ആവനാഴി റിലീസ് ചെയ്ത് ഇന്നേക്ക്‌ 36 വര്‍ഷം.. ഒരു പഴയകാല പ്രേക്ഷകന്റെ ഓര്‍മ


ഷാജി പട്ടിക്കര

aavanazhi movie

1986 സെപ്തംബര്‍ 12, മലയാള സിനിമാ ആസ്വാദകര്‍ കാത്തിരുന്ന ആവനാഴി എന്ന സിനിമ റിലീസാവുകയാണ്. ആസ്വാദകര്‍ കാത്തിരിക്കുവാന്‍ പ്രധാനകാരണം ഐ.വി.ശശി, ടി.ദാമോദന്‍ കൂട്ടുകെട്ടില്‍ മമ്മൂട്ടി നായകനാവുന്നു എന്നതാണ്. ഉറപ്പായിട്ടും ഹിറ്റായിരിക്കും എന്നറിയാം. അങ്ങനെ അക്കാലത്തെ സ്ഥിരം സിനിമാ കുട്ടി ആയിരുന്ന ഞാനും വച്ചു പിടിച്ചു. കുന്നംകുളം താവൂസ് തീയ്യറ്ററിലേക്ക്. നൂണ്‍ഷോ പതിനൊന്ന് മണിക്കാണ്.

ഒന്‍പതര മണിക്ക് തന്നെ ഞാന്‍ തിയേറ്ററിലെത്തി. അപ്പോഴേക്കും അവിടെയാകെ ജനസമുദ്രം. ഇപ്പോഴത്തെ പരസ്യവാചകങ്ങളില്‍ വെറുതെ ഭംഗിയ്ക്കു പറയുന്നത് പോലെയല്ല. അക്ഷരാര്‍ത്ഥത്തില്‍ ജനസമുദ്രം. ഗേറ്റ് തുറന്നിട്ടില്ല. കുറച്ച് കാത്ത് നിന്ന് ഗേറ്റ് തുറന്നപ്പോള്‍ ടിക്കറ്റ് കൗണ്ടറിലേക്കുള്ള തുരങ്കം പോലെയുള്ള ഭാഗം ലക്ഷ്യമാക്കി ആള്‍ക്കാര്‍ ചിതറിപ്പാഞ്ഞു. ചിലരുടെ ചെരുപ്പ് പോയി, ചിലരുടെ മുണ്ടും ചിലര്‍ വീണു. ഞാനും ഒരു വിധത്തില്‍ ആ തുരങ്കത്തിനുള്ളില്‍ കയറിപ്പറ്റി.

നല്ല തിരക്ക്, ശ്വാസം പോലും കിട്ടുന്നില്ല. പുറത്തേക്ക് നീണ്ട ക്യൂ. തിക്കും തിരക്കും. ബഹളം. ആര്‍പ്പുവിളികള്‍. താവൂസ് തിയേറ്റര്‍, റോഡില്‍ നിന്നും
കുറച്ച് താഴെയാണ്. മഴ പെയ്താല്‍ വെള്ളം ചാലായി ഒഴുകുന്നത് ക്യൂ നില്‍ക്കുന്ന ഭാഗത്ത് കൂടെയാണ്. അത്രയും താഴ്ച്ചയുണ്ട്. വരി നില്‍ക്കാന്‍ പ്രയാസമാണ്. എനിക്കാണെങ്കില്‍ ഒന്ന് തിരിയാന്‍ സ്ഥലമില്ല.
നാലുവശത്തുനിന്നും തള്ള്.

ഏതാണ്ട് പത്തരയായപ്പോഴേക്കും ഞാന്‍ കുഴഞ്ഞു. പൊരിവെയില്‍ ! ദാഹം! കുടിക്കാന്‍ ഒരു തുള്ളി വെള്ളമില്ല. തൊണ്ട വരണ്ട് ശരീരം കുഴയാന്‍ തുടങ്ങി. ടിക്കറ്റ് കൊടുക്കാന്‍ ഇനിയും സമയമുണ്ട്. എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി. കുറച്ച് പേര്‍ പറയുന്നത് പകുതിബോധത്തില്‍ കേട്ടു,

' അയാളെ മാറ്റി നിര്‍ത്ത് '

' കുറച്ച് വെള്ളം കൊടുക്ക് '

'' ആശുപത്രീല്‍ കൊണ്ടുപോ '

എന്നൊക്കെ.

