നെഞ്ച് ഇടിക്കുണൂ, വിങ്ങലോടെയല്ലാതെ അച്ഛനെ കുറിച്ചെഴുതാൻ വയ്യ; വികാരാധീനയായി അനുമോൾ


എന്തിനേം നേരിടാനും, കുന്നോളം സ്വപ്നം കാണാനും ജീവിതത്തിൽ ഓരോ വീഴ്ച്ചയിലും എണീറ്റു നിവർന്നു നിന്നു പൊരുതാനും പഠിപ്പിച്ച ഇമ്മിണി വല്ല്യ അച്ഛൻ....

-

ച്ഛന്റെ ഓർമകളിൽ വികാരാധീനയായി നടി അനുമോൾ. 25 വർഷങ്ങൾക്ക് മുൻപ് വിടപറഞ്ഞ അച്ഛന്റെക്കുറിച്ച് എഴുതുമ്പോൾ ഇന്നും മനസ്സിൽ വിങ്ങലാണെന്ന് അനുമോൾ കുറിയ്ക്കുന്നു. ജീവിതത്തിൽ പ്രതിസന്ധികളെ നേരിടാനും തരണം ചെയ്യാനും അച്ഛൻ തന്നെ പഠിപ്പിച്ചുവെന്ന് അനുമോൾ പറയുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും നഷ്ടവും അച്ഛനാണെന്നും ആ അച്ഛന്റെ മകൾ എന്നു കേൾക്കുന്നതാണ് അഭിമാനമെന്നും താരം പറയുന്നു.

അനുമോൾ എഴുതിയ കുറിപ്പ് വായിക്കാം:

25 വർഷങ്ങൾ..

ന്റെ അച്ഛന്, അച്ഛന്റെ ചങ്കൂറ്റത്തിന്റെ അകമ്പടില്ല്യാതെ തുഴഞ്ഞു തീർത്ത നീണ്ട 25 വർഷങ്ങൾ. പിന്നിൽക്ക് നോക്കുമ്പോ, എങ്ങനെ ഇവിടെ വരെത്തീന്നു ആലോചിക്കുമ്പോ നെഞ്ച് ഇടിക്കണൂ. വിങ്ങലോടെയല്ലാതെ അച്ഛനെ കുറിച്ചു എഴുതാനോ ആലോചിക്കാനോ പോലും വയ്യ. എന്തൊക്കെ ണ്ടായാലും ഏറ്റവും വേണ്ടത്, വേണ്ടപ്പെട്ടത് മാത്രം ണ്ടായില്ല, അച്ഛൻ. ആ അരക്ഷിതാവസ്ഥ, അപകർഷത ഒന്നിനും പകരം തരാനും ആയില്ല.

പാടവും, കുളവും, ഷാപ്പും, തുടർവള്ളിക്കാവും, മുത്തശ്ശിയാർ കാവും, ചിനവതിക്കാവും കാളയും പൂരവും, വെളിച്ചപാടും പൂതനും തിറയും, മലകയറ്റവും വായനശാലയും ഒക്കെ നിറഞ്ഞു നിക്കണ നടുവട്ടത്തിന്റെ മനോഹരമായ ഇത്തിരി വെട്ടത്തിനപ്പുറത്തെ വിശാലമായ ആകാശം സ്വപ്നം കാണാൻ ധൈര്യം തോന്നിയത് അച്ഛന്റെ മകളായതോണ്ട് മാത്രാണ്. എന്തിനേം നേരിടാനും, കുന്നോളം സ്വപ്നം കാണാനും ജീവിതത്തിൽ ഓരോ വീഴ്ച്ചയിലും എണീറ്റു നിവർന്നു നിന്നു പൊരുതാനും പഠിപ്പിച്ച ഇമ്മിണി വല്ല്യ അച്ഛൻ.

ഞങ്ങളെ ചേർത്തു പിടിച്ചിരുന്നതിനെക്കാളും ചുറ്റും ഉള്ളോരെ ചേർത്തു പിടിച്ചു, നമ്മടെ സങ്കടങ്ങളെക്കാൾ വലുത് ചുറ്റും ഉള്ളവരുടെ വേദന ആണെന്നും പഠിപ്പിച്ചത് അച്ഛൻ ആണ്. ഈ 25-ാം വർഷത്തിലും ഞങ്ങൾ ആയാലും ചുറ്റും ഉള്ളോരായാലും അച്ഛനെ ഓർക്കാത്ത, വീരകഥകൾ പറയാത്ത ഒരീസം പോലും ണ്ടായിട്ടുണ്ടാവില്ല. ജീപ്പ് കേസ് ജയിച്ച കഥ, കാർ ഷെഡിലെ തല്ലി തീർക്കൽ കഥ, പട്ടാമ്പി നേർച്ച അങ്ങനെ കുറെ കഥകൾ ഇപ്പഴും ഹിറ്റ് ആണ് ട്ടൊ..

