ശ്രീനിവാസൻ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ | മാതൃഭൂമി
രാഷ്ട്രീയക്കാരെയും രാഷ്ട്രീയപ്പാർട്ടികളേയും നിശിതമായി വിമർശിച്ച് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ. രാഷ്ട്രീയത്തിലെ പെരുംകള്ളന്മാർക്ക് അവർ ചത്ത് കുഴിയിലേക്ക് പോകുന്നതുവരെ അഴിമതി ചെയ്യാനുള്ള സംവിധാനമാണ് ഇന്നത്തെ ജനാധിപത്യമെന്ന് അദ്ദേഹം പറഞ്ഞു. താനിതിനെ ജനാധിപത്യം എന്നല്ല തെമ്മാടിപത്യം എന്നാണ് പറയുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലവ്ഫുളി യുവേഴ്സ് വേദ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാൽപ്പത് വേർഷത്തിലേറൊയി ഞാൻ സിനിമയിലുണ്ട്. ഇന്നുവരെ എന്നെ ആരും ഒരു ഓഡിയോ ലോഞ്ചിലും വിളിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ടാണ് ശ്രീനിവാസൻ തന്റെ സംഭാഷണം തുടങ്ങിയത്. താനൊരു സംഗീത ജ്ഞാനിയാണെന്ന് പലർക്കും അറിയില്ല. തന്റെ സംഗീതബോധം ആളുകൾക്ക് മനസ്സിലാക്കി കൊടുക്കാൻ ഒരു ആൽബം ചെയ്യണമെന്ന് കരുതിയതാണ്. പക്ഷേ അത് നീണ്ടുപോയി, ഇനി അധികം വൈകില്ല. അടുത്ത ഒന്നുരണ്ട് മാസങ്ങൾക്കകം തന്നെ ആൽബം ഇറക്കാനുള്ള പരിപാടിയിലാണ്. പത്തിരുപത്തഞ്ച് ഗാനങ്ങളുണ്ടാവും. അതെല്ലാം സ്വയം എഴുതി ഈണമിട്ട് പാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ചില കാര്യങ്ങൾ പറയാനുണ്ട്. പ്രധാനമായും ജീവിക്കുന്ന ചുറ്റുപാടുകളേക്കുറിച്ച്. ഒരു നരകത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഇവിടെ ജനാധിപത്യമാണെന്നാണ് പറയുന്നത്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പേ ഗ്രീസിലാണത്രേ ജനാധിപത്യത്തിന്റെ ഒരുമാതൃകയുണ്ടായത്. കഴിവുള്ളവരെയാണല്ലോ ഭരിക്കാൻ നിങ്ങൾ തിരഞ്ഞെടുക്കുന്നത്. ഈ കഴിവുള്ളവരെ തിരഞ്ഞെടുക്കാനുള്ള കഴിവ് വോട്ട് ചെയ്യുന്നവർക്കുണ്ടോ? എന്നാണ് അന്ന് തത്വചിന്തകനായിരുന്ന സോക്രട്ടീസ് പറഞ്ഞത്. ജനാധിപത്യത്തിന്റെ പ്രശ്നമെന്താണെന്ന് അന്ന് സോക്രട്ടീസ് പറഞ്ഞതാണ്. ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഡെമോക്രസി കണ്ടുപിടിച്ചവനെ ചുട്ടുകൊന്നിട്ട് അയാൾ ആത്മഹത്യ ചെയ്തേനേ." –ശ്രീനിവാസൻ പറഞ്ഞു.
രാഷ്ട്രീയത്തിലെ പെരുംകള്ളന്മാർക്ക് അവർ ചത്ത് കുഴിയിലേക്ക് പോകുന്നതുവരെ അഴിമതി ചെയ്യാനുള്ള സംവിധാനമാണ് ഇന്നത്തെ ജനാധിപത്യം എന്നുപറയുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കള്ളന്മാരെ ഒരു ചുക്കും ചെയ്യാൻ പറ്റാത്ത വ്യവസ്ഥിതിയാണ് ഇവിടെ. ഞാനിതിനെ ജനാധിപത്യം എന്നല്ല പറയുക മറിച്ച് തെമ്മാടിപത്യം എന്നാണ്. വളരെ ദയനീയമായ ഒരു ചുറ്റുപാടിലാണ് നമ്മൾ ജീവിക്കുന്നത്. ഒരു കഴിവുമില്ലാത്ത കള്ളന്മാരായ ആൾക്കാർ രാഷ്ട്രീയത്തിൽ ഇങ്ങനെ വന്നുകൊണ്ടേയിരുന്നു. അവർ കട്ട് മുടിച്ച് നമ്മളെയും നാടിനെയും നശിപ്പിക്കും. ഈ ദുരിതം എന്നെങ്കിലും മാറുമോ എന്ന ആഗ്രഹത്തോടുകൂടി കഴിയാം എന്നല്ലാതെ ഒരു പ്രതീക്ഷയും നമുക്കില്ല. ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയെ പ്രത്യേകമായി എടുത്തു പറയുകയല്ല എല്ലാ രാഷ്ട്രീയപാർട്ടികളും കണക്കാണെന്നും ശ്രീനിവാസൻ വിമർശിച്ചു.
Content Highlights: actor director sreenivasan against political parties and leaders, lovefully veda movie audio launch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..