ചിരഞ്ജീവി | ഫോട്ടോ: www.facebook.com/ChiranjeeviFC
തെന്നിന്ത്യൻ സിനിമാലോകത്ത് ഏറെ ആരാധകരുള്ള താരമാണ് തെലുങ്കിന്റെ മെഗാസ്റ്റാർ ചിരഞ്ജീവി. കഴിഞ്ഞ ദിവസമാണ് ചിരഞ്ജീവി അർബുദ ബാധിതനാണെന്ന വാർത്ത കാട്ടുതീ പോലെ പടർന്നത്. ഇതുകേട്ട് ആരാധകരും ആശങ്കയിലായി. ഇതോടെ ഈ വിഷയത്തിൽ വിശദീകരണവുമായി ചിരഞ്ജീവി തന്നെ രംഗത്തെത്തി.
ആന്ധ്രയിൽ ഒരു കാൻസർ സെന്റർ ഉദ്ഘാടനത്തിനിടെ ചിരഞ്ജീവി നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗമാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. ഒരിക്കൽ നടത്തിയ പരിശോധനയേത്തുടർന്ന് തന്റെ ശരീരത്തിൽ നോൺ കാൻസെറസ് പോളിപ്സുകൾ കണ്ടെത്തുകയും നീക്കം ചെയ്യുകയും ചെയ്തു എന്ന ഭാഗമാണ് വാർത്തകൾക്കിടയാക്കിയത്. എന്നാൽ താൻ പറഞ്ഞത് ടെസ്റ്റ് നടത്തിയില്ലായിരുന്നെങ്കിൽ അത് അർബുദത്തിന് കാരണമാകുമായിരുന്നു എന്നാണെന്ന് ചിരഞ്ജീവി ട്വീറ്റ് ചെയ്തു.
"കുറച്ചുമുമ്പ് ഒരു കാൻസർ സെന്റർ ഉദ്ഘാടനത്തിനിടെ അർബുദ രോഗത്തേക്കുറിച്ചുള്ള ബോധവത്ക്കരണം കൂടുതൽ നടത്തേണ്ടതിന്റെ ആവശ്യകതയേക്കുറിച്ച് സംസാരിച്ചിരുന്നു. കൃത്യമായ വൈദ്യപരിശോധനകൾ നടത്തിയാൽ ഈ രോഗത്തെ പ്രതിരോധിക്കാനാവും. ഞാൻ കരുതലോടെയിരിക്കുകയും കോളനോസ്കോപി ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു. ഇതിൽ മുമ്പോട്ടു തള്ളിനിൽക്കുന്ന ഒരുതരം നേർത്ത ശ്ലേഷ്മപടലം കണ്ടെത്തുകയും വൈകാതെ നീക്കം ചെയ്യുകയും ചെയ്തു. അല്ലെങ്കിലിത് അർബുദത്തിലേക്ക് നയിക്കുമായിരുന്നു. അതുകൊണ്ടാണ് വൈദ്യപരിശോധന കൃത്യമായി നടത്തേണ്ടതിനേക്കുറിച്ച് ഞാൻ പറഞ്ഞത്." ചിരഞ്ജീവി വ്യക്തമാക്കി.
എന്നാൽ ചില മാധ്യമങ്ങൾ തനിക്ക് കാൻസറാണെന്ന തരത്തിൽ വാർത്ത കൊടുത്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത് അനാവശ്യ ആശയക്കുഴപ്പത്തിന് കാരണമായി. നിരവധി അഭ്യുദയകാംക്ഷികൾ തന്റെ ആരോഗ്യത്തെക്കുറിച്ച് സന്ദേശങ്ങൾ അയയ്ക്കുന്നു. അവർക്കെല്ലാം വേണ്ടിയാണ് ഈ വ്യക്തത വരുത്തൽ. തെറ്റായ പ്രചാരണങ്ങൾ കാരണം പലരും ഭയപ്പെടുകയും വേദനിക്കുകയും ചെയ്യുന്നുവെന്നും ചിരഞ്ജീവി കൂട്ടിച്ചേർത്തു.
Content Highlights: Actor Chiranjeevi Twitter, Chiranjeevi dismisses reports of his cancer diagnosis
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..