ആരൊക്കെയോ എന്നെ താങ്ങി ക്യൂവിന് പുറത്തെത്തിച്ചു. അപ്പോഴേക്കും ഞാന്‍ നിലത്ത് വീണു. തിയേറ്ററിലെ സ്റ്റാഫുകള്‍ ഓടിപ്പാഞ്ഞെത്തി. അവര്‍
എന്നെ പൊക്കിയെടുത്ത് ഓഫീസ് റൂമില്‍ കൊണ്ടുപോയി. അവിടെ കൂജയിലിരുന്ന വെള്ളംമുഖത്ത് തളിച്ചു. കുറച്ച് കുടിക്കാന്‍ തന്നു. എന്നെ അവിടെ ഇരുത്തി. അപ്പോഴുണ്ട് ദേ ബെല്ല് മുഴങ്ങുന്നു. എനിക്ക് ആകെ ടെന്‍ഷന്‍. സ്റ്റാഫുകളല്ലാം ടിക്കറ്റ് കൊടുക്കാനും മറ്റുമായി
താഴേക്ക് പോയി. താവൂസിന്റെ മുതലാളി ശ്രീ. സി.റ്റി.രാജന്‍ മാത്രം അവിടെയുണ്ട്.

അദ്ദേഹം എന്നോട് ചോദിച്ചു,

' എന്നാപ്പിന്നെ വീട്ടില്‍ പോകുവല്ലേ ?
അതോ ആശുപത്രീല്‍ പോണോ ? '

'' വേണ്ട ' ഞാന്‍ പറഞ്ഞു.

' ഡ്രസ്സ് മൊത്തം ചളിയായല്ലോ ? എങ്കില്‍ വീട്ടില്‍ പൊയ്‌ക്കോ '
എന്ന് അദ്ദേഹം പറഞ്ഞ് തീരുംമുമ്പ്
ഞാന്‍ പറഞ്ഞു,

' ചളി കുഴപ്പമില്ല, വീട്ടില്‍ പോയാല്‍ കഴുകാം, സിനിമ ..... കണ്ടാല്‍ കൊള്ളാമെന്നുണ്ട് '

എന്നെയൊന്ന് നോക്കിയിട്ട്
അദ്ദേഹം ചോദിച്ചു,

' തന്റെ... അസ്വസ്ഥതയൊക്കെ മാറിയോ? '

' മാറി ' ഞാന്‍ പറഞ്ഞു.

'' പൈസയുണ്ടോ കയ്യില്‍ ? '

ഞാന്‍ പോക്കറ്റില്‍ നിന്ന് രണ്ട് രൂപ എടുത്ത് നീട്ടി. അന്ന് ലോ ക്ലാസ്സ് ടിക്കറ്റ് ഒന്നര രൂപയാണ്. അദ്ദേഹം ആ പൈസ വാങ്ങി കൗണ്ടറില്‍ പോയി ടിക്കറ്റും, ബാക്കിയും കൊണ്ട് തന്നു. അന്ന് താവൂസില്‍ പടം കണ്ട്, ഇന്റര്‍വെല്ലിന് ഒരു പരിപ്പുവടയും ചായയും പതിവാണ്. എല്ലാത്തിനും കൂടി അഞ്ച് രൂപ മതി. അവിടത്തെ ക്യാന്റീനിലെ പരിപ്പുവട പ്രശസ്തമാണ്. ഇന്നത്തെപ്പോലെ റെഡിമെയ്ഡ് സിസ്റ്റം അല്ല. ഞാന്‍ സന്തോഷത്തോടെ പോയി തീ പാറുന്ന ഡയലോഗുകള്‍ക്കിടയില്‍ നിറഞ്ഞ ഹര്‍ഷാരവത്തില്‍ സിനിമ കണ്ടു. മനസ്സു നിറഞ്ഞു.

