ബിനീഷ് ബാസ്റ്റിന് വേണ്ടി സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്റെ കാല് പിടിച്ചു മാപ്പ് പറയുമെന്ന് നടന്‍ അജയ് നടരാജ്. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ചെയ്യാത്ത തെറ്റിനാണ് അനില്‍ രാധാകൃഷ്ണ മേനോനെ പൊതു സമൂഹം ക്രൂശിച്ചതെന്നും അദ്ദേഹം അത് കൈകാര്യം ചെയ്ത രീതി സ്തുത്യര്‍ഹമാണെന്നും അജയ് നടരാജ് കുറിച്ചു.
അജയ് നടരാജിന്റെ കുറിപ്പ് വായിക്കാം
ഈ മനുഷ്യനെ ഞാന്‍ ഇന്നുവരെ നേരില്‍ കണ്ടിട്ടില്ല , ഫോണില്‍ പോലും സംസാരിച്ചിട്ടില്ല. എന്റെ സാമാന്യ ബോധത്തില്‍ മനസ്സിലായൊരുകാര്യം
യാതൊരുതെറ്റും ചെയ്യാതെ ഒരു പൊതുസമൂഹം ഒറ്റക്കെട്ടായി അമ്മയ്ക്ക് വിളിച്ചപ്പോള്‍ പോലും ചെറുപുഞ്ചിരിയോടെനിങ്ങള്‍ അത് ഫെയ്‌സ് ചെയ്തരീതിയുണ്ടല്ലോ ... മുത്താണ് അനിലേട്ടാ നിങ്ങള്‍ ?
എന്നെങ്കിലും ഒരിക്കല്‍ നമ്മള്‍കാണുവാണെങ്കില്‍ പ്രിയ സുഹൃത്ത് ബിനീഷിനു വേണ്ടി നിങ്ങളുടെ കാലുപിടിച്ചു ഞാന്‍ മാപ്പു പറയും....
പാലക്കാട് മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയ്ക്ക് അതിഥിയായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് കോളേജ് മാസിക പ്രകാശനം ചെയ്യാനെത്തിയ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞു എന്നതായിരുന്നു വിവാദം. തന്റെ സിനിമയില്‍ അവസരം ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ പറഞ്ഞുവെന്നും അതിനാല്‍ പരിപാടി കഴിഞ്ഞ് വന്നാല്‍ മതിയെന്ന് കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടതായും ബിനീഷ് പറഞ്ഞു.പരിപാടി നടക്കുന്നതിനിടെ അനില്‍ രാധാകൃഷ്ണ മേനോന്‍ പ്രസംഗിക്കുന്ന സമയത്ത് വേദിയിലെത്തിയ ബിനീഷ് നിലത്തിരുന്ന് പ്രതിഷേധിച്ച ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം വലിയ വിവാദമായി.
തുടര്‍ന്ന് വിശദീകരണവുമായി അനില്‍ രാധകൃഷ്ണ മേനോന്‍ രംഗത്ത് വന്നു. ബിനീഷിനോട് മാപ്പ് ചോദിച്ച സംവിധായകന്‍, ബിനീഷ് ആയതുകൊണ്ടല്ല, പരിപാടിയില്‍ താനല്ലാതെ മറ്റാരെങ്കിലും ഉണ്ടെങ്കില്‍ തന്നെ ഒഴിവാക്കണമെന്ന് സംഘാടകരോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും പറഞ്ഞു.
വിവാദത്തില്‍ സംവിധായകരുടെ സംഘടനയായ ഫെഫ്ക ഇടപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ പ്രശ്‌നം ഒത്തു തീര്‍പ്പായി. അനിലും ബിനീഷും തമ്മിലുണ്ടായ പ്രശ്നത്തില്‍ ജാതി അധിക്ഷേപം ഉണ്ടായിട്ടില്ല. അനിലിന് ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്. അതില്‍ അനില്‍ ബിനീഷിനോട് ഖേദം പ്രകടിപ്പിച്ചിട്ടുമുണ്ട്. അതല്ലാതെ മറ്റൊരു നടപടിയിലേക്ക് സംഘടന പോകുന്നില്ലെന്നും ഫെഫ്ക വ്യക്തമാക്കി.
Content Highlights: actor Ajay Natraj on Bineesh Bastin Anil Radhakrishna Menon Controversy, FEFKA