സീരിയല്‍ രംഗത്ത് നിന്ന് സിനിമയിലേക്ക് ചേക്കേറിയ നടിയാണ് ആര്യ. എന്നാല്‍ ആര്യയെ ജനപ്രിയയാക്കിതയ് ബഡായി ബംഗ്ലാവ് എന്ന ഷോയാണ്. രമേഷ് പിഷാരടിക്കൊപ്പം ആര്യ ബഡായി ബംഗ്ലാവിലെത്തിയത് പ്രേക്ഷകരെ ഒരുപാട് പൊട്ടിച്ചിരിപ്പിച്ചു. 

ബഡായി ബംഗ്ലാവില്‍ തിളങ്ങിക്കൊണ്ടിരുന്ന ആര്യയെ ബേസില്‍ ജോസഫ് കുഞ്ഞിരാമായണം എന്ന ചിത്രത്തിലേക്ക് ക്ഷണിച്ചു. ചിത്രത്തില്‍ ആര്യ ഒരു ചെറിയ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സിനിമയുടെ തുടക്കത്തിലൊന്നും ആര്യയ്ക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. എന്നാല്‍ ക്ലൈമാക്‌സില്‍ ആര്യയുടെയും ബിജു മേനോന്റെയും ഒരു രംഗമുണ്ട്. കുഞ്ഞിരാമായണത്തെക്കുറിച്ച് പ്രേക്ഷകര്‍ ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്നത് ഈ രംഗമായിരിക്കും.  മാതൃഭൂമി ക്ലബ് എഫ്.എം യുഎഇയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആര്യ ഇതെക്കുറിച്ച് സംസാരിക്കുകയാണ്. ഒപ്പം മറ്റു വിശേഷങ്ങളും.

'എന്നെ കുഞ്ഞിരാമായണത്തിലേക്ക് ബേസില്‍ വിളിച്ചപ്പോള്‍ തന്നെ പറഞ്ഞിരുന്നു. ആര്യ ഈ സിനിമയുടെ തുടക്കത്തില്‍ നിനക്ക് കാര്യമായി ഒന്നും ചെയ്യാനില്ല. എന്നാല്‍ ടെയില്‍ എന്റില്‍ ഒരു രംഗമുണ്ട്. അത് വളരെ പ്രധാനപ്പെട്ടതാണ്. ഒരു പക്ഷേ പ്രേക്ഷകര്‍ ഈ സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്നത് ഈ രംഗമായിരിക്കും. 

അജു വര്‍ഗീസും വിനീത് ശ്രീനിവാസനുമാണ് ചിത്രത്തിലേക്ക് എന്നെ നിര്‍ദ്ദേശിച്ചത്. ബഡായി ബംഗ്ലാവിലെ ആ കുട്ടി ചെയ്താല്‍ നന്നായിരിക്കുമെന്ന് അവര്‍ ബേസിലിനോട് പറഞ്ഞു. തുടക്കത്തിലൊന്നും എന്നോട് എന്താണ് ആ സീന്‍ എന്നൊന്നും പറഞ്ഞിരുന്നില്ല. പിന്നീടാണ് ബിജു ചേട്ടന്റെ (ബിജു മേനോന്‍) കൂടെയാണ് അഭിനയിക്കേണ്ടത് എന്ന് എനിക്ക് മനസ്സിലായത്. എനിക്ക് അതിന്റേതായ വെപ്രാളം ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം വളരെ കൂളായിരുന്നു.'  

ആര്യയുടെ അടുത്ത സുഹൃത്താണ് രമേഷ് പിഷാരടി. അദ്ദേഹം ഒരുക്കിയ പഞ്ചവര്‍ണതത്ത എന്ന ചിത്രത്തില്‍ ആര്യയ്ക്ക് രമേഷ് പിഷാരടി ഒരു വേഷം നല്‍കുമെന്ന് പ്രേക്ഷകര്‍ കരുതിയിരുന്നു. എന്നാല്‍ ആ ചിത്രത്തില്‍ ആര്യ അഭിനയിച്ചില്ല. ആദ്യ സിനിമയില്‍ ഒഴിവാക്കിയെങ്കിലും പിഷാരടിയുടെ രണ്ടാമത്തെ സിനിമയായ ഗാനഗന്ധര്‍വനില്‍ ആര്യ അഭിനയിക്കുന്നുണ്ട്. മമ്മൂട്ടിയാണ് ചിത്രത്തിലെ നായകന്‍. രണ്ടാമത്തെ ചിത്രത്തിലേക്ക് പിഷാരടി തന്നെ വിളിക്കാനുള്ള കാരണവും ആര്യ വ്യക്തമാക്കി.

'പഞ്ചവര്‍ണതത്തയില്‍ രമേഷ് പിഷാരടിയുടെ എല്ലാ സുഹൃത്തുക്കളും ഉണ്ടായിരുന്നു. എന്നാല്‍ ഞാന്‍ മാത്രം ഇല്ല. സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ഇതെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചു. എന്തുകൊണ്ട് ആര്യയെ കാസ്റ്റ് ചെയ്തില്ല എന്ന്. ആ ശല്യം സഹിക്കാന്‍ വയ്യാതായപ്പോള്‍ പിഷാരടി എന്നെ രണ്ടാമത്തെ സിനിമയിലേക്ക് വിളിച്ചു'- ആര്യ കൂട്ടിച്ചേര്‍ത്തു.

Content Highlights: actor Arya Badai bungalow interview talks about, Kunjiramayanam, comedy scene, Ramesh Pisharody Ganagandharvan Movie