ഐ.വി.ശശി അന്നേ എന്റെ പ്രിയ സംവിധായകനാണ്. അദ്ദേഹത്തിന്റെ ഒരു പടവും മുടങ്ങാറില്ല. അങ്ങനെ സിനിമ കഴിഞ്ഞ് പുറത്തിറങ്ങി. മാറ്റിനിക്കുള്ള ജനം പുറത്ത്. രാവിലത്തേതിന്റെ ഇരട്ടി. ഞാന്‍ നേരെ മുതലാളിയെപ്പോയി കണ്ടു. നന്ദി പറഞ്ഞു. അദ്ദേഹത്തിന് സന്തോഷമായി. ' ഇടയ്ക്ക് വാ ' എന്നു പറഞ്ഞു.

പിന്നെ ആ പരിചയം ഗുണമായി. താവൂസില്‍ ക്യൂ വേണ്ട. നേരേ ചെല്ലുക, ഓഫീസില്‍ കയറി മുതലാളിയെ കാണുക ടിക്കറ്റെടുക്കുക. അതായി പതിവ്. കാലം കടന്ന് പോയി. ലോ ക്ലാസ്സിലെ പതിവുകാരനായ ഞാന്‍ പതിയെ ബാല്‍ക്കണി കാഴ്ച്ചക്കാരനായി. സി.റ്റി.രാജന്‍ അപ്പോഴേക്കും നിര്‍മ്മാതാവായി. ജോഷി സാര്‍ സംവിധാനം ചെയ്ത മഹായാനം എന്ന ചിത്രം നിര്‍മ്മിച്ചു.

ഷാജി പട്ടിക്കര

മഹായാനം താവൂസില്‍ റിലീസ് ചെയ്തപ്പോള്‍ പതിവുപോലെ ഓഫീസില്‍ നിന്നാണ് എനിക്ക് ടിക്കറ്റ് തന്നത്. ഞാന്‍ പിന്നീട് സിനിമയില്‍ പ്രൊഡക്ഷന്‍ മാനേജരായി, പിന്നെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി. ആവനാഴിയുടെ സംവിധായകന്‍ ഐ.വി.ശശിയ്‌ക്കൊപ്പം മൂന്ന് സിനിമകള്‍ ചെയ്യാന്‍ എനിക്ക് ഭാഗ്യമുണ്ടായി. ഈ നാട് ഇന്നലെ വരെ, സിംഫണി, അനുവാദമില്ലാതെ എന്നീ സിനിമകള്‍. ഇതില്‍ അനുവാദമില്ലാതെ എന്ന സിനിമ റിലീസായിട്ടില്ല.

ഞാന്‍ വര്‍ക്ക് ചെയ്ത സിനിമകള്‍ പലതും താവൂസില്‍ റിലീസ് ചെയ്തു. അതില്‍ പലതും താവൂസില്‍ തന്നെ കാണുവാനും കഴിഞ്ഞു. അങ്ങനെ ലോ ക്ലാസ്സില്‍ ഒന്നര രൂപയ്ക്ക് തിക്കിത്തിരക്കി സിനിമകണ്ട എന്റെ പേരും അതേ തിയേറ്ററില്‍ ആ സ്‌ക്രീനില്‍ കാണുവാന്‍ എനിക്ക് ഭാഗ്യമുണ്ടായി. മൂന്ന് ദിവസം മാസങ്ങള്‍ക്ക് മുന്‍പ് ശ്രീ.സി.റ്റി.രാജനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അദ്ദേഹം ഇപ്പോള്‍ എറണാകുളത്തുണ്ട്. ഇന്നും മിക്കവാറും സിനിമകള്‍ റിലീസ് ദിവസം കാണാറുണ്ടെങ്കിലും. ആവനാഴി കാണാന്‍ താവൂസില്‍ പോയ ആ ദിവസം മങ്ങാത്ത ഓര്‍മ്മയായി മനസ്സില്‍ നില്‍ക്കുന്നു.


Content Highlights: aavanazhi movie I. V. Sasi T. Damodaran Mammootty geetha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented