ഇന്നസെന്റ്, കമൽ
അടുത്തിടെ മലയാള സിനിമയ്ക്കുണ്ടായ നഷ്ടങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ് ഇന്നസെന്റിന്റെ മരണമെന്ന് സംവിധായകൻ കമൽ. വ്യക്തിപരമായും കലാപരമായും ഇന്നസെന്റുമായുള്ള ആത്മബന്ധത്തെക്കുറിച്ച് കമൽ പറയുന്നു:
ഇന്നലെ മുതൽ ആശങ്കയായിരുന്നു. ജീവിതത്തിലേക്ക് അദ്ദേഹം തിരിച്ചുവരുമെന്ന പ്രതീക്ഷ അത്രത്തോളമുണ്ടായിരുന്നു. കാരണം കഴിഞ്ഞ പത്തുവർഷമായി അദ്ദേഹം അതിജീവനം നടത്തുകയായിരുന്നു. കാൻസർ വാർഡിലെ ചിരി എന്ന പുസ്തകം നിരവധി പേർക്ക് പ്രചോദനമായിട്ടുണ്ട്. എങ്ങനെ ഇങ്ങനെ കഴിയുന്നു എന്ന് പലപ്പോഴും അദ്ദേഹത്തോട് അതിശയത്തോടെ ചോദിച്ചിട്ടുണ്ട്. അത്രയധികം പോസിറ്റീവായിട്ടാണ് അദ്ദേഹം ജീവിതത്തെ കണ്ടിട്ടുള്ളത്. കോളേജിൽ പഠിക്കുന്ന കാലത്താണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അന്ന് അദ്ദേഹം തീപ്പെട്ടി കമ്പനി തകർന്നു നിൽക്കുന്ന സമയമാണ്. അതിനുശേഷം അദ്ദേഹം നടനും നിർമാതാവുമൊക്കെയായി. തുടർന്നുണ്ടായ അദ്ദേഹത്തിന്റെ അഭിനയജീവിതം ലോകത്തിൽ എല്ലാ മലയാളികൾക്കും അറിയാവുന്നതാണ്.
അഴകിയ രാവണനിൽ അരിപെറുക്കുന്ന കഥാപാത്രം ഷൂട്ട് ചെയ്യുമ്പോഴൊന്നും ഇത്രമാത്രം ജനങ്ങളെ സ്വാധീനിക്കുമെന്ന് കരുതിയിരുന്നില്ല. പല കഥാപാത്രങ്ങളും അത്തരത്തിൽ കാലത്തെ അതിജീവിക്കുന്നതായിരുന്നു. സ്വന്തം കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമൊക്കെ നർമം കണ്ടെത്തി ജനങ്ങളെ ചിരിപ്പിച്ചിരുന്നു. ഇന്നസെന്റ് ചേട്ടന്റെ പൊതുജീവിതവും അമ്മ എന്ന സംഘടനയെ നയിച്ച പാടവവുമൊക്കെ എടുത്തു പറയേണ്ടതാണ്. വ്യക്തിപരമായും കലാജീവിതത്തിലുമൊക്കെ അത്രമാത്രം ഒരുമിച്ചു പ്രവർത്തിച്ചിരുന്നു.
അദ്ദേഹം തന്റേതായ ശൈലിയിൽ തൃശ്ശൂർ ഭാഷയിൽ ആദ്യമായി സംസാരിച്ചത് അവിടുത്തെ പോലെ ഇവിടെയും എന്ന സിനിമയിലാണ്. സ്ക്രിപ്റ്റിൽ ആകെ രണ്ടുമൂന്നു ഡയലോഗ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാനും കമലും കൂടി ഒന്ന് ഇംപ്രവൈസ് ചെയ്തോട്ടെ എന്ന് അദ്ദേഹം സംവിധായകനോട് ചോദിച്ചു. തുടർന്നാണ് ആ ശൈലിയിൽ അഭിനയിച്ചത്.
Content Highlights: actor innocent deat director kamal remembering innocent
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..