അച്ഛൻ സ്റ്റേജിൽ ഇരുന്നാലെ ഡാൻസ് കളിക്കൂന്ന് വാശി പിടിച്ചിരുന്ന ഞാൻ ഇന്ന് ഓരോ സ്റ്റേജിലും അച്ഛനെ തിരയും, വെറുതെ കുറെ സ്വപ്നം കാണും, ദിവാസ്വപ്നങ്ങൾ നു പറയില്ലേ ? കോളജിലേക്കു ട്രെയിൻ കയറാൻ നിക്കുമ്പോ കുട്ട്യോളെ അച്ഛൻമാർ കൊണ്ടാക്കുന്നത് കണ്ടിട്ട് എന്റെ അച്ഛൻ വരുന്നത് സ്വപ്നം കണ്ട് ഇരുന്നിട്ട്ണ്ട്, പുതിയ ഏതൊരു സ്ഥലത്തു ചെന്നെറങ്ങുമ്പോ അച്ഛനെ തിരയാറുണ്ട്, തിരിച്ചു വരുമ്പോ എയർപോർട്ടിലും റെയിൽവേ സ്റ്റേഷനിലും കാത്തു നിക്കനുണ്ടാവും നു കരുതും.. ഓരോ ചടങ്ങും ഓരോ സ്റ്റേജിലും അവിടെ എവിടെയോ അച്ഛൻ നിന്നു കാണുന്നുണ്ട് ന്നു ഇപ്പോ ന്റെ അടുത്തു വരും തോന്നും. ബ്രെയിനിന്റെ ലോജിക്ക് മനസ്സിന് മനസ്സിൽ ആവില്ലല്ലോ, ആഗ്രഹങ്ങൾ സ്വപ്നങ്ങൾ ആവുന്നത് അല്ലെ !

ഒരുപാട് ബുദ്ധിമുട്ടി ഒട്ടും എളുപ്പം ആയിരുന്നില്ല ട്ടൊ ജീവിതം. മാറ്റിനിർത്തിയവരും ചേർത്തുനിർത്തിയവരും ഉണ്ടായിരുന്നു. സ്കൂൾ, കോളജ്, യാത്രകൾ, ആവശ്യങ്ങൾ, സ്ത്രീകൾ മാത്രമുള്ള വീട്, ഡാൻസ് യാത്രകൾ, സ്റ്റേജുകൾ, സിനിമയാത്രകൾ, പ്രണയം എല്ലാം എല്ലാടത്തും നല്ലോണം അറിഞ്ഞിരുന്നു അച്ഛൻ കൂടെ ഇല്ലാത്തത്. 4ാം ക്ലാസിനു ഇവിടെ വരെ എത്താൻ ഒട്ടും എളുപ്പം ആയിരുന്നില്ല.. അച്ഛനു ഇത്ര നേരത്തെ അങ്ങട് പോവേണ്ടിയിരുന്നില്ല.

പിന്നെ എപ്പഴോ ഞാൻ സ്വയം അച്ഛന്റെ റോൾ എടുക്കേണ്ടി വന്നു, മോട്ടടെ ചേച്ചിയും അച്ഛനുമായി, അമ്മ ടെ കരുത്തും ആശ്രയവും, നാട്ടിലും സ്വന്തകാരിലും ഒക്കെ ഞാൻ മനോഹരേട്ടന്റെ മോൾ ആയി. ആ ലേബൽ വലിയ ഒരു ഉത്തരവാദിത്തവും ചുമതലയും ആയിരുന്നു. പറഞ്ഞു കേട്ട അച്ഛന്റെ ആദർശങ്ങൾ ഒന്നും ഞാനും തെറ്റിച്ചിട്ടിച്ചില്ല.

സ്വന്തമായി ഒരു വ്യക്തിത്വം ണ്ടാക്കാൻ പറ്റീച്ചാലും എന്നും മ്മടെ മനോഹരേട്ടന്റെ മോൾ എന്നു കേക്കുന്നതെന്നെ സന്തോഷോം അഭിമാനോം . ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും , നഷ്ടവും നിക്ക് അച്ഛൻ ന്നെ ആണ്. നേരിട്ട് ഒരു സ്നേഹപ്രകടനം ഒന്നും ഓർമ ഇല്ല, അച്ഛന്റെ നെഞ്ചത്തു കിടന്നുറങ്ങിയത് അല്ലാതെ, നിറയെ നിറയെ തോനെ തോനെ സ്നേഹം...- അച്ഛേടെ മോൾ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


chintha jerome jayarajan

2 min

തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ? യുവനേതാവിനെ തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കണ്ട- ഇ.പി

Jan 30, 2023

Most Commented