അച്ഛൻ ജി.മോഹന്റെ അപ്രതീക്ഷിത വേർപാടിൽ അനുശോചനം രേഖപ്പെടുത്തുകയും ഒപ്പം നിൽക്കുകയും ചെയ്ത എല്ലാവരോടും നന്ദി പറഞ്ഞ് ഗായിക അഭയ ഹിരൺമയി. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ശനിയാഴ്ച്ചയായിരുന്നു മോഹന്റെ (65) മരണം. ദൂരദർശനിൽ നിന്ന് ഫ്ലോർ മാനേജറായി വിരമിച്ചയാളാണ് മോഹൻ.

രാഷ്ട്രീയ നേതാക്കളോടും സഹപ്രവർത്തകരോടും സുഹൃത്തുക്കളോടും ബന്ധുക്കളോടും ഉൾപ്പെടെ അഭയ നന്ദി അറിയിച്ചു. അവസാനമായി അച്ഛനെ ഒരു നോക്കു കാണാനാകാത്തതിന്റെ ദുഃഖവും അഭയ കുറിക്കുന്നു. ഹൈദരാബാദിലാണ് അഭയ ഇപ്പോൾ ഉള്ളത്.

‘ കഴിഞ്ഞ ആഴ്ചയും ഈ ആഴ്ചയുമായി മരിച്ചു തലക്കു മീതെ നിൽക്കുകയാണ് മാമനും അച്ഛനും. കുടുംബസ്വത്തായി കിട്ടിയ അപാര സെൻസ് ഓഫ് ഹ്യൂമർ ഒന്നു കൊണ്ട് മാത്രം കോമഡി അടിച്ചു രക്ഷപെടുന്ന ഒരു കുടുംബം ആണ് എന്റെത്. തീർച്ചയാണ് അച്ഛനും മാമനും പൊട്ടി പൊട്ടി ചിരിക്കുന്നുണ്ടാകും. അതു തന്നെയാണ് ഞങ്ങൾക്കു വേണ്ടതും.

അച്ഛനോടായി ഒന്നു പറയാൻ പറ്റിയില്ല. കാണാൻ കൂടെ കഴിഞ്ഞില്ല. അച്ഛന്റെ അമ്മയും അമ്മാവനും വിജയണ്ണനും രാധയും കെട്ടി പിടിച്ചു ഉമ്മ തരുന്നു, ഗീതയും ലതയും "മൊണ്ണ" എന്നു വിളിച്ചു തൊട്ടടുത്ത് നില്പ്പുണ്ട്. അച്ഛന്റെ മക്കളും മരുമക്കളും വിദ്യ, ദിവ്യ, ചിക്കു, ബാലു, ഡച്ചു, അച്ചു, പിഞ്ചു ഒക്കെ അച്ഛനെ മിസ് ചെയ്യുന്നുണ്ട്. ഹിയാഗോ അച്ഛനെ പ്രതീക്ഷിച്ചു വാലാട്ടി ഇരിപ്പുണ്ട്. അമ്മയും കിളിയും ഞാനും അച്ഛന്റെ കൂടെ കെട്ടിപിടിച്ചു കിടക്കുന്നുണ്ട്. നന്നായി ഉറങ്ങൂ. ഞങ്ങൾ മറുവശത്തുണ്ട്. നന്നായി ജീവിച്ചിട്ട് അങ്ങ് എത്തിയേക്കാം’ , അഭയ ഹിരൺമയി കുറിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽക്കഴിയവേ ആയിരുന്നു മോഹന്റെ അന്ത്യം. അദ്ദേഹത്തിന്റെ ഭാര്യ ലതികയും ഇളയ മകൾ വരദ ജ്യോതിർമയിയും കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു.

Content Highlights : Abhaya Hiranmayi remembers her father G Mohan who died due to covid 19