ലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജിനെതിരേ സിനിമാരംഗത്ത് നിന്നും ശക്തമായ പ്രതിഷേധം ഉയരുകയാണ്.

ജോര്‍ജിനെതിരേ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധ മാര്‍ച്ചിനെ പിന്തുണച്ച് രംഗത്തെത്തിയ സംവിധായകന്‍ ആഷിക് അബുവിനെതിരേ ഫെയ്‌സ്ബുക്കില്‍ കമന്റുകളായി വിമര്‍ശനം കൊഴുക്കുകയാണ്‌. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, മഹിളാ അസോസിയേഷന്‍ എന്നിവര്‍ നടത്തുന്ന മാര്‍ച്ചിനെ പിന്തുണച്ച് ആഷിക് അബു ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിനെതിരേയാണ് കടുത്ത പ്രതിഷേധം.

ലൈംഗികപീഡനാരോപണം നേരിടുന്ന പി.കെ.ശശി എം.എല്‍.എ.യ്‌ക്കെതിരേ നടപടി എടുത്തതിന് ശേഷം മതി ജോര്‍ജിന്റെ അറസ്റ്റ് എന്നാണ് ഇടതുപക്ഷ അനുഭാവിയായ ആഷിക് അബുവിനോട് കമന്റ് ബോക്‌സില്‍ പലരും പറയുന്നത്. ബിഷപ്പിനെയാണോ അത് ജോര്‍ജിനേയാണോ പെട്ടന്ന് അറസ്റ്റ് ചെയ്യേണ്ടതെന്നും ചോദ്യങ്ങള്‍ ഉയരുന്നു. 

ഡിവൈഎഫ്‌ഐക്കാരിയായ പെണ്‍കുട്ടി ഉപദ്രവിച്ച എംഎല്‍എയുടെ കാര്യത്തില്‍ എന്താണ് പ്രതികരണമെന്നും, അവിടേക്ക് മാര്‍ച്ച് സംഘടിപ്പിക്കേണ്ടേ എന്നും, ഈ ഇരട്ടത്താപ്പ് എന്തേ എന്നും കമന്റുകളുണ്ട്‌.

ജോര്‍ജിനെതിരേ ബോളിവുഡ് താരങ്ങളടക്കം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇരയെ ഭയപ്പെടുത്താനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്നും വിഷയത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടണമെന്നും രവീണ ടണ്ടന്‍ അഭിപ്രായപ്പെട്ടു. മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും ധ്രുവീകരണം സമൂഹത്തെ മലിനമാക്കുന്നതായും ഇത് ഛര്‍ദിക്കാന്‍ ഇട വരുത്തുന്നുവെന്നും നടി സ്വര ഭാസ്‌കര്‍ ട്വീറ്റ് ചെയ്തു.