-
ഒരു വര്‍ഷം മുമ്പ് നടത്തിയ സ്വകാര്യസംഭാഷണത്തിന്റെ ഫോണ്‍ റെക്കോര്‍ഡ് പുറത്തുവിട്ടത് ആരാണെന്ന് അറിയാമെന്ന് നടന്‍ ബാല. കഴിഞ്ഞ ദിവസമാണ് ബാലയുടെയും ഒരു പ്രമുഖ നിര്‍മാതാവിന്റെ ഭാര്യയുടെയും ഫോണ്‍ കോളിന്റെ ശബ്ദരേഖ പുറത്തുവന്നത്. ഇരുവരുടെയും വ്യക്തിപരമായ വിവാദവിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഫോണ്‍ കോള്‍ സിനിമാമേഖലയിലും വലിയ ചര്‍ച്ചയായി. തുടര്‍ന്ന് നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ച വ്യക്തിയാണ് താന്‍. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ഉദ്ദേശം മാനസികമായി തന്നെ തകര്‍ക്കുക എന്നതാണെന്ന് ബാല പറയുന്നു.
ബാലയുടെ വാക്കുകള്‍
ഇന്നു രാവിലെ മുതല്‍ എനിക്ക് ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരിക്കുന്നു. വ്യക്തി ജീവിതത്തെക്കുറിച്ച് ഞാന്‍ നേരത്തേ സംസാരിച്ചതാണ്. നാലഞ്ച് മാസം മുമ്പായിരുന്നു എന്റെ വിവാഹമോചനം. നല്ല രീതിയില്‍ എല്ലാവരും മുന്നോട്ടുപോകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്നാല്‍ ആവശ്യമില്ലാത്ത ഒരു വിവാദമാണ് ഇപ്പോഴത്തെ സംസാരവിഷയം. ഒരു കേസ് നടക്കുമ്പോള്‍ സ്വയം സുരക്ഷയ്ക്കായി കോള്‍ റെക്കോര്‍ഡിങുകള്‍ ഉണ്ടാകും. എല്ലാവരുടെയും നല്ലതിനു വേണ്ടിയാണ്.
എന്നാല്‍ ഒന്നരവര്‍ഷം മുമ്പത്തെ കോള്‍ റെക്കോര്‍ഡിങ് ഇപ്പോള്‍ എന്തിന് പുറത്തുവന്നു എന്ന് എനിക്ക് വ്യക്തമല്ല. അത് വല്ലാതെ വേദനിപ്പിക്കുന്ന കാര്യമാണ്. എന്നെ ആരും നേരിട്ട് വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ല. എന്നാല്‍ എന്റെ വിഐപി സുഹൃത്തുക്കളെ വിളിച്ച് പലകാര്യങ്ങളും സംസാരിച്ചിട്ടുണ്ട്. എനിക്ക് വേണമെങ്കില്‍ പൊലീസ് പരാതി കൊടുക്കാമായിരുന്നു. പക്ഷേ അതെന്റെ രീതിയല്ല. സിനിമയില്‍ നല്ല രീതിയില്‍ മുന്നോട്ടുപോകുകയാണ് ലക്ഷ്യം. ആരാണ് ഇതിന്റെ പിന്നിലെന്ന് എനിക്ക് അറിയാം.
രജനികാന്തിനെ നായകനാക്കി എന്റെ സഹോദരന്‍ ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അണ്ണാത്തൈയില്‍ ഞാനും വേഷമിടുന്നുണ്ട്. ഞാന്‍ ഒരുപാട് സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന മമ്മൂട്ടിയുടെ ബിഗ്ബി 2 ല്‍ ഞാന്‍ അഭിനയിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ബോഡി ബില്‍ഡിങ് ചെയ്യുന്നു. ഇത് കൂടാതെ നല്ല കാര്യങ്ങളും 2020ല്‍ നടന്നുകൊണ്ടിരിക്കുന്നു. വിവാദങ്ങള്‍ക്ക് എനിക്ക് താല്‍പര്യമില്ല- ബാല പറഞ്ഞു.
Content Highlights: actor Bala on leaked phone call
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..