മകൾ ആരാധ്യയ്ക്കെതിരേയുള്ള ട്രോളുകളോട് രൂക്ഷമായി പ്രതികരിച്ച് ബോളിവുഡ് നടൻ അഭിഷേക് ബച്ചൻ. തന്റെ പുതിയ ചിത്രമായ ‘ബോബ് ബിസ്വാസു’മായി ബന്ധപ്പെട്ട് ബോളിവുഡ് ലൈഫിനു നൽകിയ അഭിമുഖത്തിലാണ് ആരാധ്യയെക്കുറിച്ചുള്ള ട്രോളുകളോടുള്ള അഭിഷേകിന്റെ പ്രതികരണം.

തന്നെക്കുറിച്ചുള്ള ട്രോളുകൾ സഹിക്കുമെന്നും, എന്നാൽ മകളെ കളിയാക്കി കൊണ്ടുള്ള ട്രോളുകൾ ക്ഷമിക്കാനാവില്ലെന്നും അഭിഷേക് വ്യക്തമാക്കി. 

"ഇത് ഒരിക്കലും അം​ഗീകരിക്കാനാവില്ല, എനിക്കൊരിക്കലും ക്ഷമിക്കാനുമാവില്ല.. ഞാനൊരു പബ്ലിക് ഫിഗറാണ്, അത് സമ്മതിക്കാം. പക്ഷേ എന്റെ മകൾ അങ്ങനെയല്ല. നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ വന്നെന്റെ മുഖത്തു നോക്കി പറയാം." അഭിഷേക് പറഞ്ഞു. 

അടുത്തിടെയാണ് അഭിഷേകും ഐശ്വര്യയും ചേർന്ന് മകളുടെ 10-ാം ജന്മദിനം മാലിദ്വീപിൽ ആഘോഷിച്ചത്.

ഇതിനും മുമ്പും മകളെ അനാവശ്യ ട്രോളുകളിലും മറ്റും ബന്ധപ്പെടുത്തുന്നതിനെതിരേ അഭിഷേകും ഐശ്വര്യയും രം​ഗത്ത് വന്നിട്ടുണ്ട്. മകളോടുള്ള അമിതമായ ശ്രദ്ധയുടെ പേരിൽ പല തവണ ഐശ്വര്യ പഴി കേട്ടിട്ടുമുണ്ട്.  സോഷ്യൽ മീഡിയയിൽ ആയാലും മാധ്യമങ്ങളുടെ ക്യാമറക്കണ്ണുകളിൽ നിന്നായാലും മകൾക്ക് ഒരു സുരക്ഷിതവലയം തീർക്കാൻ ഐശ്വര്യ ശ്രമിക്കാറുണ്ട്.

2011 ലാണ് ആരാധ്യ ജനിക്കുന്നത്. തന്നെക്കുറിച്ച് പ്രചരിക്കുന്ന ട്രോളുകൾക്കൊന്നും ചെവി കൊടുക്കാത്ത ഐശ്വര്യ പക്ഷെ ഒരിക്കൽ ഇത്തരം ട്രോളുകളിൽ തനിക്കുള്ള അമർഷം രേഖപ്പെടുത്തുകയുണ്ടായി. നെഗറ്റീവ് ട്രോളുകളെ എപ്പോഴും അവഗണിക്കുന്ന ഐശ്വര്യ ഒരിക്കൽ ക്ഷമനശിച്ച് പറഞ്ഞതിങ്ങനെയായിരുന്നു :- '' നിങ്ങൾ എന്തും പറയൂ, അവൾ എന്റെ മകളാണ്. ഞാൻ അവളെ സ്‌നേഹിക്കും, ഞാൻ അവളെ സംരക്ഷിക്കും, ഞാൻ അവളെ കെട്ടിപ്പിടിക്കും, അവൾ എന്റെ മകളാണ്, എന്റെ ജീവിതവും''.

Content Highlights : Abhishek Bachchan against trolls on daughter Aaradhya, Abhishek Aishwarya Aradhya