മുപ്പത്തിയേഴു കൊല്ലം മുമ്പെ അമിതാഭ് ബച്ചന് ഷൂട്ടിംഗിനിടയില്‍ ഒരു അപകടമുണ്ടായിട്ടുണ്ട്. അഭിനയിച്ചുതകൊണ്ടിരിക്കുകയായിരുന്ന ബിഗ്ബി പുനീത് ഇസ്സാറുമായി ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ സംഭവിച്ച ആ അപകടവും തുടര്‍ന്നുളള ആശുപത്രി ദിനങ്ങളും ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകരെയും അഭ്യുദയകാംക്ഷികളെയും നിരാശയിലും പരിഭ്രാന്തിയിലുമാഴ്ത്തിയിരുന്നു. ആ ദിനം ഒന്നുകൂടി ഓര്‍മ്മിക്കുകയാണ് മകനും നടനുമായ അഭിഷേക് ബച്ചനിപ്പോള്‍.

1982 ജൂലൈ 26ന് മന്‍മോഹന്‍ ദേശായി സംവിധാനം ചെയ്ത കൂലി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ബച്ചന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. പുനീത് ഇസ്സാറുമായുള്ള സംഘട്ടനരംഗത്തിന്റെ ചിത്രീകരണവേളയില്‍ ചാട്ടം പിഴച്ച് ഒരു മേശപ്പുറത്ത് ശക്തിയായി വീഴുകയായിരുന്നു ബച്ചന്‍. ഇഷ്ട താരത്തിന്റെ സുഖപ്രാപ്തിയ്ക്കായി ആരാധകര്‍ വഴിപാടുകളും നേര്‍ച്ചകളുമായി ആരാധനാലയങ്ങളില്‍ കയറിയിറങ്ങിയതുമെല്ലാം വാര്‍ത്തയായിരുന്നു. രാജ്യത്താകെ വലിയ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു അത്. 

സൂപ്പര്‍താരമായി മാറിക്കഴിഞ്ഞിരുന്ന ബച്ചന് അപകടം സംഭവിച്ചതും ആശുപത്രിയിലെത്തിച്ചതും വലിയ വാര്‍ത്തയായിരുന്നു. മുംബൈയിലെ ബ്രീച്ച് കാന്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന് തുടരെ തുടരെ നിരവധി ശസ്ത്രക്രിയകള്‍ക്കു ശേഷമാണ് ആരോഗ്യം വീണ്ടെടുക്കാനായത്. അതൊരു ആഗസ്റ്റ് 2 ആയിരുന്നെന്നും അന്ന് ജീവിതം തിരിച്ചുകിട്ടിയ ബച്ചന്റേത് ഒരു രണ്ടാം ജന്മമായിരുന്നുവെന്നുമാണ് അഭിഷേക് പോസ്റ്റിലൂടെ പറയുന്നത്.

ഡോക്ടര്‍മാര്‍ തിരികെ നല്‍കിയ ആ ജീവന്റെ പുനര്‍ജന്മമായിരുന്നു അന്ന്. അതിനാല്‍ തന്നെ ആഗസ്റ്റ് രണ്ട് ബച്ചന്റെ രണ്ടാം ജന്മദിനമായാണ് തങ്ങള്‍ ആഘോഷിക്കുന്നതെന്നും അഭിഷേക് പോസ്റ്റിലൂടെ പറയുന്നു. ഇതിഹാസങ്ങള്‍ യഥാര്‍ഥത്തില്‍ രണ്ടു തവണ ജനിക്കുന്നു എന്ന ഹാഷ് ടാഗോടെയാണ് അഭിഷേക് ബച്ചന്റെ പോസ്റ്റ്.

അക്കാലത്തെ ഒരു ഫോട്ടോ പങ്കുവെച്ചാണ് പോസ്റ്റ്. ചിത്രത്തില്‍ മക്കളോടൊപ്പം ഇരിക്കുന്ന ബച്ചനെ തിരിച്ചറിയാന്‍ പ്രയാസമാണെന്നാണ് ആരാധകര്‍ പറയുന്നത്.

amitabh bacchan

Content Highlights : Abhishek Bacchan instagram post about Amitabh Bacchan accident on sets of coolie movie