ലയാളികളെ ഏറെ ഞെട്ടിച്ച മരണമായിരുന്നു ജയന്റേത്. സിനിമയെ ഏറെ സ്‌നേഹിച്ച ജയന്‍ ഷൂട്ടിങ്ങിനിടെ സംഭവിച്ച അപകടത്തില്‍ കൊല്ലപ്പെട്ടു. അകാലത്തില്‍  വിടപറഞ്ഞെങ്കിലും വേഷവിധാനത്തിലും ശൈലിയിലും ജയനെപ്പോലെ തരംഗം സൃഷ്ടിച്ച മറ്റൊരു നടനുണ്ടാകില്ല. ജയന്റെ മരണശേഷം കോളിളക്കം തീയേറ്ററുകളിലെത്തി. തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ അവസാന അഭിനയ മുഹൂര്‍ത്തങ്ങള്‍ കാണാന്‍ പ്രേക്ഷകര്‍ തിയേറ്ററുകളില്‍ തിരക്കുകൂട്ടി. കോളിളക്കം വന്‍ വിജയമായെങ്കിലും ആ ചിത്രം ജയന്‍ എന്ന നടന്റെ ജീവിതത്തിനു പൂര്‍ണവിരാമമിട്ടു.

സംവിധായകന്‍ പിഎന്‍ സുന്ദരത്തിന്റെ സഹായിയായി കോളിളക്കത്തില്‍ പ്രവര്‍ത്തിച്ച പീന്നീട് സംവിധായകനായി പേരെടുത്ത സോമന്‍ അമ്പാട്ട് ഇന്നും ആ ഞെട്ടലില്‍ നിന്ന് വിമുക്തനായിട്ടില്ല. ജയന്റെ അവസാന നിമിഷങ്ങള്‍ നേരിട്ട് കണ്ട സോമന്‍ അമ്പാട്ട് മലയാളത്തെ സങ്കടത്തിലാഴ്ത്തിയ ആ സംഭവം മാതൃഭൂമി ക്ലബ് എഫ്എം ദുബായ് ശ്രോതാക്കളുമായി പങ്കുവയ്ക്കുന്നു.

സോമന്‍ അമ്പാട്ടിന്റെ അഭിമുഖത്തില്‍ നിന്നും

jayan
 സോമന്‍ അമ്പാട്ട് 

'വക്ത് എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കായിരുന്നു കോളിളക്കം. എല്ലാവരും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം. പക്ഷെ കോളിളക്കത്തോടെ നമുക്ക് നഷ്ടമായത് പ്രിയ താരത്തെയാണ്. നേവി ഓഫീസറായിരുന്ന ജയന്‍ ധൈര്യശാലിയായിരുന്നു. സിനിമയ്ക്ക് വേണ്ടി എന്ത് റിസ്‌ക്ക് എടുക്കാനും അദ്ദേഹം തയ്യാര്‍. പ്രൊഡ്യൂസര്‍മാരൊന്നും പക്ഷെ റിസ്‌ക് എടുക്കാന്‍ തയ്യാറല്ലായിരുന്നു. കാരണം അന്ന് സിനിമ  ഒരുപരിധിവരെ അദ്ദേഹത്തെ കേന്ദ്രീകരിച്ചാണ് നിന്നിരുന്നത്. അതുകൊണ്ട് തന്നെ എല്ലാ സുരക്ഷാ സംവിധാനങ്ങളെല്ലാം അവിടെ ഒരുക്കിയിരുന്നു. 

ബാലന്‍ കെ നായര്‍ അവതരിപ്പിച്ച വില്ലന്‍ ഹെലികോപ്റ്ററില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിയ്ക്കുമ്പോള്‍ ജയന്റെ കഥാപാത്രം അയാളെ പിടിച്ചുകൊണ്ടുവരുന്ന രംഗമാണ്. അധികം ഉയരത്തിലല്ലായിരുന്നു ഹെലികോപ്റ്റര്‍. ബൈക്കില്‍നിന്ന് ഹെലികോപ്റ്ററിലേക്ക് കയറുന്ന തരത്തിലാണ് ചിത്രീകരിക്കുന്നത്. ഡ്യൂപ്പ് ആയിരുന്നു ആ രംഗം ചെയ്യേണ്ടിയിരുന്നത്. പക്ഷെ ജയന്‍ കൂട്ടാക്കിയില്ല.

