1990കളുടെ അവസാനത്തില്‍ തമിഴകത്തെ മിന്നും താരമായിരുന്നു അബ്ബാസ്. കാതല്‍ദേശം, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, വി.ഐ.പി മിന്നലേ തുടങ്ങിയ തമിഴ്ചിത്രങ്ങളിലും കണ്ണെഴുതി പൊട്ടും തൊട്ട്, ഡ്രീംസ് തുടങ്ങിയ മലയാള ചിത്രങ്ങളും അബ്ബാസ് തിളങ്ങി. പിന്നീട് സിനിമയുടെ തിരക്കുകളില്‍ നിന്ന് അബ്ബാസ് പതിയെ മാറി നിന്നു. വിദേശത്തായിരുന്നു ജീവിതം. ഇടയ്‌ക്കെടെ ഏതാനും ചിത്രങ്ങളിലും പരസ്യചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടുവെങ്കിലും അബ്ബാസ് പഴയത് പോലെ സിനിമയില്‍ സജീവമായില്ല. 2016 ന് ശേഷം പൂര്‍ണമായും സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. 

സിനിമയില്‍ നിന്ന് മാറിനിന്ന അബ്ബാസ് ന്യൂസീലൻഡിലേക്ക് താമസം മാറ്റി. അവിടെ പെട്രോള്‍ പമ്പു മുതല്‍ കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ വരെ ജോലി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഒരു തമിഴ്മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അബ്ബാസ് മനസ്സു തുറന്നത്. 

ഇന്ത്യയില്‍ ഒരു ആര്‍ടിസ്റ്റ് അഭിനയത്തില്‍ നിന്ന് ഒരു ഇടവേള എടുക്കാന്‍ തീരുമാനിച്ചാല്‍ അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ അറിയും. എന്നാല്‍ വിദേശത്ത് ആരും ഒന്നും അറിയില്ല. നമ്മള്‍ എല്ലാവരും സാധാരണക്കാര്‍. ന്യൂസീലന്‍ഡില്‍ എന്നെ നോക്കാനോ വിലയിരുത്താനോ ആരുമില്ല. ഇവിടെ വന്നതിനു ശേഷം ഞാന്‍ പെട്രോള്‍ പമ്പില്‍ ജോലി എടുത്തിട്ടുണ്ട്. പിന്നീട് ബൈക്ക് മെക്കാനിക്കായും ജോലി ചെയ്തു. എനിക്ക് ബൈക്കുകളോട് വലിയ പ്രിയമാണ്. എന്നെ സംബന്ധിച്ച് അതേറ്റവും ഇഷ്ടപ്പെട്ട ജോലിയായിരുന്നു. പിന്നീട് കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ ജോലി എടുത്തിട്ടുണ്ട്. നമ്മുടെ അഹം ബോധത്തെ ഇല്ലാതാക്കന്‍ ഈ അനുഭവങ്ങളെല്ലാം എന്നെ സഹായിച്ചു. അതിനിടയില്‍ ഞാന്‍ ഓസ്‌ട്രേലിയയില്‍ നിന്ന് പബ്ലിക് സ്പീക്കിങ്ങില്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കി. അതിനൊരു കാരണമുണ്ടായിരുന്നു. കുട്ടിക്കാലം മുതല്‍ ആത്മഹത്യപ്രവണതയുള്ള ഒരാളായിരുന്നു ഞാന്‍. ആത്മഹത്യാ പ്രവണതയുള്ള കൗമരപ്രായക്കാരെ അത്തരം ചിന്തകളില്‍ നിന്നു വ്യതിചലിപ്പിക്കുന്നതും അവരെ ബോധവല്‍ക്കരിക്കുന്നതിനും വേണ്ടിയായിരുന്നു. തന്റെ അനുഭവങ്ങളിലൂടെ ഒരാളുടെ ജീവനെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞാല്‍, സിനിമയിലെ നേട്ടങ്ങളേക്കാള്‍ വലുതാണതെന്നും അബ്ബാസ് പറഞ്ഞു

കുട്ടിക്കാലത്ത് മാതാപിതാക്കളുമായി വഴക്ക് കൂടി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് പതിവായിരുന്നുവെന്നും അബ്ബാസ് പറയുന്നു. 

കര്‍ശന സ്വഭാവക്കാരായിരുന്നു എന്റെ മാതാപിതാക്കള്‍. ഞാനാണെങ്കില്‍ പഠനത്തില്‍ വളരെ മോശമായിരുന്നു. പരീക്ഷ എഴുതാന്‍ എനിക്ക് ഇഷ്ടമല്ലായിരുന്നു. ചോദ്യങ്ങള്‍ക്ക് ഉത്തരം അറിയാമെങ്കിലും എഴുതില്ല. ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ കൃത്യമായി പറഞ്ഞു കൊടുക്കും. പരീക്ഷകളില്‍ തോല്‍ക്കുന്നത് സ്ഥിരമായതോടെ എനിക്ക് വഴക്കു കേട്ടുകൊണ്ടിരുന്നു. പലപ്പോഴും ഞാന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു. ഞാന്‍ വീട് വിട്ട് ഇറങ്ങിപ്പോയിട്ടുണ്ട്. ഓരോ തവണയും എന്നെ സുഹൃത്തുക്കള്‍ കണ്ടെത്തി വീട്ടില്‍ തിരിച്ചെത്തിക്കും. മാതാപിതാക്കളുടെയും അധ്യാപകരുടെയും വഴക്ക് കേള്‍ക്കാതിരിക്കാന്‍ ഞാന്‍ നുണപറയും. ഇങ്ങനെ വളരെ സ്വാഭാവികമായി നുണ പറഞ്ഞു പറഞ്ഞാണ് ഞാനൊരു അഭിനേതാവായതു പോലും, അബ്ബാസ് പറഞ്ഞു.

ഇനി സിനിമയിലേക്ക് തിരിച്ചു വരുമോ എന്ന് അറിയില്ലെന്നും ഇപ്പോള്‍ ജീവിതം വളരെ സന്തോഷം നിറഞ്ഞതാണെന്നും അബ്ബാസ് കൂട്ടിച്ചേര്‍ത്തു.

Content Highlights: Abbas actor Malayalam Tamil Movie Interview, about life, cinema, come back, public speaking