-
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കൂറുമാറി. പോലീസിന് നല്‍കിയ മൊഴിയില്‍ നിന്ന് വ്യത്യസ്തമായാണ് അദ്ദേഹം കോടതിയില്‍ മൊഴി നല്‍കിയത്.
പോലീസിനോട് പറഞ്ഞത്..
എട്ടാം പ്രതിയായ നടന്‍ ദിലീപ് സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തി എന്നാരോപിച്ച് ആക്രമിക്കപ്പെട്ട നടി അമ്മയില്‍ നേരത്ത പരാതി നല്‍കിയിരുന്നു. എന്നാല്‍ രേഖാമൂലം പരാതി കിട്ടിയില്ലെന്നായിരുന്നു സംഘടനയുടെ വാദം. ഈ വാദത്തെ പൊളിക്കുന്ന മൊഴിയാണ് ഇടവേള ബാബു പോലീസില്‍ നല്‍കിയത്.
'നടിയുടെ പരാതിയില്‍ വാസ്തവമുണ്ടെന്ന് തോന്നിയിരുന്നു. ദിലീപുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ എന്തിനാണ് ഇടപെടുന്നത് എന്ന് ദിലീപിനോട് ചോദിച്ചിരുന്നു. ഒരു സ്റ്റേജ് പരിപാടിക്കിടെ നടിയും ദിലീപും തമ്മില്‍ തര്‍ക്കമുണ്ടായി. അതിന് ശേഷം കാവ്യയും നടിയും തമ്മില്‍ മിണ്ടാതായി'.
കോടതിയില്‍ പറഞ്ഞത്...
ദിലീപ് അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി പരാതിപ്പെട്ടതായി ഓര്‍മയില്ലെന്ന് ഇടവേള ബാബു കോടതിയില്‍ പറഞ്ഞു. ഇതോടെ ഇടവേള ബാബു കൂറുമാറിയതായി പ്രോസിക്യൂഷന്‍ പ്രഖ്യാപിച്ചു.
ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം തിരിച്ചെടുക്കുകയും ചെയ്തു. ദിലീപിനെ 'അമ്മ'യില്‍ തിരിച്ചെടുത്ത അവസരത്തില്‍ ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാര്‍ സംഘടനയില്‍നിന്ന് രാജിവച്ചിരുന്നു. ദിലീപിനെ തിരിച്ചെടുത്തത് കൊണ്ടല്ലെന്നും ഇതിനു മുമ്പ് ദിലീപ് തന്റെ അഭിനയ അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ടെന്നും അന്ന് പരാതിപ്പെട്ടപ്പോള്‍ 'അമ്മ' ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ആക്രമിക്കപ്പെട്ട നടി രാജിവച്ചതിന് ശേഷം പ്രതികരിച്ചു.
Content Highlights: actor idavela babu changes sides, actress abduction molestation case trial
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..