ബെംഗളൂരു: ബോളിവുഡ് നടൻ ഫറാസ് ഖാൻ (46) ബെംഗളൂരുവിൽ അന്തരിച്ചു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നടി പൂജാ ഭട്ടാണ് മരണവിവരം ‘ട്വിറ്ററി’ലൂടെ അറിയിച്ചത്.

ശ്വാസകോശത്തിലെ അണുബാധമൂലം കഴിഞ്ഞ ഒരുവർഷമായി ചികിത്സയിലായിരുന്നു. ആരോഗ്യനില കൂടുതൽ വഷളായതിനെത്തുടർന്ന് കഴിഞ്ഞ ഒക്ടോബർ എട്ടിനാണ് ഫറാസ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മസ്തിഷ്കത്തിൽ അണുബാധയേറ്റതായിരുന്നു ആരോഗ്യനില വഷളാകാനിടയാക്കിയത്.

ആദ്യകാല നടൻ യൂസുഫ് ഖാന്റെ മകനാണ്. 1974 ജൂലായ് 11-ന് മുംബൈയിലാണ് ജനിച്ചത്. ഫരേബ്, മെഹന്ദി, ചന്ദ് ബുജ് ഗയ, പൃഥ്വി, ദുൽഹൻ ബനോ മേൻ തെരി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ഒട്ടേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ഫറാസ് ഖാന്റെ ചികിത്സയ്ക്കായി സാമ്പത്തികസഹായം അഭ്യർഥിച്ച് സഹോദരൻ ഷഹ്മാൻ ഖാൻ രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന് നടി പൂജാഭട്ട് ഉൾപ്പെടെയുള്ളവർ സഹായവുമായി എത്തി.