കൊച്ചി: മോണ്‍സണ്‍ മാവുങ്കലിനു വേണ്ടി ഇടപെട്ട സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ബാല. മോണ്‍സന്റെ ഡ്രൈവര്‍ അജിത്തും ബാലയും തമ്മിലുള്ള സംഭാഷണം പുറത്ത് വന്നിരുന്നു. മോണ്‍സനെതിരേ അജിത്ത് നല്‍കിയ കേസ് പിന്‍വലിക്കണമെന്നാണ് ബാല അജിത്തിനോട് ആവശ്യപ്പെടുന്ന സംഭാഷണമാണ് പുറത്ത് വന്നത്. മോണ്‍സണ്‍ കൊച്ചിയില്‍ തന്റെ അയല്‍വാസിയായിരുന്നുവെന്നും സൗഹൃദം ഉണ്ടായിരുന്നുവെന്നും ബാല മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. നാല് മാസം മുന്‍പത്തെ സംഭാഷണമാണ് ഇപ്പോള്‍ പുറത്ത് വന്നതെന്നും ബാല കൂട്ടിച്ചേര്‍ത്തു.

മോണ്‍സന്റെ ജീവികാരുണ്യപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് ഞാന്‍ അദ്ദേഹവുമായി സൗഹൃദത്തിലാകുന്നത്. അദ്ദേഹം തട്ടിപ്പു നടത്തുന്ന വ്യക്തിയാണെന്ന് തോന്നിയിട്ടില്ല. ഞാന്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നില്ല.  അദ്ദേഹം മറ്റുള്ളവരില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെങ്കില്‍ തിരിച്ചു നല്‍കാന്‍ ബാധ്യസ്ഥനാണ്. ഞാന്‍ മാത്രമല്ല മോഹന്‍ലാല്‍ മുന്‍ ഡിജിപി അടക്കമുള്ളവര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയിട്ടുണ്ട്.

മോണ്‍സണ്‍ പിരിച്ചുവിട്ടതിന് ശേഷം അജിത്ത് എന്നെ വിളിച്ചിരുന്നു. ശമ്പളം കിട്ടിയിട്ടില്ലെന്നൊക്കെ പറഞ്ഞു. അവര്‍ തമ്മിലുള്ള വഴക്ക് പരിഹരിച്ച് സ്‌നേഹത്തോടെ പോകാന്‍ ഞാന്‍ ആവശ്യപ്പെട്ടു. അതില്‍ കൂടുതലൊന്നും ഞാന്‍ ചെയ്തിട്ടില്ല. നിങ്ങള്‍ക്ക് അറിയാവുന്നതില്‍ കൂടുതലൊന്നും ഇപ്പോള്‍ എനിക്കറിയില്ല. തെറ്റുകാരനാണെങ്കില്‍ അദ്ദേഹം ശിക്ഷക്കപ്പെടട്ടേ- ബാല പറഞ്ഞു.

Content Highlights: Actor Bala responds to controversy regarding Monson Mavunkal, phone conversation with driver Ajith