ജനകീയനായൊരു രാഷ്ട്രീയ നേതാവായിരുന്നു. മികച്ച വാഗ്മിയും പാർലമെന്റേറിയനുമായിരുന്നു മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി. എന്നാൽ, നല്ലൊരു സിനിമാസ്വാദകൻ കൂടിയായിരുന്നു ബി.ജെ.പി. പ്രവർത്തകരുടെ പ്രിയങ്കരനായ അടൽജി എന്നത് ഏറെപ്പേർക്കൊന്നും അറിയാത്ത രഹസ്യമാണ്. വെറും സിനിമാസ്വാദകൻ മാത്രമല്ല, ബോളിവുഡിന്റെ ഡ്രീം ഗേൾ ഹേമമാലിനിയുടെ ആരാധകൻ കൂടിയായിരുന്നത്രെ അദ്ദേഹം.
1972ൽ പുറത്തിറങ്ങിയ ഹേമയുടെ സീത ഔർ ഗീത എന്ന ചിത്രം വാജ്പേയി കണ്ടത് ഒന്നും രണ്ടുമില്ല, ഇരുപത്തിയഞ്ച് തവണയാണ്. ഉത്തർ പ്രദേശിലെ മഥുരയിൽ നിന്നുള്ള ബി.ജെ.പി എം.പി കൂടിയായ ഹേമമാലിനി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഹേമമാലിനി ആദ്യമായി പാർലമെന്റംഗമായത്.
കഴിഞ്ഞ വര്‍ഷം നൽകിയ ഒരു അഭിമുഖത്തിലാണ് ഹേമമാലിനി വാജ്പേയിയുടെ സിനിമാഭ്രമത്തെക്കുറിച്ച് പറഞ്ഞത്. 'അദ്ദേഹത്തെ പറ്റി ഒരുപാട് തവണ ഞാന്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചുണ്ടെങ്കിലും നേരിൽ കാണാനുള്ള അവസരം ലഭിച്ചിരുന്നില്ല. ഇതറിഞ്ഞ മറ്റു പാര്‍ട്ടി അംഗങ്ങള്‍ അദ്ദേഹത്തെ കാണാനുള്ള അവസരം ഉണ്ടാക്കിത്തന്നു. എന്നാല്‍ ആദ്യം സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന് എന്നോട് സംസാരിക്കാന്‍ ചെറിയ മടിയുള്ളത് പോലെ തോന്നി. ഇതിനെക്കുറിച്ച് അവിടെയുണ്ടായിരുന്ന സ്ത്രീയോട് സംസാരിച്ചപ്പോള്‍ അവരാണ് പറഞ്ഞത് അദ്ദേഹം എന്റെ കടുത്ത ആരാധകനാണെന്നും സീത ഔര്‍ ഗീത 25 തവണ കണ്ടിട്ടുണ്ടെന്നും. പെട്ടെന്ന് കണ്ടതുകൊണ്ടാവാം സംസാരിക്കാന്‍ മടിച്ചതെന്നും ആ സ്ത്രീ പറഞ്ഞത്''-ഹേമമാലിനി പറഞ്ഞു.
ഏറെക്കാലമായി ചികിത്സയിൽ കഴിയുകയായിരുന്ന വാജ്പേയി വ്യാഴാഴ്ച വൈകീട്ടാണ് അന്തരിച്ചത്.
Content Highlights: ab vajpayee was a fan of hema malini atal bihaari vajpayi died bjp leader vajpayee passed away