മുന്‍ഭര്‍ത്താവ് ജോണി ഡെപ്പിനെതിരേയുള്ള പോരാട്ടം തുടരുമെന്ന് നടി അമ്പര്‍ ഹേഡ്. ഡെപ്പിനൊപ്പമുള്ള ജീവിതം നരകതുല്യമായിരുന്നുവെന്നും കടുത്ത പീഡനമാണ് താന്‍ ദിവസവും അനുഭവിച്ചതെന്ന് ഹേഡ് നേരത്തേ തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഹേഡ് പറയുന്നത് അസത്യമാണെന്നാണ് ഡെപ്പിന്റെ വാദം. തന്നെ പീഡനവീരനായി ചിത്രീകരിച്ചതില്‍ 'നന്ദി' പറയുന്നുവെന്നും ഡെപ്പ് ഈയിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഹേഡ്. 

മദ്യത്തിനും മയക്കുമരുന്നിനും ഡെപ്പ് അടിമയാണെന്നാണ് ഹേഡ് പറയുന്നത്. ഡെപ്പിനെ രാക്ഷസന്‍ എന്നാണ് ഹേഡ് വിശേഷിപ്പിക്കുന്നത്. 
 
'ഒരിക്കല്‍ മുടിയിലും തൊണ്ടയിലും കുത്തിപ്പിടിച്ച് കിടക്കയില്‍ നിന്ന് വലിച്ചിഴച്ച് അടിച്ചു. മുഖത്തും വയറ്റിലും ശക്തമായി തൊഴിച്ചു. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. അയാളുടെ ഇടിയുടെ ശക്തി കൊണ്ട് കട്ടിലിന്റെ ഫ്രെയിം പോലും തകര്‍ന്നുപോയി. എനിക്ക് കുറച്ച് നേരത്തേക്ക് നേരേ ശ്വസിക്കുവാനോ ശബ്ദം ഉണ്ടാക്കാനോ കഴിഞ്ഞില്ല. അയാള്‍ക്ക് എന്നെ കൊല്ലാന്‍ എളുപ്പമായിരുന്നു.' 

ഹേഡിന്റെയും ഡെപ്പിന്റെയും വിവാഹമോചനക്കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണയിലാണ്. 50 മില്യണ്‍ യൂ.എസ് ഡോളറാണ് ഹേഡ് ഡെപ്പില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്. 

ഡെപ്പിനെതിരേ പരാതി നല്‍കിയതിന് തൊട്ടുപിന്നാലെ തന്നെ സിനിമയില്‍ നിന്ന് ബ്ലാക്ക് ലിസ്റ്റ് ചെയ്തുവെന്ന് ഹേഡ് ആരോപിച്ചിരുന്നു. 

amber heard
ജോണി ഡെപ്പിനെതിരേ അമ്പര്‍ ഹേഡ് പുറത്തുവിട്ട ചിത്രം

'ഗ്ലോബല്‍ ഫാഷന്‍ ബ്രാന്റിന്റെ ക്യാമ്പയിനില്‍ നിന്നും എന്നെ പുറത്താക്കി. വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങള്‍ പുറത്ത് പറഞ്ഞതിന് ഞാന്‍ വലിയ വില നല്‍കേണ്ടി വന്നു.  ഭീഷണി മുഴക്കിയുള്ള കോളുകളും സന്ദേശങ്ങളും ലഭിക്കുന്നതിനാല്‍ ആഴ്ച തോറും ഫോണ്‍ നമ്പര്‍ മാറ്റേണ്ട ഗതികേടിലാണ് ഞാനിപ്പോള്‍. വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. പുറത്തേക്ക് ഇറങ്ങിയാല്‍ ഡ്രോണ്‍ ക്യാമറകളും കാറുകളും ബൈക്കുകളുമെല്ലാം എന്നെ പിന്തുടരുന്നു'- ഹേഡ് കുറച്ച് നാളുകള്‍ക്ക് മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഹേഡിന്റെ ആരോപണങ്ങള്‍ കാരണമാണ് പൈരേറ്റ്സ് ഓഫ് ദ കരീബിയന്‍ ഫ്രാഞ്ചൈസിയില്‍ നിന്ന് ഡെപ്പ് പുറത്ത് പോയതിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 2015 ലാണ് ഹേഡും ഡെപ്പും വിവാഹിതരായത്. 2017 ല്‍ ബന്ധം വേര്‍പിരിയുകയും ചെയ്തു.

Content Highlights: actor Amber Heard calls Johnny Depp the monster domestic violence divorce case abuse