ഇന്ദ്രൻസ് | ഫോട്ടോ: എസ്.എൽ. ആനന്ദ് | മാതൃഭൂമി
സിനിമയുടെ ആധാരമെന്നത് തിരക്കഥയാണെന്നും അതുവെച്ചാണ് സിനിമ മുന്നോട്ടുപോകുന്നതെന്നും നടൻ ഇന്ദ്രൻസ്. കഥപറയുന്നത് കേൾക്കുമ്പോൾ നല്ലതായിരിക്കും. എന്നാൽ എഴുതിവരുമ്പോൾ ഒന്നുമുണ്ടാവില്ല. ഇത് അടുത്തകാലത്ത് ഒന്നുരണ്ട് സിനിമയിൽ ഞാൻ അനുഭവിച്ചുവെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
തിരക്കഥയ്ക്ക് വലിയ പ്രധാന്യമൊന്നും അവർ കൊടുത്തുകാണുന്നില്ല. അതുകൊണ്ട് കഥ കേൾക്കണ്ട, വായിക്കുമ്പോഴേ ഇഷ്ടമാവൂ, തിരക്കഥ തരാനാണ് ഇപ്പോൾ പറയാറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമയിൽ വരേണ്ടായിരുന്നു എന്ന് ഒരിക്കലും തോന്നിയിട്ടില്ല. ഇടക്കാലത്ത് തിരക്കായപ്പോൾ ഇത്രയും സിനിമ വേണ്ടിയിരുന്നില്ലെന്ന് പ്രാർത്ഥിച്ചുപോയി. നേരത്തേ ചെറിയ കഥാപാത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. മൂന്ന് നാല് ദിവസം മാത്രം നീണ്ടുനിൽക്കുന്നത്. ഓരോന്ന് തീർത്തിട്ട് അടുത്തതിന് പിന്നാലെ ഓടും. ഉത്സാഹിച്ച് തന്നെ ആ റോളുകൾ ചെയ്തിരുന്നു. ഇപ്പോൾ വലിയ കഥാപാത്രങ്ങൾ കിട്ടാൻ തുടങ്ങി. അതുകൊണ്ട് കുറച്ചുകൂടി കണിശമായി നിൽക്കാൻ പറ്റുമെന്ന് മനസിലായി.
"കോമഡി വേഷങ്ങൾ ഇനിയും ചെയ്യും. ഷാഫിയുടെ പടമൊക്കെ അങ്ങനെയുള്ളതാണ്. അതൊരു വലിയ ഉത്സാഹമുള്ള കാര്യമാണ്. മിഥുൻ മാനുവലിന്റെ പുതിയ പടത്തിലും തമാശ വേഷമാണ്. പണ്ട് ചെയ്തിരുന്ന പോലത്തെ കോമഡികൾ ഇപ്പോൾ ഏൽക്കണമെങ്കിൽ അതിൽ വെള്ളം ചേർക്കാതിരുന്നാൽ മതി. ചെയ്യുമ്പോൾ കള്ളത്തരമൊന്നും കാണിക്കാതിരുന്നാൽ അതിന് ജീവനുണ്ടാകും. അങ്ങനെ ചെയ്യുമ്പോഴാണ് നേരെ എതിരെ നിൽക്കുന്നയാളുടെ ചിരിച്ച മുഖം കാണാൻ പറ്റൂ". ഇന്ദ്രൻസ് പറഞ്ഞു.
Content Highlights: Actor Indrans sharing his movie experience
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..