ജയദേവൻ | PHOTO: FACEBOOK/ANANDAPATHMANABHAN
അന്തരിച്ച നടൻ ജയദേവനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് സംവിധായകൻ പത്മരാജന്റെ മകനും എഴുത്തുകാരനുമായ അനന്തപത്മനാഭൻ. പത്മരാജന്റെ അരപ്പട്ടകെട്ടിയ ഗ്രാമത്തിൽ, ഒരിടത്തൊരു ഫയൽമാൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ജയദേവൻ പത്മരാജന്റെ അസിസ്റ്റന്റായും പ്രവർത്തിച്ചിട്ടുണ്ട്. നല്ലൊരു ഗായകൻ കൂടിയായിരുന്നു ജയദേവൻ.
അനന്തപത്മനാഭന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
"പൂച്ചക്കണ്ണൻ ജോബ് " വിട പറഞ്ഞു.
"ഒരിടത്തൊരു ഫയൽവാ "നിലെ തവളക്കാല് വാങ്ങാൻ വരുന്ന ഗൾഫ് മേനിക്കാരൻ. അച്ഛന്റെ നാട്ട്കാരനായ ജയദേവൻ ആയിരുന്നു ആ ക്യാരക്ടർ ചെയ്തിരുന്നത്. ഇപ്പൊ കാണുമ്പോഴും എത്ര സ്വാഭാവികമായ പെർഫോർമൻസ്. ആദ്യ പടമായിട്ടും അദ്ദേഹം തന്നെയാണ് ഡബ്ബും ചെയ്തിരിക്കുന്നതും. (അച്ഛന്റെ ഏറ്റവും ഓർഗാനിക്ക് ആയ സിനിമ എന്നെനിക്ക് തോന്നിയിട്ടുള്ളത് ഫയൽവാൻ ആണ്.)
തന്റെ പെട്ടി ഓട്ടോ പിടിച്ച് നിർത്താൻ ശിവൻ പിള്ള മേശിരിയെ വെല്ലുവിളിക്കുകയും, ഫയൽവാൻ ഓട്ടോ പിടിച്ചു നിർത്തുകയും, അതേ തുടർന്ന് വാശിക്ക് " ആന്ധ്രാ പുലി "യെ ഇറക്കുകയും ഒക്കെ ചെയ്യുന്ന വില്ലൻ. "ഫയൽവാനെ " തുടർന്ന് ജയദേവൻ ചേട്ടൻ അച്ഛന്റെ ഒരു അസിസ്റ്റന്റായി കൂടി. അഭിനയത്തെക്കാൾ അതായിരുന്നു താൽപ്പര്യം.
തുടർന്ന് "അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ " വരെ അച്ഛനൊപ്പം ഉണ്ടായിരുന്നു. ആ ചിത്രത്തിലും തിലകനൊപ്പം വരുന്ന സിനിമാ സംഘത്തിൽ അദ്ദേഹം ഉണ്ട്. തുടർന്ന് ഫീൽഡ് വിട്ട് ഗൾഫിലേക്ക് ചേക്കേറി.
വർഷങ്ങൾക്ക് ശേഷം എന്നോട് നഷ്ടബോധത്തോടെ പറയുമായിരുന്നു. "അന്ന് പോകണ്ടായിരുന്നു. ആ കാര്യം പറഞ്ഞ് കാണുമ്പോഴെല്ലാം ചേട്ടൻ എന്നെ എപ്പഴും വഴക്കു പറയുമായിരുന്നു " .
"വാടകക്ക് ഒരു ഹൃദയം " അമ്യത ടി.വിയിൽ 30 എപ്പിസോഡ് സീരിയലായി ചെയ്തപ്പോൾ അദ്ദേഹത്തെ വിളിച്ച് ഒരു ചെറിയ വേഷം ചെയ്യിച്ചു. ഓണാട്ടുകര ഭാഷയുടെ തനിമയും സ്വാഭാവികതയും ഒട്ടും കൈമോശം വന്നില്ലല്ലൊ എന്നോർത്തു.
ഇടക്ക് മുതുകുളത്ത് പോകുമ്പോൾ കണ്ടിരുന്നു. ഫോണിൽ വിളിച്ചിരുന്നു. ഒരു മകൻ ഉള്ളത് മെർച്ചന്റ് നേവിയിൽ. മറ്റ് പ്രശ്നങ്ങളൊന്നുമില്ല.
അമ്മയെ വിളിച്ചപ്പോൾ പറഞ്ഞു,
"ഓരോരുത്തരായി കളമൊഴിയുന്നു"
ഒരു നിറദീപ്തകാലത്തെ സർഗ്ഗധന്യമാക്കിയ പിന്നണി പ്രവർത്തകർ ഓരോരുത്തരായി...
ചിത്രങ്ങൾ:"കൂടെവിടെ "സെറ്റിൽ അച്ഛനൊപ്പം കാണുന്ന പച്ച പുള്ളോവറിട്ട ആൾ.
"കള്ളൻ പവിത്രൻ " സെറ്റിൽ അച്ഛനും, അജയന്മാമനും പുറകിൽ നിൽക്കുന്ന തൊപ്പിക്കാരൻ.
പുതിയ ചിത്രം ജോസ് സാറിന്റെ V V Jose Kallada പോസ്റ്റിൽ നിന്നും.
Content Highlights: actor jayadevan passed away padmarajan son ananthapadmanabhan about actor
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..