വിനോദ് കോവൂർ, കൊല്ലം സുധി | ഫോട്ടോ: www.facebook.com/actorvinodkovoor, www.facebook.com/kollam.sudhi.1
കോഴിക്കോട്: അന്തരിച്ച നടനും മിമിക്രി താരവുമായിരുന്ന കൊല്ലം സുധിയെ അനുസ്മരിച്ച് നടൻ വിനോദ് കോവൂർ. സുധിയുടെ മരണം വിശ്വസിക്കാനാവുന്നില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. കഴിഞ്ഞദിവസം രാത്രി പത്തുമണിയോടെ വടകരയിൽ നിന്ന് പുറപ്പെട്ടതാണ് സുധിയും ബിനു അടിമാലിയും. അത് മരണത്തിലേക്കുള്ള യാത്രയായിരുന്നോ എന്നാണ് വിനോദ് കോവൂർ ചോദിച്ചത്.
'ഇന്നലെ ഇത്തിരി നേരം കൊണ്ട് ഒത്തിരി തമാശകൾ പറഞ്ഞ് കാണികളെയെല്ലാം ചിരിപ്പിച്ച് ചിന്തിപ്പിച്ച് സന്തോഷത്തോടെ തന്റെ ഫോട്ടോ പതിപ്പിച്ച ഉപഹാരവും വാങ്ങി ബിനു അടിമാലി ക്കൊപ്പം യാത്രപുറപ്പെട്ടതാണ്. നടൻ ജഗദീഷിനേയും സുരേഷ് ഗോപിയേയും അനുകരിച്ചാണ് ഇന്നലെ സുധി കൈയ്യടി വാങ്ങിയത്. സുരേഷ് ഗോപിയെ അനുകരിക്കുമ്പോൾ ആരും എന്റെ മുഖത്തേക്ക് നോക്കരുത് ഡയലോഗിൽ മാത്രമേ ശ്രദ്ധിക്കാവു എന്ന് പറഞ്ഞപ്പോൾ സദസ് മുഴുവൻ ചിരിച്ചു കൈയ്യടിച്ചു.' വിനോദ് കോവൂർ എഴുതി.
സ്റ്റാർ മാജിക്ക് ഷോയിലൂടെ മലയാളികളുടെ പ്രിയ താരമായ് മാറി കൊണ്ടിരിക്കുമ്പോഴാണ് ഈ ദുർവിധി അപകടരൂപത്തിൽ വന്നത്. പുലർച്ചെ നേരമായത് കൊണ്ട് വണ്ടി ഓടിച്ചയാൾ ഒന്ന് മയങ്ങിയതാവാം അപകടകാരണമെന്ന് അനുമാനിക്കാം. ബിനു അടിമാലിയാണ് സുധിയെ സ്റ്റേജിലേക്ക് സ്വാഗതം ചെയ്തത്. നീല ജുബ്ബയുമിട്ട് സ്‌റ്റേജിലേക്ക് കൈകൂപ്പി ചിരിച്ച് കൊണ്ട് കയറി വന്നിട്ട് ആദ്യം പറഞ്ഞത്. ഈ ബിനു അടിമാലി എന്നെ എന്തിനാ ഇങ്ങോട്ട് വിളിച്ചതെന്നറിയോ. അവന് കൗണ്ടർ പറയണമെങ്കിൽ ഞാൻ വേണം. പിന്നീടങ്ങോട്ട് കൗണ്ടറുകൾ തന്നെയായിരുന്നു. വിധിയുടെ വൈപരീത്യം, രംഗബോധമില്ലാത്ത കോമാളി വന്ന് സുധിയെ തട്ടിക്കൊണ്ടുപോയി. വല്ലാത്ത ഒരു പോക്കായി പോയി സുധീ. തൃശൂർ വരെ കാറിൽ ഇരുന്ന് നിങ്ങൾ പറഞ്ഞ തമാശകൾ എന്തെല്ലാമായിരിക്കും. എല്ലാം തമാശക്കാരല്ലേ ഒരുപാട് ചിരിച്ച് കാണും ഒടുവിൽ കരയാനായി എന്നും വിനോദ് കോവൂർ കൂട്ടിച്ചേർത്തു.

തിങ്കളാഴ്ച പുലർച്ചെ നാലരയോടെ തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം. വടകരയിൽ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. അദ്ദേഹം സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടൻ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Content Highlights: actor kollam sudhi passed away, actor vinod kovoor remembering kollam sudhi, car accident death
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..