കൊല്ലം സുധി, സുധിയുടെ മൃതദേഹം പൊങ്ങന്താനം യു.പി.സ്‌കൂളിൽ പൊതുദർശനത്തിന് വെച്ചശേഷം എടുത്തപ്പോൾ വിട നൽകുന്ന ഭാര്യ രേണു
വാകത്താനം(കോട്ടയം): എന്നും ചിരിച്ചുകൊണ്ട് ഈ വഴികളിലൂടെ നടന്നുപോയ സുധി നിശ്ശബ്ദം അവർക്കിടയിൽ കിടന്നു. ആ വാക്കുകൾ കേട്ട് ചിരിച്ചിട്ടുള്ളവർ നിറമിഴിയോടെ നിന്നു. ഒന്നിച്ച് വേദികൾ പങ്കിട്ടവർ കൂട്ടുകാരന്റെ നിശ്ശബ്ദത താങ്ങാനാവാതെ തലതാഴ്ത്തി. വാഹനാപകടത്തിൽ മരിച്ച നടൻ കൊല്ലം സുധിക്ക് കോട്ടയം വാകത്താനത്തെ പൊങ്ങന്താനം ഗ്രാമം വിടയേകി.
അവസാന ഷോയിലും സുധിക്കൊപ്പമുണ്ടായിരുന്ന താരങ്ങളിൽ പലരും അന്ത്യയാത്രയിൽ അദ്ദേഹത്തെ ഒരുനോക്ക് കാണാനെത്തി. സുധി ഹൃദയങ്ങളിൽ ഒരു നിർമലമായ ചിരിയായി എന്നും നിൽക്കുമെന്ന് അവർ പറഞ്ഞു.
‘വടകരയിൽ സുധിക്കൊപ്പം അവസാനനിമിഷംവരെ ഉണ്ടായി. ഷോ കഴിഞ്ഞ് രണ്ട് വണ്ടികളിലായാണ് ഞങ്ങൾ പിരിഞ്ഞത്. ഈ വേർപാട് താങ്ങാനാവുന്നില്ല,’-സുഹൃത്തായ കലാഭവൻ പ്രജോദിന്റെ വാക്കുകളിൽ സഹപ്രവർത്തകരുടെ മുഴുവൻ വികാരമുണ്ടായിരുന്നു.
.jpg?$p=ea79d92&&q=0.8)
എല്ലാ അയൽവീടുകളിലെയും ചടങ്ങുകളിൽ എന്നും മുഖ്യാതിഥിയായിരുന്ന ഈ കലാകാരന്റെ ഓർമകൾക്ക് മുൻപിൽ പൂക്കളുമായി പൊങ്ങന്താനം പന്തിരുപറ ഗ്രാമം കാത്തുനിന്നിരുന്നു. വാടകവീട്ടിലെ അന്ത്യപ്രാർഥന പൂർത്തിയാക്കി പൊതുദർശനത്തിന് പുറത്തേക്കെടുക്കുമ്പോഴും ആരാധകരുടെ വരവൊഴിഞ്ഞില്ല. പൊങ്ങന്താനം യു.പി.സ്‌കൂൾ, വാകത്താനം സെയ്‌ന്റ് മാത്യൂസ് ക്നാനായ പള്ളി പാരീഷ് ഹാൾ എന്നിവിടങ്ങളിലായിരുന്നു പൊതുദർശനം. രാഷ്ട്രീയ, സാംസ്കാരിക, കലാരംഗത്തെ പ്രമുഖരും അന്ത്യാഞ്ജലിയർപ്പിച്ചു.
സഹപ്രവർത്തകരായ കലാഭവൻ പ്രജോദ്, സാജു നവോദയ, കലാഭവൻ നിയാസ് ബെക്കർ, അലക്സ് കോട്ടയം, തങ്കച്ചൻ വിതുര, ശ്രീവിദ്യ, ഐശ്വര്യ, നെൽസൺ ശൂരനാട്, പ്രശാന്ത് അലക്സാണ്ടർ എന്നിവർ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു. റീഫോമ്ഡ് ചർച്ച് ഓഫ് ഇന്ത്യ(ആർ.സി.ഐ.)യുടെ തോട്ടയ്ക്കാട് സെമിത്തേരിയിലായിരുന്നു സംസ്കാരം.
Content Highlights: actor kollam sudhi passed away funeral of actor kollam sudhi


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..