന്ന് ഇന്ത്യയുടെ ഭാഗമാണെന്ന് അഭിമാനപൂർവം പറയാം. അതിനു കാരണമായതും അസാധാരണമായ സർക്കാർ നിലവിൽ വന്നതിനാലാണ്.' നടൻ പറയുന്നു.

മകളും നടിയുമായ അഹാന കൃഷ്ണകുമാറിന്റെ സോഷ്യൽമീഡിയ പോസ്റ്റ് വിവാദമായതിനെക്കുറിച്ചും നടൻ പ്രതികരിച്ചു. 'നെഗറ്റീവ് കമന്റുകൾ പലപ്പോഴും ബുദ്ധിമുട്ടിക്കും. മൂന്നൂറ് പേരായിരിക്കും കമന്റ് ചെയ്യുന്നത്. അത് ഒരു ലക്ഷം പേരുടെ ശബ്ദമുണ്ടാക്കും. അതാണ് ആ സംഭവത്തിലും നടന്നത്. അഹാനയ്ക്കെതിരെ മാത്രമല്ല, എന്റെ മറ്റ് മക്കൾക്ക് നേരെയും ആക്രമണം ഉണ്ടായി. സ്ത്രീകളുടെ വായടപ്പിക്കുന്ന പരിപാടിയാണ്. കാലം മാറിയെന്നത് ഈ വിഭാഗത്തിന് മനസ്സിലായിട്ടില്ല. സംഭവത്തിനു ശേഷം വി മുരളീധരൻ ഞങ്ങള വിളിച്ച് ആശ്വസിപ്പിച്ചിരുന്നു. ചെറിയൊരു ഫോൺകോൾ ആണെങ്കിലും അത് നമുക്കു തരുന്നൊരു ധൈര്യമുണ്ട്.

അവൾ ചെയ്തത് തെറ്റാണെന്ന് ഞാൻ ഒരിക്കലും പറയില്ല. ശരിയാണ് അവൾ ചെയ്തത്. എന്നാൽ കേരളത്തിൽ ജീവിക്കുമ്പോൾ പബ്ലിക്കിനു മുന്നിൽ എഴുതാൻ പാടില്ലാത്ത രണ്ടു കാര്യങ്ങളുണ്ട്. ഒന്ന് മതവും മറ്റേത് രാഷ്ട്രീയവുമാണ്. ആരെയും ഭയന്നിട്ടല്ല. തത്‌കാലം ഇതു രണ്ടും നമ്മൾ മാറ്റിവെയ്ക്കുക. അല്ലെങ്കിൽ ഒരു രാഷ്ട്രീയ പാർട്ടിയിൽ അംഗത്വമെടുത്ത് പറായനുള്ളത് തുറന്നു പറയുക. അതല്ല, സിനിമയിൽ നിൽക്കാനാണെങ്കിൽ മറ്റെല്ലാ കാര്യങ്ങളിൽ നിന്നും മാറിനിൽക്കുക. കാരണം കേരളത്തിലെ സിനിമ മറ്റൊരു ലോകമാണ്.' കൃഷ്ണകുമാർ പറയുന്നു.

 


Content Highlights :actor krishnakumar fb live with bjp leader n radhakrishnan about narendra modi viral ahaana facebook post