സിനിമയ്ക്കു പുറത്ത് വളരെ ലളിതമായി ജീവിക്കുന്ന നടനാണ് അജിത്. വലിമൈ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് വാരണാസിയിലാണ് താരം ഇപ്പോള്‍. സുഹൃത്തുക്കള്‍ക്കൊപ്പം നഗരത്തില്‍ ചുറ്റിക്കറങ്ങാനിറങ്ങിയ അജിത് ഭക്ഷണം കഴിക്കാന്‍ എത്തിയത് വഴിയരികിലുള്ള ഒരു തട്ടുകടയിലേക്കാണ്.
മാസ്‌കും ജാക്കറ്റുമൊക്കെ ധരിച്ചിരുന്നതുകൊണ്ട് താരത്തെ പെട്ടെന്ന് ആരും തിരിച്ചറിഞ്ഞില്ല. ഭക്ഷണം കഴിക്കാനായി മാസ്‌ക് ഊരിയപ്പോഴാണ് കടയുടെ ഉടമ അദ്ദേഹത്തെ തിരിച്ചറിഞ്ഞത്.
'അദ്ദേഹത്തെ ഞങ്ങളുടെ കടയില്‍ കണ്ടപ്പോള്‍ വളരെയധികം സന്തോഷമായി. കടയിലെ ബനാറസി ചാട്ടുകളെല്ലാം ഏറെ ആസ്വദിച്ചു. ടമാറ്റര്‍ ചാട്ടുകളും വിവിധതരം മധുരപലഹാരങ്ങളും കഴിച്ചു. പിറ്റേദിവസവും അദ്ദേഹം കടയിലേക്ക് എത്തി. വിഭവങ്ങള്‍ ഉണ്ടാക്കുന്നതെല്ലാം എങ്ങനെയെന്ന് ചോദിച്ചറിയുകയും അത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു-' ഉടമ ശുഭം കേസരി പറഞ്ഞു.
യാത്രയുടെ ഭാഗമായി അജിത്ത് കാശി വിശ്വനാഥ ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തി. എച്ച്. വിനോദ് ആണ് വലിമൈ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഹുമ ഖുറേഷി, കാര്‍ത്തികേയ, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
Content highlights :actor ajith enjoying roadside food in varanasi between shooting