ഗാനമേളയുടെ ചിത്രീകരണ വേളയിൽ | photo: special arrangements
അന്തരിച്ച നടന്‍ ഇന്നസെന്റിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് സംവിധായകന്‍ അമ്പിളി. ഇരുവരും തമ്മിലുള്ള ആത്മബന്ധം തുടങ്ങുന്നത് മൗനരാഗം എന്ന ചിത്രത്തിലൂടെയാണെന്ന് അമ്പിളി പറഞ്ഞു. അമ്പിളിയുടെ നാല് ചിത്രങ്ങളില്‍ ഇന്നസെന്റ് വേഷമിട്ടിട്ടുണ്ട്.
'1982 അവസാനം മൗനരാഗത്തിന്റെ അവസാനഘട്ട ചിത്രീകരണം നടക്കുമ്പോഴായിരുന്നു നിര്‍മാതാവ് കൃഷ്ണകുമാര്‍ ഒരു ആവശ്യം ഉന്നയിക്കുന്നത്. തന്റെ സുഹൃത്ത് ഇന്നസെന്റിന് ചിത്രത്തില്‍ ഒരു വേഷം നല്‍കണമെന്ന്. ഇത് ഒരു കോളേജ് ക്യാമ്പസ് ചിത്രമാണെന്നും ഇതില്‍ പറ്റിയ വേഷമൊന്നും നല്‍ക്കാനില്ലെന്നും ഞാന്‍ അറിയിച്ചു. അന്ന് അപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഇന്നസെന്റ്, തന്റെ സ്വാതസിദ്ധമായ ശൈലിയില്‍ താന്‍ എട്ടാം ക്ലാസ്സില്‍ തോറ്റതാണെന്നും അതിനാല്‍ കോളേജില്‍ എത്താന്‍ വൈകിയതാണെന്നും പറയുന്നത് കേട്ട് ഞാന്‍ അടക്കം അവിടെയുള്ളവര്‍ ചിരിച്ചു. അങ്ങനെ എഴുതി ചേര്‍ത്ത വേഷമായിരുന്നു മൗനരാഗത്തിലെ വിദ്യാര്‍ത്ഥി നേതാവായ ഫ്രെഡി എന്ന കഥാപാത്രം. അതൊരു ആത്മബന്ധത്തിന്റെ തുടക്കം ആയിരുന്നു.
ഇന്ത്യന്‍ പനോരമയിലേക്കു അടൂര്‍ ഗോപാലകൃഷ്ണന്റെ 'എലിപ്പത്തായം', ഭരതന്റെ 'ഓര്‍മ്മക്കായി', അരവിന്ദന്റെ 'ഒരിടത്ത്', മോഹന്റെ 'ഇളക്കങ്ങള്‍' എന്നീ ചിത്രങ്ങള്‍ക്കൊപ്പം എന്റെ 'വീണപ്പൂവും' തിരഞ്ഞെടുക്കപ്പെട്ടു. അന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയില്‍ ഇന്നസെന്റും കൂടെ ഉണ്ടായിരുന്നു. 'ഓര്‍മ്മയ്ക്കായി', 'ഇളക്കങ്ങള്‍' തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവ് ആയിരുന്നു അദ്ദേഹം.
എന്റെ നാല് ചിത്രങ്ങളിലാണ് ഇന്നസെന്റ് അഭിനയിച്ചിട്ടുള്ളത്. മൗനരാഗം, ഗാനമേള, സീന്‍ നമ്പര്‍ 7, ഈഗിള്‍. ഗാനമേള നിര്‍മിക്കാനുള്ള പ്രചോദനം എനിക്ക് നല്‍കുന്നതും ഇന്നച്ചന്‍ ആയിരുന്നു. ജഗദീഷിന്റെ കൈയില്‍ ഒരു കഥ ഉണ്ടെന്നും അമ്പിളിക്ക് അത് ചെയ്യാന്‍ പറ്റുന്ന സബ്‌ജെക്ട് ആണെന്ന് എന്നോട് പറഞ്ഞതും അദ്ദേഹം തന്നെ. ചിത്രത്തില്‍ അദ്ദേഹം ഒരു മുഴുനീള വേഷം ചെയ്തു. പ്രൊഡക്ഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ എല്ലാം നോക്കിയത് ഇടവേള ബാബു ആയിരുന്നു.
'സമുദായ'ത്തില്‍ ഇന്നച്ചന് വെച്ച വേഷം പിന്നീട് അദ്ദേഹത്തിന്റെ തിരക്ക് മൂലം മറ്റൊരു നടന്‍ ചെയ്യുകയായിരുന്നു. അപ്പോള്‍ വന്ന മറ്റൊരു ഒഴിവിലേക്ക് ആയിരുന്നു കലാഭവന്‍ മണി എന്ന നടന്റെ അരങ്ങേറ്റം.
എനിക്ക് ആദ്യമായി കുഞ്ഞുണ്ടായപ്പോള്‍ എന്നേക്കാള്‍ മുന്‍പേ ആശുപത്രിയില്‍ കുഞ്ഞിനെ കാണാന്‍ എത്തിയവരില്‍ ഇന്നസെന്റും ഇടവേള ബാബുവും ഉണ്ടായിരുന്നു. അന്ന് അവരാണ് ഷൂട്ടിങ് ലൊക്കേഷനില്‍ ആയിരുന്ന എന്നെ വിവരം അറിയിക്കുന്നത്.
ഇന്നസെന്റിന്റെ ഇലക്ഷന്‍ പ്രചാരണവേളയില്‍ ഞാനും അദ്ദേഹത്തിന് ഒപ്പം സജീവമായി ഉണ്ടായിരുന്നു. ഓരോ വേദിയിലും എന്നെ പരിചയപ്പെടുത്താന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പ്രിയ സുഹൃത്തിനു പ്രണാമം', അമ്പിളി പറഞ്ഞു.
Content Highlights: actor innocent passed away director ambili shares memory
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..