അജിത്തും സുഗതും ബൈക്ക് യാത്രയ്ക്കിടെ | ഫോട്ടോ: www.instagram.com/wanderlustsatpathy/
ബൈക്കുകളോടും ബൈക്ക് യാത്രകളോടുമുള്ള നടന്‍ അജിത്തിന്റെ ഇഷ്ടം എല്ലാവര്‍ക്കും അറിയുന്നതാണ്. ഇന്ത്യയ്ക്കകത്തും നേപ്പാള്‍, ഭൂട്ടാന്‍, യൂറോപ്പിന്റെ ഭാഗങ്ങള്‍ എന്നിവിടങ്ങളിലെല്ലാം അദ്ദേഹം സഞ്ചരിച്ചുകഴിഞ്ഞു. വരുന്ന നവംബറില്‍ പുതിയൊരു ബൈക്ക് യാത്രയ്ക്ക് തയ്യാറെടുക്കുന്നു സൂപ്പര്‍താരത്തെ പ്രശംസകൊണ്ടുമൂടുകയാണ് ആരാധകര്‍. നേപ്പാള്‍, ഭൂട്ടാന്‍ യാത്രകളില്‍ ഒപ്പമുണ്ടായിരുന്ന സഹ റൈഡറും ട്രിപ്പ് ഓര്‍ഗനൈസറുമായ സുഗത് സത്പതിക്ക് താരം ആഡംബര ബൈക്ക് സമ്മാനിച്ചതാണ് അതിന് കാരണം.
തുണിവ് എന്ന ചിത്രത്തിന്റെ റിലീസിന് ശേഷമായിരുന്നു അജിത് ബൈക്കില്‍ നേപ്പാളിലേക്ക് പോയത്. ഈ യാത്രയ്ക്ക് എല്ലാവിധി സഹായങ്ങളും നല്‍കി ഒപ്പമുണ്ടായിരുന്നയാളാണ് സുഗത് സത്പതി. മേയ് 16-നാണ് ഈ യാത്ര അവസാനിച്ചത്. യാത്ര നന്നായി പര്യവസാനിച്ചതിന്റെ നന്ദി സൂചകമായാണ് ആരാധകര്‍ തല എന്നുവിളിക്കുന്ന അജിത് സുഗതിന് ബൈക്ക് സമ്മാനിച്ചത്. പന്ത്രണ്ട് ലക്ഷം രൂപ വിലവരുന്ന ബി.എം. ഡബ്ലിയു എഫ്850ജിഎസ് ബൈക്കാണ് അജിത് സുഗതിന് നല്‍കിയത്.
ചൊവ്വാഴ്ച ഇന്‍സ്റ്റാഗ്രാമിലൂടെ സുഗത് ആണ് ഈ വിവരം അറിയിച്ചത്. അജിത്തിനൊപ്പമുള്ളതും ബൈക്ക് ഏറ്റുവാങ്ങുന്നതുമായ ചിത്രങ്ങള്‍ അദ്ദേഹം നീണ്ട കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. 2022-ന്റെ അവസാനം
തമിഴിലെ സൂപ്പര്‍താരമായ അജിത്കുമാറുമായി അടുത്തിടപഴകാന്‍ അവസരം ലഭിച്ചെന്ന് സുഗത് കുറിച്ചു. ഡ്യൂക്ക് 390-ലായിരുന്നു തന്റെ സഞ്ചാരം. നോര്‍ത്ത്-ഈസ്റ്റ് ട്രിപ്പ് കഴിഞ്ഞപ്പോള്‍ത്തന്നെ നേപ്പാള്‍-ഭൂട്ടാന്‍ യാത്ര സംഘടിപ്പിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അത് അദ്ദേഹത്തിന്റെ വേള്‍ഡ് ടൂറിന്റെ ഭാഗമായിരുന്നു. ഈ യാത്രയിലുടനീളം മറക്കാനാവാത്ത ഓര്‍മകളാണ് സൃഷ്ടിക്കപ്പെട്ടതെന്നും ഒരുപാട് സൂര്യോദയങ്ങളും അസ്തമയങ്ങളും കണ്ടുവെന്നും സുഗത് പറഞ്ഞു.
മോട്ടോര്‍ സൈക്കിള്‍ യാത്രകള്‍ക്കിടെ നിങ്ങള്‍ ഏറ്റവും നല്ല ആളുകളെ കണ്ടുമുട്ടുമെന്ന് പലരും പറയുന്നു. സാധ്യമായ ഏറ്റവും മികച്ച മനുഷ്യനെയാണ് ഞാന്‍ കണ്ടുമുട്ടിയതെന്ന് ഞാന്‍ പറയും. സ്വന്തം പ്രശസ്തി പരിഗണിക്കാതെ തന്നെ, അദ്ദേഹത്തിന്റെ വിനയവും സന്തോഷകരമായ പ്രഭാവലയവും എന്നെ അത്ഭുതപ്പെടുത്തി. വലിയ രീതിയില്‍ ജീവിതം നയിക്കാന്‍ തയ്യാറുള്ള സൂപ്പര്‍സ്റ്റാറിന് പിന്നില്‍ ഒരു ലളിതമായ മനുഷ്യനുണ്ട്! വലുതായി എന്നത് ഞാന്‍ ഉദ്ദേശിക്കുന്നത് ആഡംബരമല്ല, മറിച്ച് മനസ്സമാധാനമാണ്. ഇവിടെ ഈ F850gs, വെറുമൊരു മോട്ടോര്‍സൈക്കിള്‍ മാത്രമല്ല. ഇത് അദ്ദേഹം എനിക്ക് സമ്മാനിച്ചതാണ് (അജിത്കുമാര്‍) അതെ! അതൊരു സമ്മാനമാണ്. അണ്ണയില്‍ നിന്ന് എനിക്ക്, ഒരുപാട് സ്‌നേഹത്തോടെ. ലോകം പര്യവേക്ഷണം ചെയ്യാന്‍ കഴിയുന്ന ഈ മനോഹരമായ വാഹനം എനിക്ക് ലഭിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അദ്ദേഹം രണ്ടാമതൊന്ന് ആലോചിച്ചില്ല. പോസ്റ്റില്‍ പറഞ്ഞു.
മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയര്‍ച്ചിയാണ് അജിത്തിന്റേതായി വരാനിരിക്കുന്ന ചിത്രം. ലൈക്കാ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് ആണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. നീരവ് ഷായാണ് ഛായാഗ്രഹണം.
Content Highlights: actor ajith, ajith kumar gifted lauxury bike to his nepal bhutan trip organiser
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..