മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മൂന്ന്  ലക്ഷം രൂപ സംഭാവന നല്‍കി നടനും മുന്‍ എംപിയുമായ ഇന്നസെന്റ്. മുന്‍ എം.പിയെന്ന നിലയില്‍ ലഭിക്കുന്ന ഒരു വര്‍ഷത്തെ പെന്‍ഷന്‍ തുകയായ മൂന്ന് ലക്ഷം രൂപയുടെ ചെക്ക് തൃശൂര്‍ കലക്ടറേറ്റിലെത്തി ജില്ലാ കലക്ടര്‍ എസ്. ഷാനവാസിന് ഇന്നസെന്റ് കൈമാറി. ഫെയ്‌സ്ബുക്ക് പേജിലൂടെ ഇന്നസെന്റ് തന്നെയാണ്  ഇക്കാര്യം അറിയിച്ചത്.

ഇതൊക്കെ വിളിച്ചു പറയുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. പക്ഷേ എന്നെ ഇഷ്ടപ്പെടുന്ന ഒരാളെങ്കിലും ഇത് ആവര്‍ത്തിച്ചാല്‍, അത് അതിജീവിക്കുന്ന കേരളത്തിന് എന്തെന്നില്ലാത്ത സഹായമാകും. ഒപ്പം ഈ ദുരിതാശ്വാസനിധിയെക്കുറിച്ച് നിക്ഷിപ്ത താല്‍പര്യക്കാര്‍ നടത്തുന്ന പ്രചാരണത്തെ നേരിടേണ്ടതുണ്ടെന്നും ഞാന്‍ കരുതുന്നു. സി.എം.ഡി.ആര്‍.എഫ് ഏറ്റവും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതാണെന്നും ഓരോ മലയാളിയും ഇതിന്റെ ഗുണഭോക്താവാണെന്നും നാം മറന്നു കൂടായെന്നും ചെക്ക് കൈമാറുന്ന ചിത്രം പങ്കുവച്ചുകൊണ്ട് ഇന്നസെന്റ് കുറിച്ചു

ഇന്നസെന്റിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു വര്‍ഷത്തെ എം.പി പെന്‍ഷന്‍ ഞാന്‍ നല്‍കുകയാണ്.

മുന്‍ എം.പിയെന്ന നിലയില്‍ ലഭിക്കുന്ന ഒരു വര്‍ഷത്തെ പെന്‍ഷന്‍ തുകയാണ് നല്‍കിയത്. മൂന്ന് ലക്ഷം രൂപയുടെ ചെക്ക് തൃശൂര്‍ കലക്ടറേറ്റിലെത്തി ജില്ലാ കലക്ടര്‍ എസ്. ഷാനവാസിന് കൈമാറി.

25000 രൂപയാണ് എനിക്ക് ലഭിക്കുന്ന പ്രതിമാസ പെന്‍ഷന്‍. ഒരു വര്‍ഷത്തെ പെന്‍ഷന്‍ തുക പൂര്‍ണമായും ദുരിതബാധിതര്‍ക്കായി നീക്കി വെക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ നടക്കുന്ന നിക്ഷിപ്ത താല്‍പര്യക്കാരുടെ പ്രചാരണത്തെ ചെറുക്കേണ്ടത് ഓരോ മലയാളിയുടേയും കടമയാണ്.

എം.പി ആയിരിക്കേ, രണ്ട് സന്ദര്‍ഭങ്ങളിലായി 6 മാസത്തെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ഓഖി ദുരന്തകാലത്ത് 2 മാസത്തേയും 2018ലെ പ്രളയകാലത്ത് 4 മാസത്തേയും ശമ്പളമാണ് ഇപ്രകാരം നല്‍കിയത്. ഒട്ടാകെ 3 ലക്ഷം രൂപ അന്നും സംഭാവനയായി മുഖ്യമന്ത്രിയുടെ നിധിയിലേക്ക് കൈമാറി.

ഇതൊക്കെ വിളിച്ചു പറയുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. പക്ഷേ എന്നെ ഇഷ്ടപ്പെടുന്ന ഒരാളെങ്കിലും ഇത് ആവര്‍ത്തിച്ചാല്‍, അത് അതിജീവിക്കുന്ന കേരളത്തിന് എന്തെന്നില്ലാത്ത സഹായമാകും. ഒപ്പം ഈ ദുരിതാശ്വാസനിധിയെക്കുറിച്ച് നിക്ഷിപ്ത താല്‍പര്യക്കാര്‍ നടത്തുന്ന പ്രചാരണത്തെ നേരിടേണ്ടതുണ്ടെന്നും ഞാന്‍ കരുതുന്നു.

സി.എം. ഡി.ആര്‍.എഫ് ഏറ്റവും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതാണെന്നും ഓരോ മലയാളിയും ഇതിന്റെ ഗുണഭോക്താവാണെന്നും നാം മറന്നു കൂടാ.

കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എയും ചടങ്ങില്‍ പങ്കെടുത്തു.

innocent

Content Highlights : Actor Innocent donates three lakh to CM's Flood relief fund