ക്രിസ്റ്റ്യാനോ റൊണാൾഡോ, ആന്റണി വർഗീസ് | ഫോട്ടോ: എ.പി, ജമേഷ് കോട്ടയ്ക്കൽ | മാതൃഭൂമി
ലോകം ആരാധിക്കുന്ന ഫുട്ബോൾ താരമാണ് പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ. ആ താരത്തിന്റെ അനേകം ആരാധകരിൽ ഒരാളാണ് മലയാളികളുടെ പ്രിയനടൻ ആന്റണി വർഗീസ് എന്ന പെപ്പെ. സൂപ്പർതാരത്തെ തൊട്ടടുത്ത് കാണാനായതിന്റെ ആവേശം പെപ്പേയ്ക്ക് ഇതുവരെ മാറിയിട്ടില്ല. ക്ലബ് എഫ്എം സ്റ്റാർ ജാമിലൂടെ ആ നിമിഷങ്ങൾ ആന്റണി വർഗീസ് ഓർത്തെടുത്തു.
ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്താതെ തുടക്കം മുതലേ കളിപ്പിക്കണമായിരുന്നെന്ന് പെപ്പെ പറഞ്ഞു. പുള്ളി കളിക്കാനിറങ്ങുമ്പോൾത്തന്നെ എതിർ ടീമിന് സമ്മർദ്ദമുണ്ടാവും. ഇത്രയും വലിയ കളിക്കാരൻ ഗ്രൗണ്ടിലിറങ്ങുമ്പോൾ ഒരു ചെറിയ പേടി എന്തായാലും എല്ലാവർക്കുമുണ്ടാവുമെന്നുറപ്പാണ്. ആ പേടി കൊടുത്തിരുന്നെങ്കിൽ എന്തായാലും എന്തെങ്കിലുമൊക്കെ സംഭവിച്ചേനേ. ഇതാകുമായിരുന്നില്ല ലോക കപ്പ് റിസൾട്ട്. വിധിയാണ്. കോച്ചിന്റെ തീരുമാനമാണ് എന്നും യുവതാരം പറഞ്ഞു.
"പോർച്ചുഗൽ-കൊറിയ മത്സരത്തിനിടെ തൊട്ടടുത്തു നിന്നാണ് റൊണാൾഡോയെ കണ്ടത്. ഞങ്ങളിരുന്നതിന്റെ വളരെയടുത്താണ് അദ്ദേഹം ഇരുന്നത്. പോർച്ചുഗൽ താരമായ സുവാവോ കാൻസെലോയെ ഉറക്കെ വിളിച്ച് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. കൈകൊണ്ട് ആംഗ്യമൊക്കെ കാണിച്ച് എന്തോ സംസാരിക്കുകയായിരുന്നു. പുള്ളിയുടെ ശബ്ദം വരെ കേൾക്കാൻ പറ്റി. രോമാഞ്ചം വന്നിട്ട് ആ സമയത്ത് വീഡിയോ പോലും എടുക്കാൻ പറ്റിയില്ല. എന്നാലും കുറച്ചൊക്കെ മൊബൈലിൽ എടുത്തിട്ടുണ്ട്. സന്തോഷം കൊണ്ട് കണ്ണിൽ നിന്ന് വെള്ളം വന്നു." ആന്റണി വർഗീസ് കൂട്ടിച്ചേർത്തു.
ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചാവേർ, നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആർ.ഡി.എക്സ് എന്നിവയുടേതാണ് പെപ്പേയുടേതായി വരാനിരിക്കുന്ന ചിത്രങ്ങൾ. ഇതിൽ കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ എന്നിവരാണ് ചാവേറിൽ ആന്റണിക്കൊപ്പമുള്ളത്. ആർ.ഡി.എക്സിൽ നീരജ് മാധവും ഷെയ്ൻ നിഗവും. പൂവൻ ആണ് താരത്തിന്റേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയത്.
Content Highlights: actor antony varghese about meeting with cristiano ronaldo, fifa world cup 2023
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..