വൈറസ് ജൂണ്‍ 7 ന് തന്നെ പ്രദര്‍ശനത്തിന് എത്തുമെന്ന് സംവിധായകന്‍ ആഷിക് അബു. സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തെ തുടര്‍ന്ന് റിലീസ് മാറ്റണമെന്ന ആവശ്യവുമായി ചിലര്‍ സാമൂഹിക മാധ്യമങ്ങളില്‍ രംഗത്ത് വന്നിരുന്നു. 2018 ലെ കേരളത്തിന്റെ നിപ അതിജീവനത്തിന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. 

കഴിഞ്ഞ വര്‍ഷം നിപ ഭീതി വിതിച്ചപ്പോള്‍ നമ്മള്‍ അജ്ഞരും അസന്നദ്ധരുമായിരുന്നുവെന്നും എന്നാല്‍ ഇന്ന് സ്ഥിതിമാറിയെന്നും ആഷിക് അബു പറയുന്നു. അതുകൊണ്ടു തന്നെ ചിത്രം തീരുമാനിച്ച ദിവസം തന്നെ റിലീസ് ചെയ്യുമെന്ന് ആഷിക് അബു വ്യക്തമാക്കി

ആഷിക് അബുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

കേരളത്തില്‍ നിപ വൈറസ് വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെങ്കിലും നമുക്കെല്ലാവര്‍ക്കും ആത്മവിശ്വാസം നല്‍കുന്ന വിധം വിദഗ്ധവും ശാസ്ത്രീയവുമായ നടപടികള്‍ ആണ് അധികാര കേന്ദ്രങ്ങള്‍ കൈ കൊള്ളുന്നത് എന്നത് ഏറെ ആശ്വാസകരമാണ്. കഴിഞ്ഞ വര്‍ഷത്തെതിനേക്കാള്‍ നിര്‍ഭയരായി മനസ്സാന്നിധ്യത്തോടെ ഈ സാഹചര്യത്തോട് പ്രതികരിക്കാന്‍ നമ്മള്‍ പൊതുജനത്തിന് സാധിക്കുന്നത് പരിചയസമ്പത്തുള്ള, കഴിവുറ്റ ഒരു ആരോഗ്യ വകുപ്പും വൈദ്യശാസ്ത്ര വിദഗ്ദരും നമുക്ക് ഉണ്ട് എന്ന ഉറപ്പിനാല്‍ തന്നെയാണ്. ഈ അവസരത്തില്‍ അവരോടുള്ള നന്ദിയും ആദരവും അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം നിപ ഭീതി വിതിച്ചപ്പോള്‍ നമ്മള്‍ അജ്ഞരും അസന്നദ്ധരുമായിരുന്നു. പക്ഷെ, നമ്മള്‍ കരുത്തോടെ, ആത്മവിശ്വാസത്തോടെ നിപയെ കുറിച്ച് കൂടുതല്‍ അറിഞ്ഞു, കൂടുതല്‍ സന്നാഹങ്ങള്‍ കരസ്ഥമാക്കി, അതിനെ നേരിട്ടു. ഇപ്പോള്‍ നിപയെ കുറിച്ചുള്ള വൈദ്യശാസ്ത്ര പാഠപുസ്തകത്തില്‍ ഒരു അധ്യായമാണ് ആ പോരാട്ടം. വൈറസ് എന്ന സിനിമ ഈ പരിണാമത്തിന്റെ ചലചിത്രാവിഷ്‌കാരമാണ്.

വൈറസ് ഒരു സര്‍വൈവല്‍ ത്രില്ലറാണ്. ഒരിക്കല്‍ നമ്മള്‍ അതിജീവിച്ചു. ഇനിയും നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും. ജൂണ്‍ ഏഴ് മുതല്‍ തീയേറ്ററുകളില്‍.

Content Highlights: aashiq abu on virus movie release, june, 7 nipah virus, outbreak in kerala, parvathy, rima kallingal, revathy, Tovino Thomas, Aasif ali, Rahman, Ramya nambeesan, soubin shahir