Amala Paul
ഫോട്ടോ: ആഘോഷ് വൈഷ്ണവ്

ണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ നായികയായി എത്തുന്നത് അമല പോള്‍. സിനിമയുടെ ചിത്രീകരണം തുടങ്ങി ഏതാനും ദിവസങ്ങളായെങ്കിലും നായികയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിരുന്നില്ല. അമല പോളിന്റെ പേര് പറഞ്ഞു കേട്ടിരുന്നെങ്കിലും കഴിഞ്ഞ ദിവസം മാത്രമാണ് അമല കരാറില്‍ ഒപ്പിട്ടത്.

നേരത്തെ മംമ്താ മോഹന്‍ദാസിന്റെ പേരായിരുന്നു അച്ചായന്‍സിലെ നായികയായി ചില മാധ്യമങ്ങള്‍ പ്രഖ്യാപിച്ചത്. എന്നാല്‍, മംമ്തയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അത് വിജയിച്ചിരുന്നില്ലെന്ന് സിനിമയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നേരത്തെ തന്നെ മാതൃഭൂമി ഡോട്ട് കോമിനോട് സ്ഥിരീകരിച്ചിരുന്നു. 

ജയറാം, പ്രകാശ് രാജ്, ഉണ്ണി മുകുന്ദന്‍, ആദില്‍, സഞ്ജു തുടങ്ങിയവര്‍ നായകന്മാരാകുന്ന ചിത്രത്തില്‍ അമല പോളിനൊപ്പം നായികമാരാകുന്നത് അനു സിത്താര, ശിവദ എന്നിവരാണ്.

ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നതെന്നും റീത്തയെന്നാണ് അവരുടെ കഥാപാത്രത്തിന്റെ പേരെന്നും കണ്ണന്‍ താമരക്കുളം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഷൂട്ടിംഗ് പോലും പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ഷാജഹാനും പരീക്കുട്ടിയും എന്ന കുഞ്ചാക്കോ ബോബന്‍-ജയസൂര്യ ചിത്രത്തിന് ശേഷം അമല മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണിത്. സംവിധായകന്‍ എ.എല്‍. വിജയിയുമായി പിരിഞ്ഞതിന് ശേഷം അമല കമ്മിറ്റ് ചെയ്യുന്ന ചിത്രങ്ങളിലൊന്നാണ് അച്ചായന്‍സ്.