കുഞ്ഞുങ്ങളെ വേണ്ട എന്ന് തോന്നുകയാണെങ്കില്‍ കൊല്ലുകയോ ഉപേക്ഷിക്കുകയോ ചെയ്യരുതെന്ന് നടി അഞ്ജലി അമീര്‍. തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റു മരണത്തിനു കീഴടങ്ങിയ കുരുന്നു ബാലന്റെ വിയോഗത്തിന്റെ പശ്ചാത്തലത്തിലാണ് അഞ്ജലിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. ആര്‍ക്കെങ്കിലും സ്വന്തം മക്കളെ വേണ്ട എന്ന് തോന്നുവെങ്കില്‍ പറയണം എന്നും അവരെ താന്‍ എടുത്തോളാമെന്നും അഞ്ജലി കുറിച്ചു.

അഞ്ജലിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

'ആര്‍ക്കെങ്കിലും സ്വന്തം മക്കളെ വേണ്ടാന്നു തോന്നിയാല്‍ നിങ്ങള്‍ തെരുവിലുപേക്ഷിക്കുകയോ കൊല്ലുകയോ വേണ്ട, ഒന്നു ബന്ധപ്പെട്ടാ മതി എവിടെയായാലും വന്നെടുത്തോളാം.'

മാര്‍ച്ച് 28-നാണ് തൊടുപുഴയില്‍ നടന്ന കൊടുംക്രൂരതയുടെ കഥ നാടറിയുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റനിലയില്‍ ഏഴുവയസ്സുകാരനെ കുട്ടിയെ അമ്മയും സുഹൃത്തും ചേര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വീണുപരിക്കേറ്റെന്നായിരുന്നു അവര്‍ പറഞ്ഞത്. ആശുപത്രിയിലെത്തുമ്പോള്‍ കുട്ടിക്ക് ബോധമുണ്ടായിരുന്നില്ല. മുറിവ് ഭീകരമായിരുന്നു. തലയോട്ടിയില്‍ വലിയ പൊട്ടലുണ്ടായിരുന്നു. തലച്ചോര്‍ പുറത്ത് വന്ന നിലയിലായിരുന്നു. അതിനാല്‍ത്തന്നെ വീണ് മുറിവേറ്റതാണെന്ന കഥ ഡോക്ടര്‍മാര്‍ വിശ്വസിച്ചില്ല. വിവരം പോലീസിനെ അറിയിച്ചു. 

പോലീസെത്തി കാര്യം തിരക്കിയപ്പോള്‍ യുവതിയും സുഹൃത്ത് അരുണ്‍ ആനന്ദും പറഞ്ഞതില്‍ പൊരുത്തക്കേടു തോന്നി. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് അരുണ്‍ കുട്ടിയെ മര്‍ദ്ദിച്ച് അവശനാക്കിയതാണെന്ന വിവരം പുറത്ത് വരുന്നത്. വീട്ടില്‍ ഉണ്ടായിരുന്ന ഇളയ കുട്ടിയുടെ മൊഴി നിര്‍ണായകമായി. പത്ത് ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞ കുട്ടി ഏപ്രില്‍ 6 ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. 

Content Highlights:actor Anjali Ameer facebook post, thodupuzha assault