ണ്ടാം പിണറായി സർക്കാരിൽ മന്ത്രിമാരായി പുതുമുഖങ്ങളെ ഉൾപ്പെടുത്താനുള്ള തീരുമാനത്തിൽ പ്രതികരണവുമായി സംവിധായകൻ ആഷിക് അബു. മന്ത്രിസ്ഥാനം എന്നത് പാർട്ടി വ്യക്തികളെ ഏൽപ്പിക്കുന്ന ഉത്തരവാദിത്തമാണെന്ന് സ്ഥാനമൊഴിയുന്നവരും ഏറ്റെടുക്കാനിരിക്കുന്നവരും ഒരുപോലെ പറഞ്ഞുകേട്ടതിൽ സന്തോഷം തോന്നിയെന്ന് ആഷിക് ഫെയ്സ്ബുക്കിൽ കുറിച്ചു.

മന്ത്രിസഭയിൽ നിന്ന് കെ.കെ. ഷെെലജയെ ഒഴിവാക്കിയതിൽ വലിയ പ്രതിഷേധമാണ് ജനങ്ങളുടെ ഇടയിൽ നിന്നും ഉയരുന്നത്. വിഷയത്തിൽ പ്രതിഷേധവുമായി നടിമാരായ റിമ കല്ലിങ്കൽ, ​ഗീതു മോഹൻ​ദാസ് എന്നിവരുൾപ്പടെയുള്ള താരങ്ങൾ രം​ഗത്തെത്തിയിരുന്നു.

ആഷിക് അബുവിൻറെ കുറിപ്പ്

മന്ത്രിസ്ഥാനമെന്നത് ഒരു രാഷ്ട്രീയ നയപരിപാടിയുടെ അടിസ്ഥാനത്തിൽ ഒരു ബഹുജനപാർട്ടി, ഒരു വ്യക്തിയെ ഏൽപ്പിക്കുന്ന ഉത്തരവാദിത്വമാണെന്ന് സ്ഥാനമൊഴിയുന്നവരും, ആ സ്ഥാനങ്ങളിലേക്ക് പകരം വരുന്നവരും ഒരുപോലെ ജനങ്ങളോട് പറയുന്ന കാഴ്ചയാണ് ഈ ദിവസങ്ങളിൽ കാണുന്നത്. സന്തോഷം തോന്നി. അഭിവാദ്യങ്ങൾ. തലമുറമാറ്റം എന്നത് പാർട്ടി എടുത്ത ധീരമായ, പുരോഗമനപരമായ തീരുമാനമാണ്.

"നവകേരളം" എന്ന പാർട്ടിയുടെ ദീർഘകാല പദ്ധതിക്ക് ചെറുതല്ലാത്ത വേഗം ഈ തീരുമാനംകൊണ്ട് കൈവരിക്കാൻ സാധിക്കും. കഴിഞ്ഞ സർക്കാരിനെ നയിച്ചവർ ഇനി പാർട്ടിയെ നയിക്കും. പുതിയ ടീമിന് കരുത്തേകുന്ന പാർട്ടിയുടെ സംവിധാനമായി ഇവരെല്ലാവരും ഇവിടെത്തന്നെയുണ്ടാകും. ജനങ്ങൾക്കിടയിൽ. ടീച്ചർക്കും മണിയാശാനും സഖാവ് ഐസക്കിനും സഖാവ് സുധാകരനും ഉൾപ്പെടെ കഴിഞ്ഞ മന്ത്രിസഭയിൽ പ്രവർത്തിച്ച എല്ലാ സഖാക്കൾക്കും അഭിവാദ്യങ്ങൾ. പി രാജീവിനും എം ബി രാജേഷിനും കെ എൻ ബാലഗോപാലിനും വീണ ജോർജിനും ഗോവിന്ദൻമാഷിനും മുഹമ്മദ് റിയാസിനും സജി ചെറിയാനും പ്രൊഫ ബിന്ദുവിനും ചിഞ്ചുറാണിക്കും മറ്റെല്ലാ പുതിയ മന്ത്രിമാർക്കും ആശംസകൾ. പുതിയ ടീമിനെ നയിക്കുന്ന സഖാവ് പിണറായി വിജയന് ആശംസകൾ, അഭിവാദ്യങ്ങൾ. വിയോജിപ്പുകളെ ഉൾക്കൊണ്ട് കൂടുതൽ കരുത്തോടെ മുന്നോട്ട് സഖാക്കളേ.

ലാൽസലാം
ആഷിഖ് അബു

Content Highlights : Aashiq Abu reaction on Second Pinarayi Government, Selection Of Ministers, new comers