രു ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ് അഭിഷേക് ബച്ചന്‍. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന മന്‍മര്‍സിയാന്‍ എന്ന ചിത്രത്തിലൂടെയാണ് അഭിഷേക് തിരിച്ചുവരുന്നത്. തപസി പന്നു, വിക്കി കുശാല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍.

മണിരത്‌നം സംവിധാനം ചെയ്ത യുവ എന്ന ചിത്രത്തിലാണ് അഭിഷേകും അനുരാഗും ആദ്യമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് സംഭാഷണങ്ങള്‍ ഒരുക്കിയത് അനുരാഗാണ്. അന്ന് അനുരാഗുമായി അഭിഷേകിന് ഒരുപാട് അഭിപ്രായ വ്യത്യസങ്ങള്‍ ഉണ്ടായിരുന്നു. യുവയിലെ തന്റെ പ്രകടനം അനുരാഗിന് ഇഷ്ടമായില്ലെന്ന് തുറന്ന് പറയുകയാണ് അഭിഷേക്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

ആ പ്രശ്‌നങ്ങളെല്ലാം ചരിത്രമായി കഴിഞ്ഞു. യുവയിലെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായിരുന്നു അനുരാഗ്. അദ്ദേഹത്തിന് എന്റെ അഭിനയം ഇഷ്ടമായില്ല. പക്ഷേ ആ സിനിമയ്ക്ക് വേണ്ടി ഞങ്ങള്‍ ഒരുമിച്ച് ചെലവഴിച്ച നിമിഷങ്ങള്‍ എനിക്ക് മറക്കാനാവില്ല. യുവ പുറത്തിറങ്ങിയപ്പോള്‍ അനുരാഗ് എന്റെ പ്രകടനത്തില്‍ നിരാശനായിരുന്നു. പക്ഷേ അത് എന്നോട് തുറന്ന് പറഞ്ഞില്ല. അഹന്തയും അസൂയയും എന്റെ കരിയറിനെ ബാധിക്കാതിരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് അനുരാഗിനൊപ്പം വീണ്ടും ജോലിചെയ്യാന്‍ സാധിച്ചതില്‍ സന്തോഷം തോന്നുന്നു- അഭിഷേക് പറഞ്ഞു. 

യുവയുടെ തമിഴ്പതിപ്പും മണിരത്‌നം പുറത്തിറക്കി. ആയുത എഴുത്ത് എന്നായിരുന്നു ചിത്രത്തിന്റെ പേര്. അഭിഷേക് അവതരിപ്പിച്ച കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിച്ചത് മാധവനായിരുന്നു. മികച്ച അഭിപ്രായമാണ് ചിത്രം നേടിയത്.