വൈറസിനെ നിസാരമായി കാണരുതെന്നും മാസ്ക് ധരിക്കാൻ അഭ്യർഥിച്ചും ബോളിവുഡ് താരം അഭിഷേക് ബച്ചൻ. ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് അഭിഷേക് കോവിഡ് ബോധവത്‌കരണവുമായെത്തിയത്. തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നതാണെന്നും വൈറസിനെ നിസാരമായി കാണരുതെന്നും അഭിഷേക് പറയുന്നു.

"പുറത്ത് പോകുമ്പോഴോ, മറ്റുള്ളവരോടൊപ്പമിരിക്കുമ്പോഴോ മാസ്ക് ധരിക്കുക, അത് വളരെ പ്രധാനമാണ്. നിസാരമായി കാണരുത്, സുരക്ഷിതരായിരിക്കൂ". അഭിഷേക് പറയുന്നു.

അഭിഷേക് ഉൾപ്പടെ ബച്ചൻ കുടുംബത്തിലെ നാല് പേർക്കാണ് ഇക്കഴിഞ്ഞ ജൂലൈയിൽ കോവിഡ് രോ​ഗം സ്ഥിരീകരിച്ചത്. അമിതാഭ് ബച്ചനാണ് ആദ്യം ​രോ​ഗം സ്ഥിരീകരിച്ചത്. പിന്നീട് താനും കോവിഡ് പോസിറ്റീവ് ആണെന്ന് വ്യക്തമാക്കി അഭിഷേകും രം​ഗത്ത് വന്നു. അതിന് പിന്നാലെയാണ് ഐശ്വര്യയ്ക്കും മകൾ ആരാധ്യയ്ക്കും രോ​ഗബാധ സ്ഥിരീകരിക്കുന്നത്.

നാല് പേരും മുംബൈ നാനാവതി ആശുപത്രിയിലാണ് ചികിത്സയിൽ കഴിഞ്ഞത്. ഐശ്വര്യയും മകളുമാണ് ആദ്യം ​രോ​ഗം ഭേദമായി ആശുപത്രി വിടുന്നത്. പിന്നാലെ അമിതാഭ് ബച്ചനും രോ​ഗം ഭേദമായി ആശുപത്രി വിട്ടു. ഏതാണ്ട് 29 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് അഭിഷേകിന് കോവിഡ് ഫലം നെ​ഗറ്റീവാകുന്നത്.

Content Highlights :Abhishek Bachchan asks everyone to wear masks not to take the virus lightly