ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെയുള്ള ശക്തമായ പോരാട്ടത്തിന്റെ പേരില്‍ കേരളചരിത്രത്തില്‍ സ്ഥാനം പിടിച്ച സംഭവമാണ് 1921ലെ മലബാര്‍ വിപ്ലവം. വിപ്ലവത്തിനു നേതൃത്വം നല്‍കിയ ഏറനാട്, വള്ളുവനാട് പ്രദേശങ്ങളിലെ ധീരനായകനായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. അക്കാലത്ത് ബ്രിട്ടീഷുകാര്‍ അവരുടെ പ്രധാനശത്രുവായി കണ്ടത് ഹാജിയെയായിരുന്നു. 

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ സിനിമയാക്കുകയാണ് ആഷിക് അബു. മലബാര്‍ വിപ്ലവത്തിന്റെ നൂറാം വര്‍ഷമായ 2021ല്‍ ഷൂട്ടിങ് ആരംഭിക്കുമെന്ന് ആഷിക് അബു ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. ഹാജിയാകുന്നത് പൃഥ്വിരാജ് ആണ്.

ആഷിക് അബുവിന്റെ കുറിപ്പ്

ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് 'മലയാളരാജ്യം' എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാര്‍ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാര്‍ഷികത്തില്‍ (2021) ചിത്രീകരണം ആരംഭിക്കുന്നു.

സിക്കന്ദര്‍, മൊയ്തീന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഹര്‍ഷദ്, റമീസ് എന്നിവരുടേതാണ് തിരക്കഥ. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കും. കോംപസ് മൂവീസും ഒ പി എം സിനിമാസും ചിത്രത്തില്‍ സഹകരിക്കും.

Content Highlights : aashiq abu new movie malabar revolution variyan kunnathu kunjahammed haji prithviraj sukumaran