ടൊവീനോ തോമസ് നായകനാകുന്ന ചിത്രം  അഭിയുടെ കഥ അനുവിന്റേയും ടീസര്‍ പുറത്തിറങ്ങി. ഫഹദ് ഫാസില്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ടീസര്‍ ഷെയര്‍ ചെയ്തു. പിയ ബാജ്‌പേയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 

വാഗമണ്ണില്‍ സ്വന്തമായി ഒരു ജൈവ കൃഷിത്തോട്ടം തുടങ്ങുകയും ബ്ലോഗില്‍ സെല്‍ഫി വീഡിയോ പോസ്റ്റ് ചെയ്ത് കൃഷി പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന അനുവിന്റെയും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ അഭിനയുടെയും കഥയാണ് ചിത്രം പറയുന്നത്.  ടൊവീനോ ആദ്യമായി ലിപ് ലോക്ക് ചുംബനത്തിന് തയ്യാറായി എന്നതും ചിത്രത്തിന്റെ സവിശേഷതയാണ്. ടൊവീനോയുടെ തമിഴിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്.

പ്രഭു, സുഹാസിനി, രോഹിണി എന്നിവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സരിഗമ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഏഷ്യയിലെ ആദ്യത്തെ വനിതാ ഛായാഗ്രാഹിക എന്ന ബഹുമതി സ്വന്തമാക്കിയ ബി.ആര്‍. വിജയലക്ഷ്മിയാണ്. സംഗീത് ശിവന്‍ സംവിധാനം ചെയ്ത മലയാള ചിത്രമായ ഡാഡിയുടെ കഥ വിജയലക്ഷ്മിയുടേതായിരുന്നു. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍.