ആശിഷ് വിദ്യാർത്ഥി | ഫോട്ടോ: www.facebook.com/ashishvidyarthiandassociates
അറുപതാം വയസിൽ വീണ്ടും വിവാഹം ചെയ്തതിനേക്കുറിച്ചും ആദ്യഭാര്യയുമായി വേർപിരിയാനുണ്ടായ കാരണത്തേക്കുറിച്ചും തുറന്ന് സംസാരിച്ച് നടൻ ആശിഷ് വിദ്യാർത്ഥി. കഴിഞ്ഞദിവസം പുറത്തുവിട്ട വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു രൂപാലി ബറുവയുമായുള്ള നടന്റെ വിവാഹം.
22 വർഷങ്ങൾക്കുമുമ്പ് രജോഷി ബറുവ എന്ന പിലൂ വിദ്യാർത്ഥിയെ കണ്ടുമുട്ടിയതടക്കമുള്ള കാര്യങ്ങളാണ് ആശിഷ് വിദ്യാർത്ഥി വീഡിയോയിലൂടെ പറഞ്ഞത്. തങ്ങൾ രണ്ടുപേരുടേയും ജീവിതങ്ങൾ വ്യത്യസ്തമാണെന്ന് ആശിഷ് വിദ്യാർത്ഥി ചൂണ്ടിക്കാട്ടി. രണ്ടുപേരുടേയും അവസരങ്ങളും വെല്ലുവിളികളും പശ്ചാത്തലവും വിദ്യാഭ്യാസവും ജോലിയുമെല്ലാം വിഭിന്നമാണ്. രാജ്യവും വിശ്വാസവുമടക്കം എല്ലാവരും വ്യത്യസ്തരാണെങ്കിലും എല്ലാവരിലും പൊതുവായുള്ള കാര്യം സന്തോഷത്തോടെയിരിക്കാൻ ആഗ്രഹിക്കുന്നു എന്നുള്ളതാണെന്ന് ആശിഷ് വിദ്യാർത്ഥി പറഞ്ഞു.
“22 വർഷങ്ങൾക്കുമുമ്പാണ് ഞാനും പിലൂവും കണ്ടുമുട്ടിയതും വിവാഹിതരായതും. മനോഹരമായിരുന്നു അത്. മകൻ അർത്ഥിന് ഇപ്പോൾ 22 വയസായി. ജോലി ചെയ്യുന്നുണ്ട്. എന്നാൽ എങ്ങനെയോ കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഭാവിയെ നോക്കിക്കാണുന്നതിൽ ഞങ്ങൾ പരസ്പരം വ്യത്യസ്തത പുലർത്തുന്നുവെന്ന് കണ്ടെത്തുകയായിരുന്നു. ആ വ്യത്യാസങ്ങൾ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ആരെങ്കിലുമൊരാൾ വിട്ടുവീഴ്ച ചെയ്യണമെന്ന് മനസിലാക്കി”. ആശിഷ് പറഞ്ഞു.
വ്യത്യാസങ്ങൾ പരിഹരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചു. വ്യത്യാസങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന കാര്യം ശ്രദ്ധിച്ചു, പക്ഷേ അത് ഒരാൾ മറ്റൊരാളുടെ മേൽ അടിച്ചേൽപ്പിക്കുന്ന വിധത്തിലായിരിക്കും. അത് സന്തോഷത്തെ അകറ്റുകയും ചെയ്യും. പിന്നെ, സന്തോഷമാണ് നമ്മൾ ആഗ്രഹിക്കുന്നത്, അല്ലേ? അതിനാൽ ആ സമയത്ത് ഞങ്ങൾ രണ്ടുപേരും ഒരുമിച്ചിരുന്നു. വേർപിരിയൽ സൗഹാർദ്ദപരമായി ചെയ്യാമെന്ന് പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസം ഇതേ കാര്യം രജോഷിയും പറഞ്ഞിരുന്നു. ആശിഷ് വിദ്യാർത്ഥിയുടെ പുനർവിവാഹവുമായി ബന്ധപ്പെട്ടുണ്ടായ വ്യാഖ്യാനങ്ങളെല്ലാം വിവേകശൂന്യമാണെന്നാണ് അവർ പറഞ്ഞത്. ആശിഷ് ഒരിക്കലും തന്നോട് വിശ്വാസവഞ്ചന കാണിച്ചിട്ടില്ല. വീണ്ടും വിവാഹിതനാവണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നെന്ന് ആളുകൾ വിചാരിച്ചാൽപ്പോലും. ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളെല്ലാം തെറ്റാണെന്നും അവർ വ്യക്തമാക്കിയിരുന്നു. 2022- ഒക്ടോബറിലായിരുന്നു ആശിഷും രജോഷിയും ബന്ധം വേർപെടുത്തിയത്.
Content Highlights: actor ashish vidyarthi about his second marriage, ashish vidyarthi about separation with rajoshi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..