സിനിമയുടെ പേരിലും വേഷത്തിന്റെയും വാവിട്ട വാക്കിന്റെയുമെല്ലാം പേരിലും താരങ്ങള്‍ വിമര്‍ശിക്കപ്പെടുന്നതും സാമൂഹിക മാധ്യമങ്ങളില്‍ ട്രോള്‍ ചെയ്യപ്പെടുന്നതുമെല്ലാം സ്വാഭാവികമാണ്. എന്നാല്‍, അഭിഷേക് ബച്ചനെതിരെ ട്വിറ്ററില്‍ വിമര്‍ശനം ഉയര്‍ന്നത് മകള്‍ ആരാധ്യയുടെ പേരിലാണ്.

അച്ഛനും അമ്മ  ഐശ്വര്യയ്ക്കുമൊപ്പം മകള്‍ ആരാധ്യ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ കണ്ട ഷെര്യന്‍ പട്ടാഡിയന്‍ എന്ന വ്യക്തിയാണ് അഭിഷേകിനെതിരെ വിമര്‍ശവുമായി രംഗത്തുവന്നത്. 'നിങ്ങളുടെ കുട്ടിക്ക് സ്‌കൂളിലൊന്നും പോവേണ്ടേ? അമ്മയ്ക്കൊപ്പം ഒരു യാത്ര പോകാനായി ഏത് സ്‌കൂളാണ് കുട്ടിക്ക് അനുമതി നല്‍കുന്നത് എന്നോര്‍ത്ത് അദ്ഭുതപ്പെടുകയാണ് ഞാന്‍. അതോ ഇനി നിങ്ങള്‍ക്ക് ബുദ്ധിയേക്കാള്‍ സൗന്ദര്യത്തിന് സ്ഥാനം കൊടുക്കുന്നതാണോ. അഹങ്കാരിയായ ഒരു അമ്മയ്ക്കൊപ്പമാണല്ലോ അവളെപ്പോഴും. സാധാരണനിലയിലുള്ള ഒരു കുട്ടിക്കാലമില്ലേ അവള്‍ക്ക്.' ഇതായിരുന്നു ട്വീറ്റ്.

എന്നാല്‍, സാധാരണ ട്വിറ്ററിലെ വിമര്‍ശനങ്ങളോട് പ്രതികരിക്കാത്ത അഭിഷേക് മകളെ വിവാദത്തിലേയ്ക്ക് വലിച്ചിഴച്ചപ്പോള്‍ വെറുതെയിരുന്നില്ല. മാഡം എന്റെ അറിവില്‍ വാരാന്ത്യം എല്ലാ സ്‌കൂളുകള്‍ക്കും അവധിയാണ്. സാധാരണ അധ്യയനദിനങ്ങളിലാണ് അവള്‍ സ്‌കൂളില്‍ പോകാറുള്ളത്. നിങ്ങള്‍ ട്വീറ്റിലെ അക്ഷരങ്ങള്‍ ഒന്ന് പരിശോധിക്കുന്നത് നന്ന് എന്നായിരുന്നു അഭിഷേകിന്റെ മറുപടി.

എന്നാല്‍, ഇതുകൊണ്ട് വിട്ടുകൊടുക്കാനൊന്നും തയ്യാറായിരുന്നില്ല വിമര്‍ശനം ഉന്നയിച്ച വ്യക്തി. ഭൂരിഭാഗം പേര്‍ക്കും ഇതുപോലെ എന്തെങ്കിലും പറയാനുള്ള തന്റേടമുണ്ടാവില്ല. നിങ്ങള്‍ ചെയ്യേണ്ടത് അമ്മയുടെ കൈയില്‍ തൂങ്ങി നടക്കുന്നതിന്റെയല്ല, അവളുടെ സാധാരണ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയാണ്. ഞാന്‍ വിദേശത്താണ്. അതുകൊണ്ട് ഇന്ത്യയിലെ സ്‌കൂളുകളുടെ കാര്യം അറിയില്ല.  പല സ്ഥലങ്ങളിലും കുട്ടികള്‍ ശനിയാഴ്ചയും സ്‌കൂളില്‍ പോകാറുണ്ട്. ഒന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ നിങ്ങള്‍ക്ക് ഇത് മനസ്സിലാവും-മറുപടി ട്വീറ്റില്‍ അവര്‍ അഭിഷേകിനോട് പറഞ്ഞു.

Content Highlights: Abhishek Bachchan trolled for daughter Aaradhya, Abhishek Bachchan Aishwarya Rai