ഗര്‍ഭിണിയാണെന്ന വെളിപ്പെടുത്തലുമായി നടി കല്‍ക്കി കൊച്ലിന്‍ രംഗത്ത് വന്നത് വാര്‍ത്തയായിരുന്നു. ഗയ് ഹേഷ്ബര്‍ഗ് എന്ന ഇസ്രായേലി പിയാനിസ്റ്റുമായി പ്രണയത്തിലായ കല്‍ക്കി, ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ അഞ്ചു മാസം ഗര്‍ഭിണിയാണെന്ന വിവരം തുറന്നു പറഞ്ഞത്. കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രണയത്തിലാണ് ഇരുവരും.

സംവിധായകന്‍ അനുരാഗ് കശ്യപായിരുന്നു കല്‍ക്കിയുടെ മുന്‍ ഭര്‍ത്താവ്. 2011 ലാണ് ഇവര്‍ വിവാഹിതരായത്. 2015ല്‍ വേര്‍പിരിയുകയും ചെയ്തു. വിവാഹമോചനത്തിന് ശേഷവും കല്‍ക്കിയും അനുരാഗ് കശ്യപും ഊഷ്മളമായ ബന്ധമാണ് സൂക്ഷിക്കുന്നത്. 

താന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ അനുരാഗ് കശ്യപിന്റെ ആദ്യ പ്രതികരണത്തെക്കുറിച്ച് തുറന്ന് പറയുകയാണ് കല്‍ക്കി. 

മാതാപിതാക്കളുടെ കൂട്ടായ്മയിലേക്ക് സ്വാഗതം എന്നാണ് അനുരാഗ് ആദ്യമായി പറഞ്ഞത്. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അറിയിക്കാനും അദ്ദേഹം പറഞ്ഞു. അനുരാഗിന്റെ മകള്‍ ആലിയ വളര്‍ന്നത് എന്റെ കണ്‍മുന്‍പിലാണ്. അതുകൊണ്ടു തന്നെ അമ്മയുടെ ജോലി എന്താണെന്ന് എനിക്ക് കുറച്ച് അറിയാം. (അനുരാഗ് കശ്യപിന്റെ ആദ്യ വിവാഹത്തിലെ മകളാണ് ആലിയ. എഡിറ്റര്‍ ആരതി ബജാജായിരുന്നു അനുരാഗിന്റെ മുന്‍ഭാര്യ. 1997ല്‍ വിവാഹിതരായ ഇവര്‍ 2009 ല്‍ വേര്‍പിരിഞ്ഞു).

ഗര്‍ഭധാരണം തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നും കല്‍ക്കി പറയുന്നു. അതുകൊണ്ട് തന്നെ ഇപ്പോള്‍ ജോലിയെ ഒരു മത്സരമായല്ല, മറിച്ച് തന്നെ പരിപാലിക്കുന്ന ഒന്നായാണ് കാണുന്നതെന്നും കല്‍ക്കി പറഞ്ഞു.

മാറ്റങ്ങള്‍ ഇപ്പോള്‍ തന്നെ ഞാന്‍ അനുഭവിക്കുന്നുണ്ട്. ഓരോ വിഷയങ്ങളോടുമുള്ള എന്റെ പ്രതികരണത്തില്‍ അത് പ്രതിഫലിക്കുന്നുണ്ട്. കൂടുതല്‍ ക്ഷമ പ്രകടിപ്പിക്കുന്നുണ്ട്. സമയമെടുത്താണ് പ്രതികരണം. മാതൃത്വം ഒരു വ്യക്തി എന്ന നിലയില്‍ നമുക്ക് പുതിയൊരു ഉള്‍ക്കാഴ്ച പകര്‍ന്നു നല്‍കും. എനിക്ക് ഇപ്പോഴും ജോലി ചെയ്യണമെന്നുണ്ട്. എന്നാല്‍, ഇപ്പോള്‍ ജോലി എന്നത് ഒരു മത്സരമല്ല. പക്ഷേ, എന്നെ തന്നെ പരിപാലിക്കാനുള്ള ഒന്നാണ്. കൂടുതല്‍ ഊര്‍ജവും ഏകാഗ്രതയും പകര്‍ന്നു നല്‍കുന്നുണ്ട്-കല്‍ക്കി പറയുന്നു.

സര്‍വ സ്വതന്ത്ര്യവും അനുഭവിക്കുന്ന ആളായിട്ടായിരിക്കും താന്‍ കുഞ്ഞിനെ വളര്‍ത്തുകയെന്നും കല്‍ക്കി വ്യക്തമാക്കി. കുഞ്ഞിന്റെ പേര് സംബന്ധിച്ച് തീരുമാനമെടുത്തുകഴിഞ്ഞു. അവന്‍ ഏത് ലിംഗത്തില്‍ പെട്ടയാളാണെന്ന് തിരിച്ചറിയാന്‍ കഴിയുന്ന ഒന്നായിരിക്കില്ല അത്. ലിംഗഭേദത്തിന് അതീതമായ മുന്നേറ്റത്തിന്റെ ഭാഗമാവണം കുഞ്ഞ്-കല്‍ക്കി കൂട്ടിച്ചേര്‍ത്തു.

ജലപ്രസവമാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും കല്‍ക്കി അഭിമുഖത്തില്‍ പറഞ്ഞു. അതിനായി ഗോവയിലേയ്ക്ക് വരാന്‍ ഉദ്ദേശിക്കുന്നതായും അവര്‍ വെളിപ്പെടുത്തിയിരുന്നു.

Content Highlights: actor Kalki Koechlin talks about ex husband Anurag Kashyap's Reaction to Her Pregnancy