അന്ത്യോപചാരം അർപ്പിക്കാനെത്തിയ സഹതാരങ്ങൾ | photo: screen grab
കൊച്ചി: അന്തരിച്ച നടന്‍ ഇന്നസെന്റിന് ആദരാഞ്ജലികളര്‍പ്പിച്ച് മലയാള സിനിമാലോകം. ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലിയര്‍പ്പിക്കാനും സഹതാരങ്ങളും ആരാധകരും എത്തുകയാണ്. രാവിലെ എട്ടുമണിമുതല്‍ കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം സ്വദേശമായ ഇരിങ്ങാലക്കുടയിലേയ്ക്ക് എത്തിച്ചു.
മമ്മൂട്ടി, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, മുകേഷ്, സായ് കുമാര്‍, വിനീത്, ബാബുരാജ്, ഹരിശ്രി അശോകന്‍, ഷാജോണ്‍, മുക്ത, കുഞ്ചന്‍, സത്യന്‍ അന്തിക്കാട്, ജയസൂര്യ, പ്രിയദര്‍ശന്‍ തുടങ്ങി ഒട്ടനവധിപേര്‍ ഇന്നസെന്റിന് ആദരാഞ്ജലി അര്‍പ്പിച്ചു. മൃതദേഹത്തിനകിരിലെത്തിയ നടന്‍ കുഞ്ചനും സംവിധായകന്‍ സത്യന്‍ അന്തിക്കാടും വിങ്ങിപ്പൊട്ടി. സായ് കുമാറിനും കണ്ണീരടക്കാനായില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരിങ്ങാലക്കുടയെത്തി ഇന്നസെന്റിന് അന്ത്യോപചാരമര്‍പ്പിച്ചു.
ഇന്നസെന്റിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതുതന്നെ മഹാഭാഗ്യമാണെന്ന് നടൻ ഹരിശ്രീ അശോകൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഗോഡ്ഫാദറിൽ ചെറിയ വേഷത്തിലഭിനയിക്കുമ്പോൾ അദ്ദേഹമാണ് അഭിനന്ദിച്ചത്. അതൊക്കെ ഇപ്പോഴും മനസിലുണ്ട്. സ്വന്തം ശൈലി ജനങ്ങളേറ്റെടുക്കുക എന്നത് വലിയ കാര്യമാണ്. അത് ഏറ്റെടുപ്പിച്ചയാളാണ് ഇന്നസെന്റെന്നും അദ്ദേഹം പറഞ്ഞു.
ഇങ്ങനെയൊരാൾ കൺമുന്നിൽ നിന്ന് പോയെന്ന് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു നടൻ ജയസൂര്യയുടെ പ്രതികരണം. ഒരുമിച്ച് അഭിനയിച്ചു എന്നതിലുപരി എപ്പോഴും ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന ഒരാളാണ്. എന്തെങ്കിലും പുതിയ തമാശകൾ കിട്ടിയാല്‍ അദ്ദേഹം വിളിക്കും പങ്കുവെയ്ക്കും. എല്ലാരോടും വലിപ്പച്ചെറുപ്പമില്ലാതെ ഇടപെട്ടയാളായിരുന്നു. ഒരുപാട് അർത്ഥതലങ്ങളുള്ള തമാശപറയുന്നയാളാണ് അദ്ദേഹം. ഇത്രയും കാലം ജീവിച്ചിരുന്നത് പേരിനൊപ്പം തമാശയുള്ളതുകൊണ്ടാണെന്നും ജയസൂര്യ പറഞ്ഞു.
വളരെക്കാലമായുള്ള സൗഹൃദമാണ് തങ്ങളുടേതെന്ന് സംവിധായകൻ മോഹൻ ഓർമിച്ചു. എന്റെ സിനിമാജീവിതത്തിലേക്ക് ഒരാൾ മാത്രമേ തള്ളിക്കയറി വന്നിട്ടുള്ളൂ. അതാണ് ഇന്നസെന്റ്. ഈ മരണം പ്രതീക്ഷിച്ചിരുന്നു എന്നത് സത്യമാണ്. അഭിനയിക്കാനായി പല വാതിലുകളും മുട്ടി തിരിച്ചുവരുമ്പോഴും അതൊന്നും കരഞ്ഞിട്ടായിരുന്നില്ല, ചിരിച്ചുകൊണ്ടായിരുന്നു. മോഹൻ പറഞ്ഞു. ജീവിതത്തിലും നർമം കാത്തുസൂക്ഷിച്ചയാളായിരുന്നു ഇന്നസെന്റെന്ന് സംവിധായകൻ സിബി മലയിൽ പറഞ്ഞു.
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ചൊവ്വാഴ്ച രാവിലെ 10-നാണ് സംസ്‌കാരം. കൊച്ചിയിലെ വി.പി.എസ്. ലേക്ഷോര്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി 10.30-ഓടെയായിരുന്നു ഇന്നസെന്റിന്റെ അന്ത്യം.
ഹ്രസ്വമായ അമേരിക്കന്‍യാത്ര കഴിഞ്ഞെത്തിയ ഇന്നസെന്റ് മൂന്നാഴ്ചയോളമായി ന്യുമോണിയയും മറ്റസുഖങ്ങളും ബാധിച്ച് ചികിത്സയിലായിരുന്നു. ആദ്യം ഐസൊലേഷന്‍ വാര്‍ഡിലും പിന്നീട് ഐ.സി.യു.വിലുമായിരുന്നു. ഞായറാഴ്ച രാത്രിയോടെ നില വഷളാവുകയായിരുന്നു.
Content Highlights: actor innocent passed away sathyan anthikad, kunjan in tears
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..