കോവിഡ് ബാധിച്ച് ചികിത്സയിൽ തുടരുന്ന തനിക്കും പിതാവിനുമെതിരേ പരിഹാസവുമായെത്തിയ യുവതിക്ക് മറുപടിയുമായി നടൻ അഭിഷേക് ബച്ചൻ.

‘അച്ഛൻ ആശുപത്രിയിൽ ആയില്ലേ, ഇപ്പോൾ ആരാണ് നിങ്ങളെ തീറ്റിപ്പോറ്റുന്നത്?” എന്നായിരുന്നു പാറുൾ കൗഷിക് എന്ന യുവതിയുടെ പരിഹാസം. പിന്നാലെ അഭിഷേകിന്റെ മറുപടിയും എത്തി. ‘ ഇപ്പോൾ ആശുപത്രിയിൽ കിടന്ന് ഒരുമിച്ച് ഭക്ഷണം കഴിക്കുകയാണ്’ എന്നാണ് അഭിഷേക് മറുപടി നൽകിയത്.

എന്നാൽ ഇതിന് പിന്നാലെ യുവതി വീണ്ടും മറുപടിയുമായെത്തി. ‘ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ സർ…എല്ലാവർക്കും ഇങ്ങനെ കിടന്നു കഴിക്കാനുള്ള ഭാഗ്യമുണ്ടാകില്ല” എന്നായിരുന്നു യുവതിയുടെ കമന്റ്. ‘ ഞങ്ങളുടെത് പോലൊരു സാഹചര്യം നിങ്ങൾക്ക് വരരുതെന്ന് പ്രാർത്ഥിക്കാം. സുരക്ഷിതരായിരിക്കു. നിങ്ങളുടെ ആശംസകൾക്ക് നന്ദിയുണ്ട് മാഡം’, എന്നാണ് അഭിഷേക് ഇതിന് മറുപടി നൽകിയത്.

ട്രോളിനോടുള്ള അഭിഷേകിന്റെ മറുപടി ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. അതേസമയം പരിഹാസവുമായെത്തിയ വ്യക്തിക്കെതിരേ വിമർശനവും ശക്തമാവുകയാണ് ട്വിറ്ററിൽ.

ഈ മാസം ആദ്യ വാരമാണ് കോവിഡ് ബാധയെത്തുടർന്ന് ബച്ചൻ കുടുംബത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അമിതാഭ് ബച്ചനാണ് ആദ്യം കോവിഡ് സ്ഥിരീകരിക്കുന്നത്. പിന്നാലെ അഭിഷേകും താൻ കോവിഡ് ബാധിതനാണെന്ന് വ്യക്തമാക്കി രം​ഗത്ത് വന്നു. അധികം വൈകാതെ ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരും അസുഖം ഭേദമായി ആശുപത്രി വിട്ടെങ്കിലും ബച്ചനും അഭിഷേകും മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Content Highlights : Abhishek Bachchan Reply to trolls Amitabh Bachchan Family Covid Treatment