ദ കേരളാ സ്റ്റോറി സിനിമയുടെ പോസ്റ്റർ, കമൽ ഹാസൻ | ഫോട്ടോ: എ.എഫ്.പി
ആദാ ശർമയെ നായികയാക്കി സുദീപ്തോ സെൻ സംവിധാനം ചെയ്ത ദ കേരളാ സ്റ്റോറി 200 കോടി ക്ലബിൽ ഇടംപിടിച്ചിരിക്കുകയാണ്. സമീപകാലത്ത് ബോളിവുഡ് കണ്ട ഹിറ്റ് ചിത്രങ്ങളിലൊന്നുകൂടിയായി ഈ ചിത്രം. തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ ചിത്രത്തിന് വിലക്കും നേരിട്ടിരുന്നു. ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കമൽ ഹാസൻ.
അബുദാബിയിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ദ കേരളാ സ്റ്റോറിയോടുള്ള തന്റെ എതിർപ്പ് കമൽ ഹാസൻ വ്യക്തമാക്കിയത്. ദ കേരളാ സ്റ്റോറി ഒരു പ്രൊപ്പഗാണ്ട ചിത്രമാണെന്നും താൻ അത്തരം സിനിമകൾക്ക് എതിരാണെന്നും കമൽ ഹാസൻ പറഞ്ഞു. ചിത്രത്തിന്റെ പേരിനുതാഴെ യഥാർത്ഥ കഥ എന്ന് ലോഗോ ആയി വെച്ചാൽ മാത്രം പോര. അത് ശരിക്കും സത്യമായിരിക്കുകയും വേണമെന്നും കമൽ വ്യക്തമാക്കി.
സുദീപ്തോ സെൻ രചനയും സംവിധാനവും നിർവ്വഹിച്ച ദി കേരള സ്റ്റോറിയിൽ ആദ ശർമ്മ, യോഗിത ബിഹാനി, സിദ്ധി ഇദ്നാനി, സോണിയ ബാലാനി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. മെയ് അഞ്ചിന് റിലീസ് ചെയ്ത ചിത്രം വിപുൽ ഷായാണ് നിര്‍മിച്ചത്.
അതേസമയം പുതിയ ചിത്രങ്ങളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് കമൽ ഹാസൻ. ഷങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 ആണ് കമലിന്റേതായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ പ്രധാനം. മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും കമൽ ഹാസൻ ആണ് നായകൻ. ശിവ കാർത്തികേയൻ, സായി പല്ലവി എന്നിവരൊന്നിക്കുന്ന ചിത്രം കമൽ ഹാസൻ നിർമിക്കുന്നുണ്ട്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം ദേസിങ്ക് പെരിയസാമിയാണ് സംവിധാനം ചെയ്യുന്നത്.
Content Highlights: actor kamal haasan against the kerala story movie, kamal haasan abudhabi press meet
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..