ഉല്ലാസ് പന്തളം, കൊല്ലം സുധി
കാറപകടത്തില്‍ മരിച്ച നടന്‍ കൊല്ലം സുധിയുടെ ഓര്‍മകള്‍ പങ്കുവച്ച് നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളം. ഇരുവരും ദീര്‍ഘകാലങ്ങളായി അടുത്ത സുഹൃത്തുക്കളാണ്. ഒട്ടേറെ ഷോകള്‍ ഒരുമിച്ച് ചെയ്തിട്ടുണ്ട്.
രാവിലെ ഞാന്‍ ഒരു ഫോള്‍ കോള്‍ കേട്ടാണ് ഉറക്കം ഉണര്‍ന്നത്. സുധി പോയി എന്ന അലര്‍ച്ചയാണ് മറുതലയ്ക്കല്‍ നിന്ന് കേട്ടത്. അപ്പോഴേക്കും എന്റെ ശരീരം തളര്‍ന്നുപോയി. ഞാനും കൂടി പോകേണ്ടിയിരുന്ന ഷോ ആയിരുന്നു. കഴിഞ്ഞ ഒന്നാം തിയ്യതി ഞങ്ങള്‍ ഒരുമിച്ച് കൂടിയിരുന്നു. അന്ന് മുറിയിലിരുന്ന് ഒരുപാട് കരഞ്ഞു. ഒരുപാട് കഷ്ടപ്പാട് അനുഭവിച്ച കലാകാരനാണ്. ഒരു വീടുവെയ്ക്കണമെന്നായിരുന്നു സുധിയുടെ ഏറ്റവും വലിയ മോഹം. അന്ന് ഞങ്ങള്‍ എല്ലാം ശരിയാകുമെന്ന് പറഞ്ഞ് അദ്ദേഹത്തെ ആശ്വസിപ്പിച്ച് വിട്ടതാണ്. എനിക്ക് സങ്കടം സഹിക്കാന്‍ പറ്റാത്ത അവസ്ഥയായി. സുധി ഒരു പാവമായിരുന്നു. നിഷ്‌കളങ്കനായ കലാകാരനായിരുന്നു.- ഉല്ലാസ് പന്തളം പറഞ്ഞു.
തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. വടകരയില്‍ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. അദ്ദേഹം സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നടന്‍ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം മരണകാരണമെന്ന് കരുതുന്നു. മുന്‍ സീറ്റിലായിരുന്നു സുധി ഇരുന്നിരുന്നത്. കാറിന്റെ മുന്‍സീറ്റില്‍ ഇരുന്നവര്‍ക്കാണ് ഗുരുതമായി പരിക്കേറ്റത് എന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ പറയുന്നു. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.
2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.
Content Highlights: actor sudhi kollam car accident death, ullas pandalam mimicry artist remembers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..