ഹെലികോപ്റ്ററിലേക്ക് കയറിയ ജയന്‍ അതിന്റെ സ്റ്റാന്‍ഡില്‍ കാല്‍ ലോക്ക് ചെയ്ത് നിര്‍ത്തി. നല്ല ഭാരമുള്ളയാളാണ് ജയന്‍. ബാലന്‍ കെ നായരുടെയും, ജയന്റെയും, പിന്നെ പൈലറ്റിന്റെയും ഭാരം ഒരു ഭാഗത്തേക്ക് വന്നു. അത് ഹെലികോപ്റ്ററിന്റെ ബാലന്‍സിനെ സാരമായി ബാധിച്ചു. പൈലറ്റ് ഹെലികോപ്റ്റര്‍ മുകളിലേക്ക് കൊണ്ടുപോയി ബാലന്‍സ് ചെയ്യാന്‍ നോക്കി. പക്ഷെ സാധിച്ചില്ല. പിന്നെ ലാന്‍ഡ് ചെയ്യാന്‍ നോക്കി. പക്ഷെ ലാന്‍ഡിങ്ങിനിടെ ലീഫ് നിലത്ത് തട്ടി ഹെലികോപ്റ്റര്‍ പൂര്‍ണമായും ഇരുന്നുപോയി. ജയന്റെ കാല് ലോക്ക് ആയതിനാല്‍ താഴേക്ക് ചാടാന്‍ പറ്റിയില്ല. തലയുടെ പിന്‍ഭാഗം നിലത്ത് തട്ടി. പൈലറ്റിന് കാര്യമായ പരിക്കൊന്നും അപകടത്തില്‍ പറ്റിയില്ല. ബാലന്‍ കെ നായരുടെ കാലിന് ഒടിവു സംഭവിച്ചു. മൂവരെയും അവിടെ നിന്ന് മാറ്റിയപ്പോഴേക്കും ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തി നശിച്ചു. 

ഹോസ്പിറ്റലിലേക്ക് പോകും വഴി ശക്തമായ മഴ പരീക്ഷണമായെത്തി. കാറുകള്‍ക്ക് പോകാന്‍ പറ്റാത്ത അവസ്ഥ. അതുകൊണ്ട് തക്ക സമയത്ത് എത്തിക്കാന്‍ പറ്റിയില്ല. തലയോട്ടിയില്‍ നല്ല പോലെ പരിക്ക് പറ്റിയിരുന്നു. രക്തം ഒരുപാട് വാര്‍ന്ന് പോയിരുന്നു. കൃത്യ സമയത്ത് എത്തിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ ജയന്‍ ഇന്ന് ജീവിച്ചിരിപ്പുണ്ടായേനെ. ജയന്റെ മരണത്തിന് ശേഷം എല്ലാവരും തളര്‍ന്നു. ഒരു വര്‍ഷത്തിന് ശേഷമാണ് കോളിളക്കം റിലീസ് ചെയ്തത്. ഒരു സിനിമയ്ക്കു വേണ്ടി ജയന് അഡ്വാന്‍സ് നല്‍കി കാത്തിരിക്കുകയായിരുന്നു ഞാന്‍.

ജയന്റെ മരണവുമായി ബന്ധപ്പെട്ട് ബാലന്‍ കെ നായരുടെ പേര് പലരും വലിച്ചിഴച്ചിട്ടുണ്ട്. അതിലൊന്നും യാതൊരു കഴമ്പുമില്ല. ബാലന്‍ കെ നായര്‍ അങ്ങിനെ ചെയ്യില്ല. വളരെ നല്ല വ്യക്തിയാണദ്ദേഹം. അദ്ദേഹത്തിന് ജയനുമായി വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ജയനോട് ആര്‍ക്കും വൈരാഗ്യം തോന്നില്ല.'

(നേരത്തേ പ്രസിദ്ധീകരിച്ചത്‌)

Content Highlights: Actor Jayan Birthday Jayan death kolilakkam Movie  Soman Ambaat, Jayan death anniversary, Kolilakkam Movie Climax