അനുശ്രീ | PHOTO: SCREEN GRAB, FACEBOOK/ANUSREE
ശാരീരികമായി ഉണ്ടായ ബുദ്ധിമുട്ടുകൾ മൂലം ഒമ്പത് മാസത്തോളം റൂമിൽ കഴിയേണ്ടി വന്ന അവസ്ഥ തുറന്ന് പറഞ്ഞ് നടി അനുശ്രീ. ഇടത് കെെ പാരലെെസ്ഡ് ആയെന്നും സിനിമ ജീവിതം അവസാനിച്ചുവെന്നാണ് കരുതിയിരുന്നതെന്നും നടി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അനുശ്രീയുടെ വെളിപ്പെടുത്തൽ.
'ഇതിഹാസയിലൊക്കെ അഭിനയിച്ച ശേഷമാണ്. നടക്കുമ്പോൾ പെട്ടെന്ന് കെെയിൽ ബാലൻസ് ഇല്ലാതാകുന്നത് പോലെ തോന്നി. ആദ്യം എന്താണെന്ന് മനസിലായില്ല. പിന്നീട് ഇടയ്ക്കിടെ അങ്ങനെ സംഭവിക്കാൻ തുടങ്ങി. ആശുപത്രിയിൽ പോയി എക്സ് റേ ഒക്കെ എടുത്തെങ്കിലും അപ്പോൾ എന്താണെന്ന് കണ്ടുപിടിക്കാൻ പറ്റിയില്ല.
മൂന്നു നാല് മാസത്തെ ചികിത്സയ്ക്കും പരിശോധനയ്ക്കും ശേഷമാണ് അധികമായി ഒരു എല്ല് വളർന്ന് വരുന്നതാണ് പ്രശ്നമെന്ന് മനസ്സിലായത്. അതിൽ നെർവ് കയറിച്ചുറ്റുകയോ ഒക്കെ ചെയ്ത് കംപ്രസ്ഡായിട്ട് കുറച്ച് മോശമായ അവസ്ഥയിലായി. കെെയിൽ പൾസ് കിട്ടാത്ത അവസ്ഥയായി. ശസ്ത്രക്രിയ നടത്തേണ്ട സമയം അതിക്രമിച്ച ശേഷമാണ് പ്രശ്നം കണ്ടെത്തുന്നത്. ആ സമയം ഇതിഹാസ റിലീസിന് ഒരുങ്ങുകയാണ്. പെട്ടെന്ന് സർജറി നടത്തി. എട്ട്-ഒമ്പത് മാസത്തോളം കൈ പാരലൈസ്ഡ് ആയിരുന്നു. ആ ഒമ്പത് മാസത്തോളം ഒരു റൂമിനുള്ളിലായിരുന്നു ജീവിതം. സിനിമയൊക്കെ ഒരു പെട്ടിയിൽ പൂട്ടിവെക്കണം എന്ന് തീരുമാനിച്ചു.
ശരീരത്തിലെ ഒരു ഞരമ്പിനൊക്കെ എന്തുമാത്രം പ്രസക്തിയുണ്ടെന്ന് മനസ്സിലാക്കിയത് അപ്പോഴാണ്. നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ശരീരത്തിന്റെ ഒരു ഭാഗം അനക്കാൻ കഴിയാത്ത അവസ്ഥ. നാല് ചുമരിനുള്ളിൽ ഒമ്പത് മാസത്തോളം കഴിഞ്ഞു, മുന്നിൽ ടി.വി മാത്രം. ഫിസിയോതെറാപ്പി ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് എനിക്ക് ‘ചന്ദ്രേട്ടൻ എവിടെയാ’ എന്ന ചിത്രത്തിൽ നിന്നുള്ള കോൾ വരുന്നത്. എനിക്ക് പറ്റില്ലെന്ന് സംവിധായകനോട് പറഞ്ഞു. നേരിട്ട് കാണാമെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. എനിക്ക് ഇടം കെെ കൊണ്ട് ഒരു കോഫി പോലും കുടിക്കാൻ പറ്റില്ലെന്ന് അവരോട് പറഞ്ഞു. നടക്കണമെങ്കിൽ അമ്മയുടെ സഹായം വേണമായിരുന്നു. എന്നെ വെച്ച് എങ്ങനെ സിനിമ ചെയ്യുമെന്ന് ഞാൻ ചോദിച്ചു. എത്ര നാൾ ഫിസിയോതെറാപ്പി ഉണ്ടെന്ന് അവർ ചോദിച്ചു. നാല് മാസമെന്ന് പറഞ്ഞപ്പോൾ അത് കഴിഞ്ഞ് വരാമെന്ന് അവർ പറഞ്ഞു. അവരുടെ വാക്കുകൾ എനിക്ക് കിട്ടിയ എനർജി വലുതായിരുന്നു. അത് ഒരു പ്രതീക്ഷയായിരുന്നു. ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിൽ ദിലീപേട്ടൻ ഒരുപാട് സഹായിച്ചിരുന്നു. ആ ബഹുമാനം അദ്ദേഹത്തോട് എനിക്കുണ്ട്. പുലിമുരുകൻ ഉൾപ്പടെയുള്ള ചിത്രങ്ങളിലെ അവസരം ആ സമയത്ത് നഷ്ടമായിരുന്നു. ഒരു റോപ്പ് കെട്ടി ചാടുന്ന രംഗമുണ്ടായിരുന്നു. അതൊന്നും ആ സമയത്ത് ചെയ്യാനാകുമായിരുന്നില്ല', അനുശ്രീ പറഞ്ഞു.
അതേസമയം, വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായെത്തുന്ന 'കള്ളനും ഭഗവതി'യുമാണ് അനുശ്രീയുടെ പുതിയ ചിത്രം. മാർച്ച് 31-ന് ചിത്രം തിയേറ്ററുകളിലെത്തും
Content Highlights: actor anusree about her health condition
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..